അണ്ണാമലൈ ബിജെപി വിടുന്നു? പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹം

ബിജെപി നേതാക്കൾ ദേശീയ അധ്യക്ഷൻ നിതിൻ നബിനെ സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ട്

അണ്ണാമലൈ ബിജെപി വിടുന്നു? പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹം
dot image

ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി വിടുമെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച ഡൽഹിയിലെത്തി അദ്ദേഹം ബിജെപി നേതാക്കളെ കാണും. സംസ്ഥാനത്ത് പുതിയ ജനകീയ മുന്നേറ്റത്തിന് തുടക്കമിടാനൊരുങ്ങുകയാണ് അദ്ദേഹമെന്നാണ് വിവരം. ജന്മദിനമായ ജൂൺ നാലിന് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും. ദീർഘകാലമായി ബിജെപി നേതൃത്വവുമായി അകൽച്ചയിലാണ് അദ്ദേഹം.

അതേസമയം കോയമ്പത്തൂർ ജില്ലയിൽ അണ്ണാമലൈയുടെ ചിത്രം പതിച്ച പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് വലിയ ചർച്ചയായി. 'ഭയമില്ലാത്ത മനസുകൾക്ക് അതിരുകളില്ല' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ അണ്ണാമലൈ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹവും ഉയർന്നിരിക്കുകയാണ്. ബിജെപിയുടെ കേന്ദ്ര കമ്മിറ്റിയോഗം കോയമ്പത്തൂരിൽ പുരോഗമിക്കുകയാണ്. എന്നാൽ അണ്ണാമലൈ വിദേശത്താണെന്നാണ് വിവരം.

അണ്ണാമലൈ ആരാധകരുടെ സംഘടനയായ അണ്ണാമലൈ അൻമ്പ് കൂട്ടത്തിലേക്ക് പുതിയ അംഗങ്ങളെയും ഓഫീസ് ജീവനക്കാരെയും ഉൾപ്പെടുത്താൻ ആരംഭിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ഇതുവരെ രണ്ട് സംസ്ഥാന കേന്ദ്ര കമ്മിറ്റി യോഗങ്ങളിൽ നിന്നും അണ്ണാമലൈ വിട്ടുനിന്നിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ച് ചോദ്യങ്ങൾ ഉയരുകയും ചെയ്തു.

ഇതിനിടെ പുതിയൊരു രാഷ്ട്രീയ പാർട്ടി കൂടി വരാൻ പോകുന്നുവെന്നും രാഷ്ട്രീയ അസ്ഥിരതയുടെ ആക്കം കൂടിവരികയാണെന്നും കാർത്തി ചിദംബരം എക്‌സിൽ കുറിച്ചത് അഭ്യൂഹങ്ങൾക്ക് ശക്തി കൂട്ടി. ഈ സാഹചര്യത്തിൽ ബിജെപി നേതാക്കൾ ദേശീയ അധ്യക്ഷൻ നിതിൻ നബിനെ സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ത്രിഭാഷ നയത്തിനെതിരെ അണ്ണാമലൈ അഭിപ്രായവ്യത്യാസം തുറന്നുപറഞ്ഞിരുന്നു. ഈ അധ്യയന വർഷം ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് മേൽ ത്രിഭാഷ നയം അടിച്ചേൽപ്പിക്കുന്നത് പിൻവലിക്കണമെന്ന മുൻകാല തീരുമാനം പോലെ 2029-30 അധ്യയന വർഷത്തിൽ നടപ്പാക്കുന്നതാണ് ഉചിതമെന്നുമായിരുന്നു അണ്ണാമലൈ പറഞ്ഞത്.

Content Highlights: Rumours have emerged suggesting that Annamalai may leave the BJP and announce a new political party. However, there has been no official confirmation regarding such a move.

dot image
To advertise here,contact us
dot image