

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വന്‍ തോല്‍വിയില്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ വിമര്‍ശനം. എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് നേതാക്കള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ ലാളിത്യമാണ് പ്രതീക്ഷിക്കുന്നതെന്നും ഭരണാധികാരി നക്ഷത്രമാണെന്നും ജനങ്ങള്‍ മണ്ണില്‍ നിന്നും നോക്കി കാണേണ്ടവരാണ് എന്നുമുളള അവസ്ഥയുണ്ടാക്കരുതെന്നും ജില്ലാ കമ്മിറ്റിയില്‍ നിര്‍ദേശമുണ്ടായി.
നേതാക്കള്‍ ജനങ്ങളില്‍ നിന്നും അകന്നതായുളള പ്രതീതിയുണ്ടായെന്നും മുഖ്യമന്ത്രിയുടെ പല വാക്കുകളും തിരിച്ചടിയായെന്നും വിമര്‍ശനമുയര്‍ന്നു. ചില നേതാക്കള്‍ തെറ്റായ ശൈലി പിന്തുടര്‍ന്നപ്പോള്‍ പാര്‍ട്ടി തിരുത്തിയില്ല. വെളളാപ്പളളിയുടെ വര്‍ഗീയ പ്രസ്താവനകളെ തളളിപ്പറയണമായിരുന്നു. മുഖ്യമന്ത്രിയുടെ മൗനം സര്‍ക്കാരിന് തിരിച്ചടിയായി. ന്യൂനപക്ഷ വോട്ടുകള്‍ ഇതുവഴി അകന്നു എന്നും സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുണ്ടായി.
മുൻ മന്ത്രിയും കളമശേരിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ പി രാജീവിനെതിരെ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനമുയർന്നിരുന്നു. ജില്ലയിലെ സമ്പൂർണ തോൽവിക്ക് കാരണം പി രാജീവാണെന്നും സ്ഥാനാർഥി പട്ടിക നിർബന്ധിച്ച് അംഗീകരിപ്പിച്ചെന്നുമാണ് വിമർശനം. പാർട്ടിയിൽ പിണറായി വിജയന്റെ ഏകാധിപത്യം ആണെങ്കിൽ എറണാകുളത്ത് പി രാജീവിന്റെ ഏകാധിപത്യമാണെന്നും വിമർശനമുയർന്നു. ഷാജി മുഹമ്മദ്, എം. അനിൽകുമാർ, ടി സി ഷിബു, ആർ അരുൺകുമാർ എന്നിവരാണ് രാജീവിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.
തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ നിന്ന് പാഠം പഠിക്കണമെന്നും അടിമുടി മാറ്റമുണ്ടാകണം എന്നുമാണ് സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ നേതാക്കള്‍ പറഞ്ഞത്. തിരുത്തല്‍ എന്നത് ഏതെങ്കിലും തലത്തിലോ വ്യക്തിയിലോ നിലപാടിലോ വേണ്ടതല്ല. സംഘടനാ വീഴ്ച്ചകള്‍ എല്ലാ തരത്തിലുമുണ്ട്. ജനങ്ങള്‍ക്ക് മനസിലാകാത്ത വിശദീകരണവും വാദങ്ങളും ഉയര്‍ത്തി മുന്നോട്ടുപോയാല്‍ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണ് ഈ പരാജയം എന്നാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്.
Content Highlights: 'Chief Minister's words backfire, people expect simplicity from the government: District Committee