

ബലിപെരുന്നാൾ അവധിക്കാലത്തെ റെക്കോർഡ് തിരക്കിലും യാത്രാനടപടികൾ സുഗമമാക്കി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ വിവിധ ടെർമിനലുകളിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പെരുന്നാൾ ദിനത്തിൽ ദുബായ് ജിഡിആർഎഫ്എ മേധാവിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം വിമാനത്താവളത്തിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.
ഈദ് അൽ അദ്ഹ അവധിക്കാലം പ്രമാണിച്ച് വൻ ജനത്തിരക്കാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനുഭവപ്പെടുന്നത്. എന്നാൽ ഈ തിരക്കിലും യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത രീതിയിൽ എമിഗ്രേഷൻ, സുരക്ഷാ നടപടികൾ സുഗമമായി പുരോഗമിക്കുകയാണ്. പെരുന്നാൾ ആദ്യദിനത്തിൽ ജിഡിആർഎഫ്എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം വിമാനത്താവളത്തിൽ നേരിട്ടെത്തി പരിശോധന നടത്തി.
ടെർമിനൽ ഒന്ന്, രണ്ട്, മൂന്ന് എന്നിവിടങ്ങളിലെ അറൈവൽ, ഡിപ്പാർച്ചർ ഹാളുകളിലെത്തിയ സംഘം ട്രാഫിക് നിയന്ത്രണങ്ങളും യാത്രക്കാരുടെ നീക്കവും വിലയിരുത്തി. ജിഡിആർഎഫ്എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബായ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരായ മേജർ ജനറൽ മർവാൻ ജുൽഫാർ, ബ്രിഗേഡിയർ ഹമീദ് അൽ ഹാഷിമി എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിവിധ വകുപ്പുകളുടെ മികച്ച ഏകോപനവും ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവുമാണ് വലിയ ക്യൂ ഒഴിവാക്കാൻ സഹായിക്കുന്നത്.
പരിശോധനയ്ക്കിടെ, അവധിദിനത്തിലും വിമാനത്താവള കൗണ്ടറുകളിലും ചെക്ക്‌പോസ്റ്റുകളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പാസ്‌പോർട്ട് ഓഫീസർമാർക്കും മറ്റ് ജീവനക്കാർക്കും ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ മർറി പെരുന്നാൾ ആശംസകൾ നേർന്നു. വിവിധ സർക്കാർ വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെയും ജീവനക്കാരുടെ ആത്മാർത്ഥമായ പരിശ്രമത്തിന്റെയും ഫലമായാണ് ഈ സുഗമമായ യാത്രാനടപടികളെന്ന് അദ്ദേഹം പറഞ്ഞു. ദുബായിലെത്തുന്ന സന്ദർശകർക്ക് സുരക്ഷിതവും മികച്ചതുമായ യാത്രാനുഭവം സമ്മാനിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ജിഡിആർഎഫ്എ മേധാവി വ്യക്തമാക്കി.
Content Highlights: Despite the heavy Eid al-Adha travel rush, Dubai Airport authorities have introduced streamlined procedures and improved passenger management systems. The measures aim to reduce congestion and provide a smoother travel experience for passengers during the holiday season.