ഡ്രിബ്ള്‍ ചെയ്തത് ഇഷ്ടപ്പെട്ടില്ല, സഹതാരത്തെ ആക്രമിച്ച് നെയ്മര്‍; അന്വേഷണമാരംഭിച്ച് സാന്റോസ് ക്ലബ്ബ്

മുന്‍ ബ്രസീല്‍ താരം റോബീഞ്ഞോയുടെ മകന്‍ റോബീഞ്ഞോ ജൂനിയറിനെയാണ് ആക്രമിച്ചത്

ഡ്രിബ്ള്‍ ചെയ്തത് ഇഷ്ടപ്പെട്ടില്ല, സഹതാരത്തെ ആക്രമിച്ച് നെയ്മര്‍; അന്വേഷണമാരംഭിച്ച് സാന്റോസ് ക്ലബ്ബ്
dot image

കഴിഞ്ഞദിവസം പരിശീലനത്തിനിടെ സഹതാരത്തെ ആക്രമിച്ച് നെയ്മര്‍. സാന്റോസ് ക്ലബ്ബിലെ സഹകളിക്കാരനും മുന്‍ ബ്രസീല്‍ താരവുമായ റോബീഞ്ഞോയുടെ മകന്‍ റോബീഞ്ഞോ ജൂനിയറിനെയാണ് ആക്രമിച്ചതെന്നാണ് പരാതി. പരിശീലനത്തിനിടെ വാക്കുതര്‍ക്കമുണ്ടാവുകയും പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്.

നെയ്മറിന് മുന്നിലൂടെ പന്തുമായി ഡ്രിബ്ള്‍ ചെയ്തുകടന്നുപോയത് താരത്തിന് ഇഷ്ടപ്പെടാതെ വരികയും ഉന്തും തള്ളുമുണ്ടാവുകയുമായിരുന്നു. പിന്നീട് വാക്കുതര്‍ക്കത്തിനിടെ നെയ്മര്‍ തന്നെ തല്ലിയതായും റോബീഞ്ഞോ ജൂനിയര്‍ ആരോപിച്ചു. നെയ്മര്‍ തന്നെ അധിക്ഷേപിച്ചുവെന്നും, കാലുവെച്ച് വീഴ്ത്തിയ ശേഷം മുഖത്തടിച്ചുവെന്നും റോബിഞ്ഞോ ജൂനിയര്‍ ആരോപിച്ചു. സഹതാരങ്ങളെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തില്‍ റോബീഞ്ഞോ ജൂനിയര്‍ നടപടികളിലേക്ക് കടന്നതോടെ നെയ്മര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു. എന്നാല്‍ റോബീഞ്ഞോ ജൂനിയറിന്റെ കുടുംബം അതിന് വിസമ്മതിച്ചതോടെയാണ് സാന്റോസ് ക്ലബ്ബ് അന്വേഷണം പ്രഖ്യാപിച്ചത്. വിഷയത്തില്‍ കുറ്റം തെളിഞ്ഞാല്‍ നെയ്മറിന് അച്ചടക്കനടപടി ഏറ്റുവാങ്ങേണ്ടി വന്നേക്കാം. ക്ലബിന്റെ നിയമ വകുപ്പാണ് വിഷയം പരിശോധിക്കുന്നത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നു ക്ലബ് വ്യക്തമാക്കി. അതേസമയം താരങ്ങളുടെ സുരക്ഷ സംബന്ധിച്ച് റോബീഞ്ഞോ ജൂനിയറിന്റെ നിയമ പ്രതിനിധികള്‍ ക്ലബിനു നോട്ടീസ് അയച്ചു. വിഷയം ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ക്ലബിന്റെ കരാറില്‍ നിന്നു പിന്‍മാറാനാണ് റോബീഞ്ഞോയുടെ തീരുമാനം.


അതേസമയം, കുറ്റം തെളിയുകയും കടുത്ത അച്ചടക്ക നടപടിയിലേക്ക് ക്ലബ്ബ് കടക്കുകയും ഫിഫ ഉള്‍പ്പടെ ഇടപെടുകയും ചെയ്താല്‍ നെയ്മറിന്റെ ലോകകപ്പ് മത്സരത്തെക്കൂടി അത് ബാധിച്ചേക്കുമെന്നാണ് ബ്രസീലിനുള്ള ആശങ്ക. റോബീഞ്ഞോ ജൂനിയറിന്റെ കുടുംബം കേസുമായി മുന്നോട്ട് പോകുന്നത് നെയ്മറിന് കടുത്ത ഭീഷണിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

content highlights: Neymar attacks teammate after being unhappy with a dribble; Santos club launches investigation

dot image
To advertise here,contact us
dot image