'ദയവായി കാത്തിരിക്കൂ, 2 ദിവസത്തിനുള്ളിൽ നമുക്ക് സംസാരിക്കാം';BJPവിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ അണ്ണാമലൈ

അണ്ണാമലൈ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു

'ദയവായി കാത്തിരിക്കൂ, 2 ദിവസത്തിനുള്ളിൽ നമുക്ക് സംസാരിക്കാം';BJPവിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ അണ്ണാമലൈ
dot image

ചെന്നൈ: ബിജെപി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മാധ്യമങ്ങളോട് പ്രതികരിച്ച് ബിജെപി തമിഴ്‌നാട് മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ. ദയവായി കാത്തിരിക്കൂ, രണ്ട് ദിവസത്തിനുള്ളില്‍ നമുക്ക് ഇരുന്ന് സംസാരിക്കാം എന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. ബിജെപി നേതാവ് നിതിന്‍ നബീനുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയിലേക്ക് പോകുന്നതിന് മുമ്പായിരുന്നു അണ്ണാമലൈയുടെ പ്രതികരണം.

അണ്ണാമലൈ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും സൂചനകളുണ്ട്. ജന്മദിനമായ ജൂണ്‍ നാലിന് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കോയമ്പത്തൂര്‍ ജില്ലയില്‍ അണ്ണാമലൈയുടെ ചിത്രം പതിച്ച പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയായി. 'ഭയമില്ലാത്ത മനസുകള്‍ക്ക് അതിരുകളില്ല' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അണ്ണാമലൈ ആരാധകരുടെ സംഘടനയായ അണ്ണാമലൈ അന്‍മ്പ് കൂട്ടത്തിലേക്ക് പുതിയ അംഗങ്ങളെയും ഓഫീസ് ജീവനക്കാരെയും ഉള്‍പ്പെടുത്താന്‍ ആരംഭിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇതുവരെ രണ്ട് സംസ്ഥാന കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ നിന്നും അണ്ണാമലൈ വിട്ടുനിന്നിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയും ചെയ്തു.

2020ലാണ് സിവില്‍ സര്‍വീസ് വിട്ട് അണ്ണാമലൈ ബിജെപിയില്‍ ചേര്‍ന്നത്. 2021 മുതല്‍ 2025 വരെ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനായിരുന്നു അണ്ണാമലൈ. എന്നാല്‍ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ആവശ്യപ്പെട്ട കൊയമ്പത്തൂര്‍ മണ്ഡലം അദ്ദേഹത്തിന് മത്സരിക്കാന്‍ ബിജെപി നല്‍കാത്തതും കേന്ദ്രത്തിന്റെ ത്രിഭാഷാ നയത്തെ അദ്ദേഹം പരസ്യമായി വിമര്‍ശിച്ചതും പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതകളിലേക്ക് നയിച്ചെന്ന വിലയിരുത്തലുകളുണ്ട്.

Content Highlights: Former Tamil Nadu BJP president Annamalai responds to media amid rumours of leaving BJP

dot image
To advertise here,contact us
dot image