കർണാടകയിൽ അമിതവേഗത്തിലെത്തിയ ഥാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി; 6 കർഷകർക്ക് ദാരുണാന്ത്യം

നാല് പേര്‍ക്ക് പരിക്കേറ്റു

കർണാടകയിൽ അമിതവേഗത്തിലെത്തിയ ഥാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി; 6 കർഷകർക്ക് ദാരുണാന്ത്യം
dot image

ബെംഗളൂരു: കര്‍ണാടകയിലെ ചിക്കബെല്ലാപൂര്‍ ജില്ലയില്‍ അമിതവേഗതയില്‍ വന്ന മഹീന്ദ്ര ഥാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി ആറ് പേര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. നാല് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ ബി കെ അഞ്ജിനപ്പ (35), എന്‍ ഉമാദേവി (55), ബി ആര്‍ വിജയ (40), കെ എന്‍ ലക്ഷ്മമ്മ (50), ആര്‍ സരോജമ്മ (65) ബി എസ് അരുണമ്മ (48) എന്നിവരാണ് മരിച്ചത്.

ഓട്ടോറിക്ഷയില്‍ കര്‍ഷകത്തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അതിവേഗതയില്‍ വന്ന മഹീന്ദ്ര ഥാര്‍ പിന്നില്‍ നിന്ന് ഇടിച്ചതായാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ ഓട്ടോറിക്ഷ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചു. ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു.

പ്രാഥമിക അന്വേഷണത്തില്‍ മഹീന്ദ്ര ഥാര്‍ അമിത വേഗതയിലായിരുന്നുവെന്ന് വ്യക്തമാണെന്ന് ചിക്കബെല്ലാപുര എസ്പി കുശാല്‍ ചൗക്സെ പറഞ്ഞു. പരിക്കേറ്റവര്‍ ബാഗേപള്ളി താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിശദമായ അന്വേഷണം നടക്കുന്നുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. മരിച്ചവര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കര്‍ഷക തൊഴിലാളികളായിരുന്നുവെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

പരിക്കേറ്റ ആര്‍ ഗംഗാദേവി, എന്‍ ബി ലക്ഷ്മിദേവി, ബി കെ രത്‌നമ്മ (40 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍) എന്നിവരെ ബാഗേപള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവരുടെ നില ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. ഥാര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റതായും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ബാഗേപള്ളി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും എസ്പി പറഞ്ഞു.

Content Highlights:6 killed in Karnataka's Chikkaballapur as Thar rams into auto from behind

dot image
To advertise here,contact us
dot image