

ഭോപ്പാൽ: മധ്യപ്രദേശ് ജബല്‍പൂര്‍ ജില്ലയിലെ ബര്‍ഗി ഡാം റിസര്‍വോയറിലുണ്ടായ ക്രൂസ് ബോട്ടപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അപകടമുണ്ടായ സമയത്തെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കടുത്ത സുരക്ഷാ വീഴ്ചയുണ്ടായെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ബോട്ടില്‍ വെള്ളം ഇരച്ചുകയറിയപ്പോൾ മാത്രമാണ് യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റ് നല്‍കിയത്.
വിനോദ സഞ്ചാര ബോട്ടില്‍ യാത്രക്കാര്‍ ലൈഫ് ജാക്കറ്റ് ഇല്ലാതെ ഇരിക്കുന്നതും പെട്ടെന്ന് ബോട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറുന്നതുമാണ് ദൃശ്യത്തിലുള്ളത്. തുടര്‍ന്ന് ആളുകള്‍ നിലവിളിക്കുന്നതും ബോട്ടിനുള്ളിലേക്ക് വെള്ളം നിറയുന്നതും കാണാം. ലൈഫ് ജാക്കറ്റിനുള്ളില്‍ കെട്ടിപ്പിടിച്ച നിലയില്‍ കഴിഞ്ഞ ദിവസം യുവതിയുടെയും നാലുവയസുകാരന്‍ മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ആ അമ്മയെയും മകനെയും ദൃശ്യങ്ങളില്‍ കാണാം. ബോട്ടിന്റെ ഇടതുവശത്തായി മകനെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന അമ്മയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
അപകടമുണ്ടായതോടെ പരിഭ്രാന്തനായ ബോട്ട് ജീവനക്കാരന്‍ ലൈഫ് ജാക്കറ്റുകളുടെ വലിയ കെട്ടഴിക്കുന്നതും വീഡിയോയിലുണ്ട്. ബോട്ട് മുങ്ങാന്‍ തുടങ്ങുമ്പോഴാണിത്. പരിഭ്രാന്തരായി പായുന്ന യാത്രക്കാരില്‍ പലരും ലൈഫ് ജാക്കറ്റ് ധരിച്ചിട്ടില്ല എന്നതും ദൃശ്യങ്ങളില്‍ കാണാം. ബോട്ടില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ലെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറഞ്ഞിരുന്നു. ഈ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.
ജലത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ കയറുന്നതിന് മുന്‍പ് എല്ലാ യാത്രക്കാര്‍ക്കും ലൈഫ് ജാക്കറ്റ് നല്‍കുകയും അത് യാത്രക്കാര്‍ ശരിയായ രീതിയില്‍ ധരിച്ചുവെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്നാണ് നിയമം. എന്നാല്‍ ഈ അടിസ്ഥാന നിയമം പോലും ലംഘിച്ചിരുന്നെന്ന് ജബര്‍പൂരിലെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
40ലേറെ വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ട ക്രൂസിലുണ്ടായിരുന്നത്. എന്നാല്‍ ടിക്കറ്റ് നല്‍കിയത് വെറും 29 യാത്രക്കാര്‍ക്കും. സ്ഥലത്ത് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നിട്ടും അമിതമായി ആളുകളെ കയറ്റിയ ബോട്ടിന് ഡാമില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതും സുരക്ഷാലംഘനങ്ങളുടെ കൂട്ടത്തില്‍ പെടുന്നു. ഇതുവരെ 9 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 3 കുട്ടികളടക്കം നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Content Highlights: More footage of the cruise boat accident in the Bargi Dam reservoir in Jabalpur district of Madhya Pradesh has surfaced