തമിഴ്‌നാട്; ടിവികെയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ്; ഡിഎംകെയ്‌ക്കൊപ്പം തുടരും

സംസ്ഥാനത്ത് രണ്ട് എംഎല്‍എമാരാണ് ലീഗിനുള്ളത്

തമിഴ്‌നാട്; ടിവികെയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ്; ഡിഎംകെയ്‌ക്കൊപ്പം തുടരും
dot image

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്‌യുടെ തമിഴക വെട്രികഴകത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ്. ഡിഎംകെയ്‌ക്കൊപ്പം തുടരാനാണ് മുസ്ലിം ലീഗ് തീരുമാനം. സംസ്ഥാനത്ത് രണ്ട് എംഎല്‍എമാരാണ് ലീഗിനുള്ളത്.

അതേസമയം ടിവികെയ്ക്ക് പിന്തുണ നല്‍കാനാണ് എഐഎഡിഎംകെയിലെ ഒരു വിഭാഗത്തിന്റെ നീക്കം. 40 എംഎല്‍എമാര്‍ ഇതിനകം പിന്തുണ നല്‍കാന്‍ തയ്യാറാണെന്നാണ് വിവരം. സി വി ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിജയിയെ പിന്തുണയ്ക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ എഐഎഡിഎംകെ പിന്തുണ നിലവില്‍ അജണ്ടയില്‍ ഇല്ലെന്നാണ് ടിഎംകെ അറിയിക്കുന്നത്. പ്ലാന്‍ സി മാത്രമായാണ് എഐഎഡിഎംകെയെ കാണുന്നതെന്ന് ടിവികെ നേതാക്കള്‍ പ്രതികരിച്ചു.

അതേസമയം കോണ്‍ഗ്രസ് പിന്തുണ ടിവികെയ്ക്ക് ലഭിച്ചേക്കും. രണ്ട് മന്ത്രിസ്ഥാനം അടക്കം ഉപാധികള്‍ കോണ്‍ഗ്രസ് ടിവികെയ്ക്ക് മുന്നില്‍വെച്ചിട്ടുണ്ട്. ഇതിന് പുറമേ പ്രധാന ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ടിവികെയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഹൈക്കമാന്‍ഡ് തമിഴ്നാട് രാഷ്ട്രീയകാര്യ സമിതിക്ക് വിട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി ഇന്ന് ചേരുമെന്നാണ് തമിഴ്‌നാടിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഗിരീഷ് ചോടങ്കര്‍ വ്യക്തമാക്കിയത്.

234 അംഗ നിയമസഭയില്‍ 118 എംഎല്‍എമാരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരണത്തിനായി ടിവികെയ്ക്ക് വേണ്ടത്. ടിവികെയ്ക്ക് 107 അംഗങ്ങളുണ്ട്. 108 സീറ്റില്‍ വിജയിച്ചെങ്കിലും വിജയ് ജയിച്ച രണ്ട് സീറ്റിലൊന്നില്‍ രാജിവെയ്‌ക്കേണ്ടി വരും. കോണ്‍ഗ്രസിന് പുറമെ 2 സീറ്റ് വീതമുള്ള സിപിഐഎം, സിപിഐ എന്നിവരും അനുകൂല നിലപാടിലാണ്. 2 സീറ്റുള്ള വിസികെ കൂടി പിന്തുണ പ്രഖ്യാപിച്ചാല്‍ ടിവികെയ്ക്ക് ഭൂരിപക്ഷം ലഭിക്കും.

Content Highlights: Muslim League Does Not Support TVK In Tamil Nadu

dot image
To advertise here,contact us
dot image