വൈഭവ് സൂര്യവംശി, വയസ്സ് വെറും 15; പക്ഷെ ആസ്തി 10 കോടിക്കും മുകളില്‍: ഒറ്റ കളിക്ക് കിട്ടും ലക്ഷങ്ങള്‍

ബീഹാറിലെ സമസ്തിപൂർ ജില്ലയിലുള്ള തജ്പൂർ എന്ന സ്വന്തം നാട്ടിൽ 40 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെ മൂല്യമുള്ള കുടുംബവീടും വൈഭവിനുണ്ട്

വൈഭവ് സൂര്യവംശി, വയസ്സ് വെറും 15; പക്ഷെ ആസ്തി 10 കോടിക്കും മുകളില്‍: ഒറ്റ കളിക്ക് കിട്ടും ലക്ഷങ്ങള്‍
അജ്മല്‍ എം കെ
3 min read|28 May 2026, 04:39 pm
dot image

ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ എവിടെ നോക്കിയാലും ഒരൊറ്റ പേര് മാത്രമേ ചർച്ചാ വിഷയമായുള്ളു, വൈഭവ് സൂര്യവംശി. കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് വേണ്ടി വെറും 29 പന്തിൽ 97 റൺസ് അടിച്ചുകൂട്ടിയ ഈ 15-കാരൻ ഒരിക്കല്‍ കൂടെ തന്‍റെ പ്രതിഭ ലോകത്തിന് മുന്നില്‍ കാഴ്ചവെച്ചു. കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ഈ ഇടങ്കയ്യൻ ബാറ്ററെ സ്വന്തമാക്കിയത്. നിലവിലെ പ്രകടനം വെച്ചുനോക്കുമ്പോൾ രാജസ്ഥാൻ കിട്ടിയത് ലോട്ടറിയാണെന്ന് പറയേണ്ടി വരും. കരിയറിന്റെ തുടക്കത്തിൽ തന്നെ കോടികളുടെ ആസ്തിയാണ് ഈ കൊച്ചു താരം സ്വന്തമാക്കിയിരിക്കുന്നത്.

കോടികൾ വിലമതിക്കുന്ന വീടുകൾ

വിശ്വസിക്കാൻ പ്രയാസമായി തോന്നാമെങ്കിലും മുംബൈയിൽ സ്വന്തമായി ഒരു ആഡംബര ഫ്ലാറ്റ് ഈ 15-കാരനുണ്ട്. ഹൗസിവിറ്റി ഡോട്ട് കോമിന്റെ (Housivity.com) റിപ്പോർട്ട് പ്രകാരം ഏകദേശം 2.5 കോടി മുതൽ 3 കോടി രൂപ വരെ വിലമതിക്കുന്ന ഫ്ലാറ്റാണിത്. ഇതിന് പുറമെ ബീഹാറിലെ സമസ്തിപൂർ ജില്ലയിലുള്ള തജ്പൂർ എന്ന സ്വന്തം നാട്ടിൽ 40 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെ മൂല്യമുള്ള ഒരു കുടുംബവീടും വൈഭവിനുണ്ട്.

ഐപിഎൽ വരുമാനവും മാച്ച് ഫീസും

രാജസ്ഥാൻ റോയൽസുമായി നിലവിൽ രണ്ടു വർഷത്തെ കരാറാണ് വൈഭവിനുള്ളത്. വർഷത്തിൽ 1.1 കോടി രൂപയാണ് കരാർ തുക. ഇതിന് പുറമെ ഓരോ ഐപിഎൽ മത്സരത്തിനും 7.5 ലക്ഷം രൂപ വീതം മാച്ച് ഫീസായും താരത്തിന് ലഭിക്കുന്നുണ്ട്. ഇതുവരെ കളിച്ച 22 മത്സരങ്ങളിൽ നിന്ന് മാത്രം ഏകദേശം 1.65 കോടി രൂപ മാച്ച് ഫീസിനത്തിൽ വൈഭവ് നേടിയിട്ടുണ്ട്.

ആഡംബര കാറുകൾ

ചെറിയ പ്രായത്തിൽ തന്നെ മികച്ച വാഹനപ്രേമിയായ താരം കൂടിയാണ് വൈഭവ്. നിലവിൽ രണ്ട് ആഡംബര കാറുകളാണ് താരത്തിന്റെ ഗാരേജിലുള്ളത്. കഴിഞ്ഞ ഐപിഎൽ സീസണിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് സ്വന്തമാക്കിയതിന് സമ്മാനമായി ലഭിച്ച 17 ലക്ഷം രൂപ വിലവരുന്ന 'ടാറ്റ കർവ്വ് ഇവി' (Tata Curvv EV) ആണ് ഇതിലൊന്ന്. ഇതുകൂടാതെ രഞ്ജിത് ബർതാക്കൂർ സമ്മാനമായി നൽകിയ ഒരു മെർസിഡസ് ബെൻസ് കാറും വൈഭവിനുണ്ടെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ക്യാഷ് പ്രൈസ്

2026 ഫെബ്രുവരിയിൽ നടന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചതിൽ വൈഭവിന്റെ പ്രകടനം നിർണ്ണായകമായിരുന്നു. ഈ നേട്ടത്തിന് പിന്നാലെ അന്നത്തെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 50 ലക്ഷം രൂപയാണ് വൈഭവിന് ക്യാഷ് പ്രൈസായി പ്രഖ്യാപിച്ചത്.

ആകെ ആസ്തി എത്ര?

ഐപിഎൽ പ്രതിഫലം, മാച്ച് ഫീസ്, സ്വന്തമായുള്ള വീടുകൾ, ക്യാഷ് പ്രൈസുകൾ എന്നിവയെല്ലാം കണക്കുകൂട്ടുമ്പോൾ വൈഭവിന്റെ ആസ്തി ഏകദേശം 7 കോടി രൂപയോളം വരും. എന്നാൽ ഇതുകൂടാതെ ഒട്ടനവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യ കരാറുകളും ഇപ്പോൾ ഈ യുവതാരത്തെ തേടിയെത്തുന്നുണ്ട്. ഇവയെല്ലാം കൂടി ചേരുമ്പോൾ വൈഭവ് സൂര്യവംശിയുടെ ആകെ ആസ്തി 10 കോടി രൂപയ്ക്കും മുകളിലാണെന്നാണ് കണക്കാക്കപ്പെടുന്നത്.

Content Highlights: Vaibhav Suryavanshi, aged just 15, has reportedly built assets worth more than ₹10 crore through cricket and endorsements. The young player is said to earn lakhs for a single match, reflecting the growing financial opportunities available to emerging sports talents in India.

dot image
To advertise here,contact us
dot image