പഞ്ചാബില്‍ ഇരട്ട സ്‌ഫോടനം; ജലന്ധറില്‍ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപം വാഹനം പൊട്ടിത്തെറിച്ചു

അമൃത്സറിൽ ബൈക്കിലെത്തിയ ആള്‍ ഗ്രനേഡ് എറിഞ്ഞതാണ് എന്നാണ് സംശയം

പഞ്ചാബില്‍ ഇരട്ട സ്‌ഫോടനം; ജലന്ധറില്‍ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപം വാഹനം പൊട്ടിത്തെറിച്ചു
dot image

ന്യൂഡല്‍ഹി: പഞ്ചാബില്‍ ഇരട്ട സ്‌ഫോടനം. ജലന്ധറിലും അമൃത്സറിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. ജലന്ധറില്‍ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപം ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്. അമൃത്സറില്‍ ഖാസ കന്റോണ്‍മെന്റിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആളപായമില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി പത്തരയോടെയാണ് ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീ പിടിക്കുകയും അത് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂട്ടര്‍ ഉടമയായ ഇരുപത്തിരണ്ടുകാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡെലിവെറി ബോയ് ആയി ജോലി ചെയ്യുന്ന യുവാവ് ഭക്ഷണം ഡെലിവര്‍ ചെയ്യാനായാണ് ബിഎസ്എഫ് ആസ്ഥാനത്തിന് സമീപം എത്തിയത്. പിന്നാലെ സ്‌കൂട്ടറിന് തീ പിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.

അമൃത്സറില്‍ നടന്ന സ്‌ഫോടനം ഗൗരവമേറിയതാണ് എന്ന് അധികൃതര്‍ അറിയിച്ചു. ബൈക്കിലെത്തിയ ആള്‍ ഗ്രനേഡ് എറിഞ്ഞതാണ് എന്നാണ് സംശയം. രണ്ടിടത്തും ഫൊറന്‍സിക് സംഘം എത്തി വിശദമായ പരിശോധന നടത്തി. അമൃത്സറില്‍ രാത്രി പതിനൊന്ന് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട് എന്നാണ് ബിഎസ്എഫും കേന്ദ്ര ഏജന്‍സികളും ഉള്‍പ്പെടെ വ്യക്തമാക്കുന്നത്. ഏപ്രില്‍ 27-ന് പട്യാലയില്‍ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം നടത്താന്‍ ശ്രമം ഉണ്ടായിരുന്നു.

Content Highlights: Twin blasts in Punjab; Vehicle explodes near BSF headquarters in Jalandhar

dot image
To advertise here,contact us
dot image