

വിജയവാഡ: സംസ്ഥാനത്ത് മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. മൂന്നാമത് ജനിക്കുന്ന കുഞ്ഞിന് 30,000 രൂപയും നാലാമത് ജനിക്കുന്ന കുഞ്ഞിന് 40,000 രൂപയുമാണ് നല്‍കുക.
സംസ്ഥാനത്തെ ജനസംഖ്യാ കുറവ് പരിഹരിക്കുന്നത് ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ രണ്ടാമത്തെ കുട്ടിക്ക് 25,000 രൂപ പ്രോത്സാഹനമായി പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
കുഞ്ഞുങ്ങള്‍ ജനിച്ച ഉടന്‍ തന്നെ ഈ പണം കുടുംബങ്ങള്‍ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു മാസത്തിനകം ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കും. മുന്‍പ് ജനസംഖ്യാ നിയന്ത്രണ നടപടികളെ പിന്തുണച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.
വരുമാനം വര്‍ധിക്കുന്നതിന് അനുസരിച്ച് പല ദമ്പതിമാരും ഒരു കുട്ടിയെന്ന തീരുമാനത്തിലേക്ക് മാറുന്നതും ആദ്യത്തെ കുട്ടി ആണ്‍കുട്ടിയല്ലെങ്കില്‍ മാത്രം രണ്ടാമത്തെ കുട്ടിയെക്കുറിച്ച് ചിന്തിക്കുന്നതുമായ പ്രവണതകള്‍ സംസ്ഥാനത്തെ ജനസംഖ്യാ വളര്‍ച്ചയെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: Andhra Pradesh plans incentives to boost population growth