ചെറിയ ക്ലെയിം വലിയ നഷ്ടമാകാം; വാഹന ഇന്‍ഷുറന്‍സിലെ 'എന്‍സിബി'യെ കുറിച്ച് അറിയാം

പല വാഹന ഉടമകളും ചെറിയ സ്‌ക്രാച്ചുകള്‍ക്കും ഡെന്റുകള്‍ക്കും പോലും ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാറുണ്ട്. എന്നാല്‍ ചെറിയ തുക ലഭിക്കാന്‍ ക്ലെയിം ചെയ്യുന്നത്, വര്‍ഷങ്ങളായി സമ്പാദിച്ച എന്‍സിബി പൂര്‍ണമായും നഷ്ടപ്പെടാന്‍ കാരണമാകാം

ചെറിയ ക്ലെയിം വലിയ നഷ്ടമാകാം; വാഹന ഇന്‍ഷുറന്‍സിലെ 'എന്‍സിബി'യെ കുറിച്ച് അറിയാം
dot image

മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസികളില്‍ പലര്‍ക്കും അറിയാതെ പോകുന്ന ഒരു പ്രധാന ആനുകൂല്യമാണ് 'നോ ക്ലെയിം ബോണസ്' അഥവാ എന്‍സിബി. ഒരു വര്‍ഷം ഇന്‍ഷുറന്‍സില്‍ ക്ലെയിം ഒന്നും ചെയ്യാതിരുന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഇളവാണ് ഇത്. ഓരോ ക്ലെയിം-ഫ്രീ വര്‍ഷവും കൂടുമ്പോള്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വലിയ തോതില്‍ ലാഭം നേടാം. എന്നാല്‍, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച്‌ അറിവില്ലാത്തതു കാരണം നിരവധി വാഹന ഉടമകള്‍ ഈ ആനുകൂല്യം നഷ്ടപ്പെടുത്തുന്നുണ്ട്.

സാധാരണയായി ആദ്യ ക്ലെയിം-രഹിത വര്‍ഷത്തിന് ശേഷം 20 ശതമാനം വരെ ഇളവ് ലഭിക്കും. തുടര്‍ച്ചയായി ക്ലെയിം ചെയ്യാതെ പോയാല്‍ ഇത് 25%, 35%, 45% എന്നിങ്ങനെ ഉയര്‍ന്ന് അഞ്ചാം വര്‍ഷത്തോടെ 50 ശതമാനം വരെ എത്താം. ഈ ഇളവ് ലഭിക്കുന്നത് ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ Own Damage ഭാഗത്തിനാണ്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന് ഇത് ബാധകമല്ല.

പല വാഹന ഉടമകളും ചെറിയ സ്‌ക്രാച്ചുകള്‍ക്കും ഡെന്റുകള്‍ക്കും പോലും ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാറുണ്ട്. എന്നാല്‍ ചെറിയ തുക ലഭിക്കാന്‍ ക്ലെയിം ചെയ്യുന്നത്, വര്‍ഷങ്ങളായി സമ്പാദിച്ച എന്‍സിബി പൂര്‍ണമായും നഷ്ടപ്പെടാന്‍ കാരണമാകാം. ഉദാഹരണത്തിന് 3,000 രൂപയുടെ ചെറിയ റിപ്പയറിന് ക്ലെയിം ചെയ്താല്‍, അടുത്ത വര്‍ഷങ്ങളില്‍ ലഭിക്കേണ്ടിരുന്ന ആയിരക്കണക്കിന് രൂപയുടെ പ്രീമിയം ഇളവ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്‍ഷുറന്‍സ് രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പോളിസി സമയത്ത് പുതുക്കാതിരിക്കുന്നതും എന്‍സിബി നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. സാധാരണയായി ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞ ശേഷം 90 ദിവസത്തെ ഗ്രേസ് പീരിയഡിനുള്ളില്‍ പുതുക്കിയില്ലെങ്കില്‍ എന്‍സിബി അസാധുവാകാം. തുടര്‍ന്ന് വീണ്ടും ആദ്യം മുതല്‍ ബോണസ് സമ്പാദിക്കേണ്ട സാഹചര്യമുണ്ടാകും.

അതേസമയം, എന്‍സിബി വാഹനത്തോട് ബന്ധിപ്പിച്ച ആനുകൂല്യമല്ല; പോളിസി ഉടമയോടാണ് ഇത് ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാല്‍ കാര്‍ മാറ്റുകയോ പുതിയ ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് മാറുകയോ ചെയ്താലും എന്‍സിബി കൈമാറാന്‍ കഴിയും. ഇതിനായി പഴയ ഇന്‍ഷുററിന്റെ എന്‍സിബി സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരും.

എന്‍സിബി സംരക്ഷിക്കാന്‍ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ 'എന്‍സിബി പ്രൊക്ടറ്റര്‍' എന്ന ആഡോണ്‍ കവര്‍ കൂടി നല്‍കുന്നുണ്ട്. ഇതിലൂടെ ഒരു ചെറിയ ക്ലെയിം നടത്തിയാലും ബോണസ് നിലനിര്‍ത്താന്‍ സാധിക്കും. കൂടുതല്‍ സുരക്ഷയും ദീര്‍ഘകാല ലാഭവും ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം ആഡോണ്‍ പരിഗണിക്കാം.

Content Highlights: Hidden inside every motor insurance policy is something called No Claim Bonus, or NCB, a reward insurers give customers for not making claims. Over time, it can reduce premiums significantly. Yet despite being one of the most valuable benefits in motor insurance, it is also one of the least understood.

dot image
To advertise here,contact us
dot image