ജാതി സർവേ പ്രതിസന്ധിയാകുമോ?, ഡി കെയ്ക്കും രാഹുൽ ഗാന്ധിക്കും സിദ്ധരാമയ്യ സമ്മാനിച്ച ഇരുതല മൂർച്ചയുള്ള വാൾ!

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സർവേ നടത്താൻ പ്രേരിപ്പിച്ചത് രാഹുൽ ഗാന്ധിയാണ്

ജാതി സർവേ പ്രതിസന്ധിയാകുമോ?, ഡി കെയ്ക്കും രാഹുൽ ഗാന്ധിക്കും സിദ്ധരാമയ്യ സമ്മാനിച്ച ഇരുതല മൂർച്ചയുള്ള വാൾ!
dot image

രാജിവെച്ച് പടിയിറങ്ങുന്നതിന് മുമ്പ് പിന്നോക്ക വിഭാഗ കമ്മീഷന്റെ സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സർവേ റിപ്പോർട്ടിന് ഔദ്യോ​ഗികമായി അം​ഗീകാരം നൽകിയ സിദ്ധരാമയ്യയുടെ നിലപാട് ചർച്ചയാകുന്നു. ബുധാനാഴ്ചയാണ് ജാതി സർവേയ്ക്ക് സിദ്ധരാമയ്യ ഔദ്യോ​ഗികമായ അം​ഗീകാരം നൽകിയത്. കർണാടകയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തിയേക്കാവുന്ന ഒന്നാണ് നിലവിൽ സിദ്ധരാമയ്യ അം​ഗീകരിച്ചിരിക്കുന്ന ജാതി സർവേ. അതിനാൽ തന്നെ അധികാരം വിട്ടൊഴിയുന്നതിന് തൊട്ട് മുൻപായി സിദ്ധരാമയ്യ ഇതിന് അം​ഗീകാരം നൽകിയത് യാദൃശ്ചികമല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2015ൽ അധികാരത്തിലിരിക്കെയാണ് എച്ച് കാന്തരാജിന്റെ നേതൃത്വത്തിൽ ആദ്യത്തെ ജാതി സർവേയ്ക്ക് സിദ്ധരാമയ്യ കമ്മീഷനെ വെയ്ക്കുന്നത്. 2017 ഓടെ അത് പൂർത്തിയായി. എന്നാൽ ലിം​ഗായത്ത്, വൊക്കലി​ഗ തുടങ്ങിയ പ്രബല സമുദായങ്ങളുടെ എതിർപ്പും യഥാർത്ഥ രേഖകളും ഒപ്പിടാത്ത രേഖകളും കാണാതായതുപോലുള്ള സാങ്കേതിക പ്രശ്നങ്ങളും കാരണം അത് നടപ്പിലായിരുന്നില്ല. സർവേയുടെ കണ്ടെത്തലുകൾ തിരിച്ചടിയാകുമെന്ന ഭയത്താൽ ജെഡി(എസ്)-കോൺഗ്രസ്, ബിജെപി സർക്കാരുകൾ ഉൾപ്പെടെ പിന്നീട് അധികാരത്തിൽ വന്ന സർക്കാരുകൾ ജാതി സർവേയുടെ റിപ്പോർട്ട് മേശപ്പുറത്ത് വയ്ക്കാൻ തയ്യാറായില്ല. എന്നാൽ 2022ൽ അധികാരത്തിൽ മടങ്ങിയെത്തിയ സിദ്ധരാമയ്യ ഈ റിപ്പോർട്ട് പൊടി തട്ടിയെടുക്കാൻ ശ്രമം നടത്തി. എന്നാൽ നിലവിലെ റിപ്പോർട്ട് കാലഹരണപ്പെട്ടെന്ന് വിവിധ വിഭാ​ഗങ്ങളിൽ നിന്നുയർന്ന മുന്നറിയിപ്പുകൾ പരി​ഗണിച്ച് പുതിയ ജാതി സർവേയ്ക്ക് സിദ്ധരാമയ്യ ഉത്തരവിടുകയായിരുന്നു. കർണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ കെ മധുസൂദനൻ നായക് സമർപ്പിച്ച ഏറ്റവും പുതിയ ജാതി സർവേ റിപ്പോർട്ടിനാണ് ഒടുവിൽ സിദ്ധരാമയ്യ അംഗീകാരം നൽകിയിരിക്കുന്നത്.

സിദ്ധരാമയ്യയുടെ അഹിന്ദ രാഷ്ട്രീയത്തിന് ശക്തമായ അടിത്തറയായി ജാതി സർവേ മാറിയേക്കാം എന്ന് വിലയിരുത്തലുകളുണ്ട്. എന്നാൽ ഡി കെ ശിവകുമാറിനെ സംബന്ധിച്ച് മുഖ്യമന്ത്രിയെന്ന നിലയിൽ ഈ റിപ്പോർട്ട് പ്രതിസന്ധിയായി മാറയിയേക്കാമെന്നും കണക്കാക്കപ്പെടുന്നുണ്ട്. 2025ൽ നടത്തിയ പുതുക്കിയ ജാതി സർവേയിൽ ഏകദേശം 5.9 കോടി ആളുകൾ ഉൾപ്പെട്ടിരിക്കാമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് തന്നെ മറ്റൊരു ഇന്ത്യൻ സംസ്ഥാനവും നടത്താത്ത ഏറ്റവും ബൃഹത്തായ ജാതി സെൻസസാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതിനാൽ തന്നെ കർണാടകയിലെ ഏറ്റവും സുക്ഷ്മമായ ജാതി അധികാര ഘടനയെ ഈ റിപ്പോർട്ട് നേരിട്ട് ബാധിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവിൽ സിദ്ധരാമയ്യ അം​ഗീകരിച്ച ജാതി സെൻസസിൻ്റെ ഔദ്യോ​ഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ കർണാകടയിലെ ആകെ ജനസംഖ്യയിൽ 69.6 ശതമാനം പിന്നാക്ക വിഭാ​ഗങ്ങളും ഒബിസി വിഭാ​ഗങ്ങളുമാണെന്ന് മുൻ സർവേയിലെ കണ്ടെത്തലുകളെ അനുമാനിച്ച് കണക്കാക്കപ്പെടുന്നുണ്ട്. മുസ്‌ലിം വിഭാ​ഗം 14 ശതമാനമാണെന്നുമാണ് കണക്കാക്കുന്നത്. എന്നാൽ കർണാടക രാഷ്ട്രീയത്തിൽ കാലങ്ങളായി സ്വാധീനം ചെലുത്തുന്ന ലിം​ഗായത്ത്, വൊക്കലി​ഗ വിഭാ​ഗങ്ങളുടെ പ്രാതിനിധ്യം യഥാക്രമം 11 ശതമാനവും 10-12 ശതമാനവും ആണെന്നാണ് കണക്കുകൾ. ഈ കണക്ക് ഈ വിഭാ​ഗങ്ങളുടെ രാഷ്ട്രീയത്തിൽ ഉള്ള പ്രബലമായ സ്വാധീനത്തിൽ ഇടിവുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ കണക്കുകൾ ഈ വിഭാ​ഗങ്ങൾക്ക് ഉണ്ടെന്ന് കരുതപ്പെടുന്ന ശക്തിയെ കുറച്ച് കാണിക്കുന്നതാണ്.

ഈ റിപ്പോർട്ടിൽ ഉണ്ടെന്ന് വിലയിരുത്തപ്പെടുന്ന അഹിന്ദ ​വിഭാ​ഗത്തിൻ്റെ മുൻതൂക്കമാണ് സിദ്ധരാമയ്യയെ സംബന്ധിച്ച് ഈ റിപ്പോർട്ട് രാഷ്ട്രീയ നേട്ടമാകുമെന്ന് വലിയിരുത്തപ്പെടുന്നതിനുള്ള കാരണം. ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ദളിതരുടെയും സഖ്യമാണ് അഹിന്ദ. നിലവിൽ അ​ഹിന്ദ വിഭാ​ഗത്തിന് അവകാശങ്ങൾ ചോദിച്ച് വാങ്ങാനുള്ള അം​ഗസംഖ്യയുണ്ടെന്ന് കൂടി വ്യക്തമാകുന്നതാണ് പുതിയ ജാതി സർവേ. സംവരണം, ക്ഷേമ വിഹിതം, രാഷ്ട്രീയ പ്രാതിനിധ്യം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ പുതിയ പരിഷ്കരണം ആവശ്യപ്പെട്ടുള്ള നീക്കങ്ങൾക്കുള്ള സാധ്യത കൂടിയാണ് പുതിയ ജാതി സർവേ അവശേഷിപ്പിക്കുന്നത്.

അതിനാൽ തന്നെ പുതിയതായി അധികാരത്തിലെത്തുന്ന ഡി കെ ശിവകുമാറിന് ഇത്തരം സാമുദായിക വിഷയങ്ങളെ, തുടർന്ന് അഭിമുഖീകരിക്കേണ്ടി വരുമെന്ന് തീർച്ചയാണ്. ഡി കെ ശിവകുമാർ കോൺ​ഗ്രസിൻ്റെ വൊക്കലി​ഗ സമുദായത്തിൽ നിന്നുള്ള പ്രമുഖ നേതാവായാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ തന്നെ നിലവിൽ സിദ്ധരാമയ്യ അം​ഗീകരിച്ചിരിക്കുന്ന ജാതി സെൻസസുമായി ബന്ധപ്പെട്ട് ഒരു തീരുമാനം എടുക്കുകയെന്നത് ഡി കെ ശിവകുമാറിനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാകുമെന്ന് തീർച്ചയാണ്. വൊക്കലി​ഗ, ലിം​ഗായത്ത് വിഭാ​ഗങ്ങൾ എടുക്കുന്ന നിലപാടുകളെ അവ​ഗണിച്ച് മുന്നോട്ട് പോകാൻ ഡി കെ ശിവകുമാറിന് സാധിക്കില്ല. കോൺ​ഗ്രസിൻ്റെ രാഷ്ട്രീയ അടിത്തറയിൽ നിർണ്ണായകമായ സിദ്ധാരാമയ്യയുടെ അഹിന്ദ വിഭാ​ഗത്തെ എതിർപക്ഷത്താക്കി മുന്നോട്ടു പോകാനും നിലവിലെ സാഹചര്യത്തിൽ ഡി കെ ശിവകുമാറിന് സാധിക്കില്ല. യഥാർത്ഥത്തിൽ ആക്ടീവായ ഒരു രാഷ്ട്രീയ മൈൻ കർണാടകയുടെ രാഷ്ട്രീയ പരിസരത്ത് പാകിയിട്ടാണ് സിദ്ധരാമയ്യയുടെ പടിയിറക്കം. മുഖ്യമന്ത്രി കസേര ഒഴിഞ്ഞാലും കർണാകയിലെ കോൺ​ഗ്രസ് നേതൃത്വത്തിന് തൻ്റെ അഹിന്ദ രാഷ്ട്രീയത്തെ അവ​ഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന മുന്നറിയിപ്പ് കൂടിയാണ് ജാതി സർവേ അം​ഗീകരിക്കുന്നതിലൂടെ സിദ്ധരാമയ്യ നൽകിയിരിക്കുന്നത്.

നിലവിൽ സിദ്ധാമയ്യ അം​ഗീകരിച്ച ജാതി സർവേയിൽ തുടർ നടപടികൾ സ്വീകരിക്കുക എന്നത് കർണാടകയിലെ കോൺ​ഗ്രസ് സർക്കാരിൻ്റെ വിശ്വാസ്യതയെ മാത്രമല്ല രാഹുൽ ​ഗാന്ധിയെയും ബാധിക്കുന്ന വിഷയമാണ്. ദേശീയ തലത്തിൽ രാഹുൽ ​ഗാന്ധിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിഷയമായി കർണാടക സർക്കാർ അം​ഗീകരിച്ച ജാതി സർവേ മാറിയേക്കാം. ജാതി സർവേയുമായി ബന്ധപ്പെട്ട വിഷയം ദേശീയ തലത്തിൽ തന്നെ ഒരു രാഷ്ട്രീയ വിഷയമായി ഉയർത്തിക്കൊണ്ട് വന്ന നേതാവാണ് രാഹുൽ ​ഗാന്ധി. ജാതി സെൻസസിനെ "സമൂഹത്തിന്റെ എക്സ്-റേ" എന്നായിരുന്ന രാഹുൽ ​ഗാന്ധി വിശേഷിപ്പിച്ചത്. സാമൂഹിക നീതി, ന്യായമായ പ്രാതിനിധ്യം, ഒബിസി, ദളിതർ, ന്യൂനപക്ഷങ്ങൾ എന്നിവർക്ക് അ‍ർഹതയുടെ അടിസ്ഥാനത്തിലുള്ള ക്ഷേമ നയങ്ങൾ രൂപീകരിക്കാൻ കൃത്യമായ ജാതി ഡാറ്റ അനിവാര്യമാണെന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ വാദം. അതിനാൽ തന്നെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സർവേ നടത്താൻ പ്രേരിപ്പിച്ചത് രാഹുൽ ഗാന്ധിയാണ്.

കർണാടകയിൽ ഇതുവരെ ലിംഗായത്തുകളുടെയും വൊക്കലിഗകളുടെയും സമ്മർദ്ദം കാരണമാണ് കോൺ​ഗ്രസ് ജാതി സർവേയുടെ വിവരങ്ങൾ പുറത്തുവിടാൻ ഇതുവരെ വൈകിയത്. എന്നാൽ സിദ്ധരാമയ്യ ജാതി സർവേ അം​ഗീകരിച്ചതോടെ ഈ വിഷയത്തിൽ കർണാടക സർക്കാർ സ്വീകരിക്കുന്ന തുടർനടപടി രാഹുൽ ​ഗാന്ധിയുടെ വിശ്വാസ്യതയെ സംബന്ധിച്ചും നിർണ്ണായകമാണ്. ദേശീയ തലത്തിൽ ജാതി സെൻസസുമായി ബന്ധപ്പെട്ട് സംസാരിക്കാനുള്ള രാഹുൽ ​ഗാന്ധിയുടെ അർഹതയെ കർണാടക ചൂണ്ടിക്കാണിച്ച് ഇനി ബിജെപി ആക്രമിക്കുമെന്ന് തീർച്ചയാണ്.

Content Highlights: Siddaramaiah accepts the controversial Karnataka caste survey report just before stepping down as CM. Is this a strategic masterstroke or a political time bomb for Rahul Gandhi’s caste census agenda and incoming CM DK Shivakumar? Analysis of the brewing crisis in Karnataka Congress

dot image
To advertise here,contact us
dot image