

മീററ്റ്: വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭാര്യയെ പേപ്പർകട്ടർ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. യുപിയിലെ മീററ്റിൽ വെള്ളിയാഴ്ചയാണ് സംഭവം. ലിസാരി ഗേറ്റ് എന്ന പ്രദേശത്ത് താമസിക്കുന്ന കൗസറാണ് ക്രൂരതയ്ക്ക് ഇരയായത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ രക്തത്തിൽ കുളിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അജ്ഞാതൻ മൂർച്ഛയേറിയ ആയുധം ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞെന്നാണ് ആദ്യം സംശയിച്ചത്. പിന്നീടാണ് സത്യാവസ്ഥ പുറത്തുവന്നത്.
കൗസറിന്റെ ഭർത്താവ് സാബിഖ് മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്ന് ഇതെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുടുങ്ങുകയായിരുന്നു. സംഭവസമയം ദമ്പതികളുടെ മൂന്ന് പെൺകുഞ്ഞുങ്ങൾ വീട്ടിലുണ്ടായിരുന്നു. കുട്ടികളിൽ ഒരാളോട് മോഷ്ടാക്കൾ വീട്ടിൽ കടന്നുകയറി അമ്മയെ കൊലപ്പെടുത്തിയെന്ന് പറയാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
മറ്റൊരു സ്ത്രീയുമായുള്ള സാബിറിൻ്റെ ബന്ധത്തെ കൗസർ നിരന്തരം എതിർത്തിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കേറ്റം പതിവായിരുന്നു. ഇതാണ് ഉറങ്ങിക്കിടക്കുമ്പോൾ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ പ്രതിയെ പ്രേരിപ്പിച്ചത്. കൊലയ്ക്ക് ശേഷം പൊലീസിനെയും കുടുംബത്തെയും ഇയാൾ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ചോദ്യം ചെയ്യലിനിടയിൽ ഇയാൾ പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതോടെയാണ് സത്യം പുറത്തുവന്നത്.
പ്രതി കുറ്റം സമ്മതിച്ചതിന് പിന്നാലെ ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ടവറുകൾ സ്ഥാപിക്കുന്ന പണികൾക്കാണ് ഇയാൾ പകൽ പോയിരുന്നത്. രാത്രികാലങ്ങളിൽ ഓട്ടോറിക്ഷാ ഡ്രൈവറായും ജോലി ചെയ്തിരുന്നു. ജീവനൊടുക്കാൻ ഭാര്യക്ക് മേൽ ഇയാൾ സമ്മർദ്ദം ചെലുത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്. ഇതിനായി ഇയാൾ പലപ്പോഴും പ്രകോപനപരമായ ഇടപെടൽ നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
Content Highlights: Police in Meerut have arrested a man accused of murdering his wife and attempting to disguise the crime as a robbery