

കാസര്‍കോട്: പടന്ന കടപ്പുറത്ത് തൃക്കരിപ്പൂര്‍ നിയുക്ത എംഎല്‍എ സന്ദീപ് വാര്യരുടെ റോഡ് ഷോക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയുന്ന 180 പേര്‍ക്കെതിരെ കേസെടുത്തു. 100 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും 80 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്. തുടര്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായി സന്ദീപ് വാര്യര്‍ നടത്തിയ വിജയാഹ്ലാദത്തിലാണ് സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. റോഡ് ഷോയ്ക്ക് നേരെ ഇരുട്ടില്‍ നിന്ന് കല്ലേറുണ്ടായെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. കല്ലേറിന് പിന്നാലെ സിപിഐഎം യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.
തൃക്കരിപ്പൂരില്‍ ഇടത് കോട്ട പൊളിച്ച് 4431 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സന്ദീപ് വാര്യര്‍ വിജയിച്ചത്. യുഡിഎഫിന്റെ സന്ദീപ് വാര്യര്‍ 83109 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി പി മുസ്തഫ 78678 വോട്ടുകളാണ് നേടിയത്.
1977ല്‍ ആദ്യമായി തെരഞ്ഞെടുപ്പിന് നേരിട്ടത് മുതല്‍ ഇടതിനൊപ്പം നിന്ന മണ്ഡലമാണ് തൃക്കരിപ്പൂര്‍. നായനാര്‍ മുഖ്യമന്ത്രിയായതും തൃക്കരിപ്പൂരില്‍ നിന്നാണ്. ഇവിടെ സന്ദീപ് വാര്യര്‍ വിജയിച്ചത് യുഡിഎഫിന് വലിയ നേട്ടമാണ്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് എല്‍ഡിഎഫ് നേരിട്ടത്. യുഡിഎഫ് 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എല്‍ഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാനത്തിന്റ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു.
കോണ്‍ഗ്രസ്-63, മുസ്ലിം ലീഗ്-22, കേരളാ കോണ്‍ഗ്രസ്-7, സ്വതന്ത്രര്‍-4, ആര്‍എസ്പി-3, ആര്‍എംപി-1, കേരള കോണ്‍ഗ്രസ് ജേക്കബ്-1, സിഎംപി-1 എന്നിങ്ങനെയാണ് യുഡിഎഫിന്റെ വോട്ട് നില. സിപിഐഎം-26, സിപിഐ-8, ആര്‍ജെഡി-1 എന്നിങ്ങനെയാണ് എല്‍ഡിഎഫ് വോട്ട് നില. ബിജെപി നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് വിജയിച്ചത്.
Content Highlights: Police take case against UDF and CPIM workers on dispute over Sandeep Warriors rally