മായാവതിയുടെ ചെരുപ്പ് തുടച്ച കളക്ടർമാരെകൊണ്ട് എന്റെ ഷൂവും തുടപ്പിക്കുമെന്ന വിദ്വേഷപ്രസംഗം; അസം ഖാന് തടവുശിക്ഷ

2022ൽ മറ്റൊരു വിദ്വേഷ കേസിൽ അസം ഖാനെ മൂന്നു വർഷം തടവിന് ശിക്ഷിച്ചെങ്കിലും 2023ൽ കുറ്റവിമുക്തനാക്കി

മായാവതിയുടെ ചെരുപ്പ് തുടച്ച കളക്ടർമാരെകൊണ്ട് എന്റെ ഷൂവും തുടപ്പിക്കുമെന്ന വിദ്വേഷപ്രസംഗം; അസം ഖാന് തടവുശിക്ഷ
dot image

ലക്‌നൗ: ജയിലിൽ കഴിയുന്ന സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന് വിദ്വേഷ പ്രസംഗം നടത്തിയതിന് രണ്ട് വർഷം തടവും അയ്യായിരം രൂപ പിഴ ശിക്ഷയും വിധിച്ച് രാംപൂർ എംപി - എംഎൽഎ കോടതി. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം. അന്ന് രാംപൂരിൽ നിന്നും എസ്പി - ബിഎസ്പി സഖ്യത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ചത് അസം ഖാനാണ്. തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിന് ഇടയിൽ അസം ഖാൻ നടത്തിയ പ്രസംഗം വൈറലായതോടെയാണ് കേസായത്. പ്രസംഗത്തിനിടയിൽ കളക്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും അപമാനിക്കുന്ന രീതിയിലായിരുന്നു അസം ഖാൻ സംസാരിച്ചത്.

' എല്ലാവരും ധൈര്യമായി ഇരിക്കുക, ആരും കളക്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ഭയപ്പെടണ്ട, അവരെല്ലാം ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരാണ്. മായാവതിയുടെ നിരവധി ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്, അതിൽ വലിയ ഉദ്യോഗസ്ഥർ സ്വന്തം തൂവാലയെടുത്ത് മായാവതിയുടെ ഷൂ വൃത്തിയാക്കുന്നത് എങ്ങനെയെന്ന് കണ്ടിട്ടുണ്ട്. ഇന്ന് അവരുമായി നമ്മൾ സഖ്യകക്ഷികളാണ്, ദൈവം അനുവദിച്ചാൽ ഉദ്യോഗസ്ഥരെ കൊണ്ട് ഞാൻ എന്റെ ഷൂവും വൃത്തിയാക്കിക്കും.' എന്നാണ് അസം ഖാൻ പ്രസംഗിച്ചത്.

ഈ സമയം ആഞ്ജനേയ കുമാർ എന്ന വ്യക്തിയായിരുന്നു ജില്ലാ മജിസ്‌ട്രേറ്റ്. നിലവിൽ അദ്ദേഹം മൊറാദാബാദ് കമ്മീഷണറാണ്. കുമാറിന്റെ നിർദേശ പ്രകാരം അന്ന് താണ്ഡ എസ്ഡിഎമ്മും ഫ്‌ളൈയിങ് സ്‌ക്വാഡ് ഇൻ ചാർജുമായ ഘനശ്യാം ത്രിപാഠി അസം ഖാനെതിരെ ഭോട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് പൊലീസ് ഖാനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തത്.

2022ൽ മറ്റൊരു വിദ്വേഷ കേസിൽ ഖാനെ മൂന്നു വർഷം തടവിന് ശിക്ഷിച്ചെങ്കിലും 2023ൽ കുറ്റവിമുക്തനാക്കി. എന്നാൽ ഇതേവർഷം ഖാന്റെ ഭാര്യ തസീം ഫാത്തിമയെയും മകൻ അബ്ദുള്ളയെയും വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചതിന് ഏഴു വർഷം തടവിന് മറ്റൊരു കോടതി ശിക്ഷിച്ചു.


23 മാസത്തോളം ജയിലിൽ കിടന്ന അസം ഖാൻ, 2025 സെപ്തംബർ 25ന് ജയിൽ മോചിതനായെങ്കിലും 55ദിവസത്തിന് ശേഷം വ്യാജ പാൻ കാർഡ് നിർമിച്ചതിന് മകനൊപ്പം വീണ്ടും 7 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. അസം ഖാൻ അഖിലേഷ് സർക്കാരിൽ നഗരവികസന മന്ത്രിയായിരുന്നു. 2017ൽ നിയമസഭ തെരഞ്ഞെടുപ്പിൽ രാംപൂരിലെ സ്വർ മണ്ഡലത്തിൽ നിന്നും മകൻ അബ്ദുള്ളയെ മത്സരിപ്പിക്കണമെന്നായിരുന്നു ഖാന്. എന്നാൽ മകന്റെ ജനന തീയതി 1993 ആയതിനാൽ സ്ഥാനാർത്ഥിത്വത്തിന് അർഹത ലഭിച്ചില്ല. ഇതിനെ മറികടക്കാൻ ലക്‌നൗ മുൻസിപ്പൽ കോർപ്പറേഷനിൽ നിന്നും സ്വാധീനം ഉപയോഗിച്ച് വ്യാജ ജനന സർട്ടിഫിക്കറ്റ് പുറത്തിറക്കി. ഇതിനെ അടിസ്ഥാനമാക്കി പാൻ കാർഡും പാസ്‌പോർട്ടും വരെ ഉണ്ടാക്കി.

2017ലെ ഇലക്ഷന് അബ്ദുള്ള ജയിച്ചശേഷം എതിർസ്ഥാനാർത്ഥിയായിരുന്ന ബിഎസ്പി നേതാവ് നവാബ് കാസിം അലി, അബ്ദുള്ളയുടെ നാമനിർദേശത്തെ ചോദ്യം ചെയ്ത് പരാതി നൽകി. അന്വേഷണത്തിൽ വ്യാജ രേഖ ചമച്ചാണ് മത്സരിച്ചതെന്ന് വ്യക്തമായി. ഇതോടെ ഇലക്ഷൻ റദ്ദാക്കുകയും നിയമസഭാംഗത്വം അബ്ദുള്ളയ്ക്ക് നഷ്ടമാകുകയും ചെയ്തു. ബിജെപി നേതാവ് ആകാശ് സക്‌സേന രാംപൂരിൽ ഫയൽ ചെയ്ത പരാതിയിലാണ് അസം ഖാനും ഭാര്യയും മകനും വീണ്ടും ജയിലിലായി. പിന്നാലെ 2022 അസംബ്ലി തെരഞ്ഞെടുപ്പിൽ അബ്ദുള്ള വിജയിച്ചു. എന്നാൽ സർക്കാർ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചതിന് മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടതോടെ നിയമസഭാ അംഗത്വം വീണ്ടും നഷ്ടമായി.

Content Highlights: A Samajwadi Party leader was sentenced to prison for making a hate speech remark linked to an old controversy involving officials allegedly cleaning former Uttar Pradesh Chief Minister Mayawati’s shoes

dot image
To advertise here,contact us
dot image