'ദേശീയ രാഷ്ട്രീയത്തില്‍ ഒരു താത്പര്യവുമില്ല'; രാജ്യസഭാ ഓഫര്‍ നിരസിച്ച് സിദ്ധരാമയ്യ

വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് പോകാനിരിക്കേയാണ് അദ്ദേഹത്തിന്റെ പ്രതികരണം

'ദേശീയ രാഷ്ട്രീയത്തില്‍ ഒരു താത്പര്യവുമില്ല'; രാജ്യസഭാ ഓഫര്‍ നിരസിച്ച് സിദ്ധരാമയ്യ
dot image

ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് മണിക്കൂറുകള്‍ക്ക് പിന്നാലെ ദേശീയ രാഷ്ട്രീയത്തില്‍ തനിക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കി സിദ്ധരാമയ്യ. സംസ്ഥാന രാഷ്ട്രീയത്തില്‍ എംഎല്‍എയായി തന്നെ പ്രവര്‍ത്തനം തുടരാം എന്ന നിലപാടിലാണ് അദ്ദേഹം. എന്നാല്‍ കേന്ദ്ര നേതൃത്വം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന്റെ ഈ നിലപാട് അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം.

'കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡി കെ ശിവകുമാറിനെ അടുത്ത മുഖ്യമന്ത്രിയായി നിര്‍ദേശിച്ചിരിക്കുകയാണ്. അതിനോട് ഞാനും യോജിക്കുന്നു.' - എന്നാണ് സര്‍ക്കാരിന്റെ ഭാഗമായ മുതിര്‍ന്ന അംഗങ്ങളുമായുള്ള പ്രഭാതഭക്ഷണ യോഗത്തിന് ശേഷം സിദ്ധരാമയ്യ പ്രതികരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് രാജ്യസഭയിലേക്കുള്ള പ്രവേശനത്തിന് താത്പര്യമില്ലെന്ന് 80കാരനായ സിദ്ധരാമയ്യ വ്യക്തമാക്കിയത്.

'ഹൈക്കമാന്‍ഡ് എന്നോട് രാജ്യസഭയിലേക്ക് പോകാന്‍ പറഞ്ഞു. പക്ഷേ ഞാന്‍ പറ്റില്ലെന്ന് മറുപടി നല്‍കി. ദേശീയ രാഷ്ട്രീയത്തില്‍ എനിക്ക് താത്പര്യമില്ല. എന്നാൽ രാഷ്ട്രീയത്തില്‍ സജീവമായിരിക്കും'- സിദ്ധരാമയ്യ വ്യക്തമാക്കി. വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് പോകാനിരിക്കേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ഒരു വർഷമായി മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തർക്കത്തിൽ ശക്തമായി തന്നെ നിലകൊണ്ട നേതാവാണ് സിദ്ധരാമയ്യ. ഡി കെ ശിവകുമാര്‍ വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ നേരിട്ട് ഭരണം നടത്തിവരവേയാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍. തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ - പിന്നോക്ക - ദളിത് വിഭാഗത്തിന്റെ വോട്ടിനെ ബാധിക്കുമെന്നതിനാലാണ് കർണാടകയിലെ നേതൃമാറ്റത്തിനായി ഹൈക്കമാന്‍ഡ് കാത്തിരുന്നത്. നിലവില്‍ കേരളത്തിലും തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് നീക്കമുണ്ടായത്. പ്രിയങ്ക ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും ശക്തമായ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Karnataka Chief Minister Siddaramaiah reportedly rejected an offer for a Rajya Sabha position, stating that he is not interested in entering national politics

dot image
To advertise here,contact us
dot image