

ബുഡാപെസ്റ്റിലേക്ക് ഫൈനല്‍ ടിക്കറ്റെടുക്കുമ്പോള്‍ ആഴ്‌സനലിന്റെ മനസ്സില്‍ ഒറ്റ പ്രാര്‍ഥനയേയുണ്ടാകൂ, ഒരിക്കല്‍ പാരീസില്‍ വീണതുപോലെ ഇനിയുണ്ടാകരുതെന്ന്. അന്ന് ബാഴ്‌സലോണയ്ക്ക് മുന്നിലാണ് ആഴ്‌സനലിന്റെ കിരീടമോഹം കലമുടച്ചത്. ഒന്നിനെതിരെ രണ്ടുഗോളിനായിരുന്നു ബാഴ്‌സയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്. ഇനി ആരാകും മുന്നിലെത്തുക എന്ന ആകാംക്ഷയിലാണ് ആഴ്‌സനല്‍.
രണ്ടാംപാദ സെമിഫൈനലില്‍ സ്പാനിഷ് ലാലിഗ കരുത്തരായ അത്‌ലറ്റിക്കോ മഡ്രിഡിനെ എതിരില്ലാത്ത ഒരുഗോളിന് തോല്‍പ്പിച്ചാണ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്‌സനല്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ആദ്യപാദ സെമിഫൈനലില്‍ അത്‌ലറ്റിക്കോ മഡ്രിഡിന്റെ ഹോംഗ്രൗണ്ടില്‍ ഓരോ ഗോള്‍വീതമടിച്ച് സമനില വഴങ്ങിയിരുന്നു ഇരുവരും. അതിനാല്‍ത്തന്നെ എമിറേറ്റ്‌സില്‍ നടന്ന മത്സരം അക്ഷരാര്‍ഥത്തില്‍ ഫൈനല്‍ പ്രതീതിയുയര്‍ത്തി. ബുകായോ സാക്കയുടെ 44-ാം മിനിറ്റിലെ ഗോളാണ് ആഴ്‌സനലിന് വിജയമൊരുക്കിയത്. പന്തടക്കം കൊണ്ടും മുന്നേറ്റങ്ങള്‍ കൊണ്ടും ആതിഥേയരെ വിറപ്പിച്ച ആഴ്‌സനല്‍ ആധികാരിക ജയത്തോടെയാണ് ചരിത്രത്തിലെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് പ്രവേശിക്കുന്നത്. എബെരെച്ചി എസെയും ലിയാന്‍ഡ്രോ ട്രൊസാഡും ബുകായോ സാക്കയും ഡെക്ലാന്‍ റൈസുമുള്‍പ്പെടുന്ന മുന്നേറ്റങ്ങള്‍ പലപ്പോഴും അത്‌ലറ്റിക്കോ പ്രതിരോധത്തിന് തലവേദനയായി. വില്യം സാലിബയും ബെന്‍ വൈറ്റുമുള്‍പ്പെടുന്ന പ്രതിരോഘ സംഘം അത്‌ലറ്റിക്കോ മുന്നേറ്റങ്ങളെ പ്രതിരോധിച്ചുനിന്നു. ഗോള്‍വല കാത്ത് ഡോവിഡ് റയയും നിലയുറപ്പിച്ചത് ടീമിന് കരുത്തായി. ജൂലിയന്‍ ആല്‍വാരസിന്റെയും അന്റോയ്ന്‍ ഗ്രീസ്മാന്റെയും മുന്നറ്റങ്ങളെ തടയിടാനായി എന്നതാണ് ആഴ്‌സനലിന്റെ വിജയത്തിന് തുണയായത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ഇംഗ്ലീഷ് ലീഗ് കപ്പ്, എഫ്എ കമ്യൂണിറ്റി ഷീല്‍ഡ് തുടങ്ങിയ കിരീടങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ആഴ്‌സനലിന്റെ അക്കൗണ്ടില്‍ ഇതുവരെ ചാമ്പ്യന്‍സ് ലീഗ് ട്രോഫി എത്തിയിട്ടില്ല. ഇത്തവണ അതും മറികടക്കാമെന്നതാണ് ആഴ്‌സനലിന്റെ പ്രതീക്ഷ.
content highlights: Arsenal once again in a European football final; reaching the final for only the second time