നവീൻ ബാബുവിന്‍റെ മരണത്തിൽ പുനരന്വേഷണം; അനുബന്ധ കുറ്റപത്രത്തിന്റെ പകർപ്പ് റിപ്പോർട്ടറിന്

അനുബന്ധ കുറ്റപത്രം കോടതി ഇന്ന് പരിഗണിക്കും

നവീൻ ബാബുവിന്‍റെ മരണത്തിൽ പുനരന്വേഷണം; അനുബന്ധ കുറ്റപത്രത്തിന്റെ പകർപ്പ് റിപ്പോർട്ടറിന്
dot image

തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിലെ പുനരന്വേഷണത്തിലെ അനുബന്ധ കുറ്റപത്രത്തിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. പെട്രോൾ പമ്പ് ഉടമ ടി വി പ്രശാന്തൻ്റെ ബാങ്ക് വിവരങ്ങൾ അനുബന്ധ കുറ്റപത്രത്തിൽ ഉണ്ട്. നവീൻ ബാബുവിന്റെ ഔദ്യോഗിക വസതിക്ക് സമീപത്തെ സിസിടിവിയുടെ മുഴുവൻ ദൃശ്യങ്ങളും അന്വേഷണ സംഘം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനുബന്ധ കുറ്റപത്രം കോടതി ഇന്ന് പരിഗണിക്കും.

അതേസമയം കുടുംബത്തിന്റെ നാല് ആവശ്യങ്ങളിലാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കേസിലെ പ്രതി പി പി ദിവ്യയുടെ 1.01.2024 മുതൽ 11.15.2024 വരെയുള്ള രണ്ട് ഫോണുകളുടെയും സിഡിആർ ശേഖരിക്കണമെന്നായിരുന്നു കോടതി നിർദേശം. എന്നാൽ പൊലീസ് ശേഖരിച്ചത് 2024 മാർച്ച് ഒന്ന് മുതലുള്ള സിഡിആർ ആണ്. മുഴുവൻ സിഡിആർ വേണമെന്ന് കോടതി വീണ്ടും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശാന്തൻ ഗോൾഡ് ലോൺ എടുത്താണ് നവീൻ ബാബുവിന് കൈക്കൂലിയായി പണം നൽകിയതെന്ന ആരോപണത്തിൽ അക്കൗണ്ട് വിവരങ്ങൾ സംബന്ധിച്ചും നവീൻ ബാബുവിന്റെ ക്വാട്ടേഴ്‌സിൽ പ്രശാന്തൻ എത്തി എന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളിലും അന്വേഷണം വേണമെന്നും വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻസ് ബ്യൂറോ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചിരുന്നു.

എന്നാൽ ടി വി പ്രശാന്ത് പരാതി നൽകാൻ എത്തിയ വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥരുടെ മൊഴിയും കൊയ്യം സർവീസ് സഹകരണ ബാങ്കിൽ നിന്നും സ്വർണ്ണാഭരണങ്ങൾ പണയം വെച്ചതിന്റെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. നവീൻ ബാബുവിന്‍റെ അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്‌നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർത്തിയായിരുന്നു കുടുംബത്തിന്റെ ഹർജി. ഇതിന് പിന്നാലെയാണ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

2024 ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിന് യാത്രയയപ്പ് നൽകുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എത്തുകയും കളക്ടർ അരുൺ കെ വിജയന്റെ സാന്നിധ്യത്തിൽ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് നവീൻ ബാബു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.

Content Highlight : Naveen Babu Death Case: Copy of Supplementary Charge Sheet in Reinvestigation Accessed by Reporter

dot image
To advertise here,contact us
dot image