ചെലവ് കുറയ്ക്കാന്‍ ഇന്ത്യയില്‍ കണ്ണുവെച്ച് സ്റ്റാര്‍ബക്‌സ്; രാജ്യത്തെ ആദ്യ കോര്‍പ്പറേറ്റ് ഓഫിസ് വരുന്നു

ടെക് രംഗത്ത്‌ നേരത്തെ ഔട്ട്സോഴ്സ് ചെയ്തിരുന്ന നിരവധി ജോലികള്‍ ഇനി ഇന്‍-ഹൗസായി കൈകാര്യം ചെയ്യാനാണ് കമ്പനി ശ്രമിക്കുന്നത്

ചെലവ് കുറയ്ക്കാന്‍ ഇന്ത്യയില്‍ കണ്ണുവെച്ച് സ്റ്റാര്‍ബക്‌സ്; രാജ്യത്തെ ആദ്യ കോര്‍പ്പറേറ്റ് ഓഫിസ് വരുന്നു
dot image

അമേരിക്കന്‍ കോഫി ശൃംഖലയായ സ്റ്റാര്‍ബക്‌സ് ഇന്ത്യയില്‍ ആദ്യമായി കോര്‍പ്പറേറ്റ് ഓഫിസ് ആരംഭിക്കാന്‍ ഒരുങ്ങുന്നു. സാങ്കേതിക മേഖലയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും ഔട്ട്സോഴ്സ് ചെയ്തിരുന്ന ജോലികള്‍ സ്ഥാപനത്തിനുള്ളിലേക്ക് തന്നെ കൊണ്ടുവരികയും ചെയ്യുന്നതിനായാണ് ഈ നീക്കം. 2027 സാമ്പത്തിക വര്‍ഷത്തില്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചെലവ് കുറയ്ക്കുന്നതിനുള്ള ആഗോള പുനഃസംഘടനാ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയില്‍ പുതിയ ടെക് ഹബ് ആരംഭിക്കുന്നത്. അടുത്ത വര്‍ഷങ്ങളിലായി ഏകദേശം 2 ബില്യണ്‍ ഡോളര്‍ ചെലവ് കുറയ്ക്കാനാണ് സ്റ്റാര്‍ബക്‌സ് ലക്ഷ്യമിടുന്നത്. ഇതിനായി പുറത്തുള്ള സര്‍വീസ് പ്രൊവൈഡര്‍മാരെ ആശ്രയിക്കുന്നതില്‍ നിന്ന് കമ്പനി പിന്മാറുകയാണ്.

സ്റ്റാര്‍ബക്‌സ് ചീഫ് ടെക്നോളജി ഓഫീസര്‍ ആനന്ദ് വരദരാജന്‍ ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് ഇന്ത്യയിലെ പുതിയ ഓഫിസ് സംബന്ധിച്ച വിവരം വ്യക്തമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയില്‍ എവിടെയാണ് ഓഫിസ് തുടങ്ങുക എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ വര്‍ഷം അവസാനം സ്ഥലം നിശ്ചയിച്ചതിന് ശേഷം റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന.

ടെക് രംഗത്ത്‌ നേരത്തെ ഔട്ട്സോഴ്സ് ചെയ്തിരുന്ന നിരവധി ജോലികള്‍ ഇനി ഇന്‍-ഹൗസായി കൈകാര്യം ചെയ്യാനാണ് കമ്പനി ശ്രമിക്കുന്നത്. പുറത്തുള്ള ടെക് കമ്പനികള്‍ ഈടാക്കുന്ന അധിക ചെലവ് കുറയ്ക്കുക എന്നതും ലക്ഷ്യമാണ്. ടീമുകളുമായും ജോലിയുമായും കൂടുതല്‍ നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനാണ് ഈ മാറ്റെന്ന് സ്റ്റാര്‍ബക്‌സ് വക്താവ് വ്യക്തമാക്കി.

അമേരിക്കയില്‍ സ്റ്റാര്‍ബക്‌സ് വന്‍തോതില്‍ തൊഴിലാളികളെ പിരിച്ചുവിടുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ പുതിയ ടെക് ഓഫീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആഴ്ച മാത്രം 300 കോര്‍പ്പറേറ്റ് ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2,000ത്തിലധികം കോര്‍പ്പറേറ്റ് ജോലികള്‍ സ്റ്റാര്‍ബക്‌സ് ഒഴിവാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയില്‍ സ്റ്റാര്‍ബക്‌സ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ടാറ്റ സ്റ്റാര്‍ബക്‌സ് വഴിയാണ് പ്വര്‍ത്തനം നടത്തുന്നത്. രാജ്യത്തെ 70ലേറെ നഗരങ്ങളില്‍ സ്റ്റാര്‍ബക്‌സിന് ഔട്ട്ലെറ്റുകളുണ്ട്. ഇന്ത്യയിലെ കോഫി വിപണിയുടെ വളര്‍ച്ചയും സാങ്കേതിക പ്രതിഭകളുടെ ലഭ്യതയും കണക്കിലെടുത്താണ് കമ്പനി പുതിയ കോര്‍പ്പറേറ്റ് സാന്നിധ്യം ശക്തിപ്പെടുത്തുന്നതെന്നാണ് വിലയിരുത്തല്‍.

Content Highlights: Starbucks is establishing its first corporate technology office in India, aiming for fiscal year 2027 to bring outsourced roles in-house and reduce costs. This move is part of a broader strategy to cut $2 billion in expenses and decrease reliance on external service providers, following recent layoffs and a shift of some tech roles to Nashville.

dot image
To advertise here,contact us
dot image