

ക്രൂഡ് ഓയില്‍ വില ബാരലിന് 126 ഡോളര്‍ കടന്നതിനെ തുടര്‍ന്ന് ഇന്ധന വില ഉയര്‍ത്താന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറുന്നു. പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക എല്‍പിജി എന്നിവയുടെ വില കൂട്ടിയേക്കും. വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കുമെന്നാണ് സൂചന. ക്രൂഡ് കുതിക്കുന്നത് ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ നഷ്ടം ഇനിയും വര്‍ധിപ്പിക്കും.

ഇറാനെതിരെ നാവിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിയതിനെത്തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നത്. ഹോര്‍മുസ് ചരക്ക് നീക്കത്തിലെ തടസ്സവും ആഗോള വിതരണ പ്രതിസന്ധിയും ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഇറാനെതിരെ ഉപരോധമെന്ന ഭീഷണി മുഴക്കിയത്.
രാജ്യത്തെ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ, ഉയര്‍ന്ന ആഗോള വില സാധാരണക്കാരിലേക്കും എത്തുമെന്നാണ് കരുതുന്നത്. പെട്രോള്‍, ഡീസല്‍, വ്യോമയാന ടര്‍ബൈന്‍ ഇന്ധനം, എല്‍പിജി എന്നിവയില്‍ കമ്പനികള്‍ നേരിടുന്ന നഷ്ടം ചില്ലറ വില്‍പ്പന വില ഉയര്‍ത്തും. എന്നാല്‍ ഉടനെ വില ഉയര്‍ത്താന്‍ സാധ്യത കുറവാണെന്നും ഉപഭോക്താക്കള്‍ക്ക് അധികഭാരം വരാതിരിക്കാനാണ് മുന്‍ഗണനയെന്നുമാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍. അതേസമയം എല്‍പിജി സബ്‌സിഡി ചെലവ്, ഇതിനകം തന്നെ ഉയര്‍ന്നതിനാല്‍ ധനകാര്യ മേഖലയുടെ സമ്മര്‍ദ്ദവും നിലനില്‍ക്കുകയാണ്.
ഗള്‍ഫ് യുദ്ധത്തിന്റെ പ്രത്യാഘാതം രാജ്യത്ത് വലിയ രീതിയില്‍ അലയടിക്കുകയാണ്. എണ്ണക്കമ്പനികള്‍ പെട്രോള്‍ ലിറ്ററിന് 20 രൂപയും ഡീസല്‍ ഏതാണ്ട് 100 രൂപയും നഷ്ടം നേരിടുന്നുണ്ടെന്നാണ് കണക്കുകള്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 25-28 രൂപവരെ കൂട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ അത്തരമൊരു നീക്കമില്ലെന്നായിരുന്നു പെട്രോളിയം മന്ത്രാലയത്തിന്റെ ഇതുവരെയുള്ള പ്രതികരണം. എന്നാല്‍, അതിനുശേഷമാണ് വിലവര്‍ധന ഒഴിവാക്കാനാവില്ലെന്ന ധനമന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോര്‍ട്ട് പുറത്തുവന്നത്.
ആഗോള വിപണികളില്‍, ഏപ്രില്‍ മാസത്തെ ശരാശരി ഡീസല്‍, പെട്രോള്‍ വില ഫെബ്രുവരിയേക്കാള്‍ 119% വും 69% വും കൂടുതലായിരുന്നു. എല്‍പിജി വില 40% ത്തിലധികവും വിമാന ഇന്ധന വിലയും ഇരട്ടിയുമായി. ഫെബ്രുവരി 28 ന് യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, ബ്രെന്റ് ബാരലിന് ഏകദേശം 73 ഡോളറായിരുന്നു. ഇതാണ് വ്യാഴാഴ്ച്ച 126 ഡോളറിനു മുകളില്‍ എത്തിയത്.
Content Highlights: Crude oil crossing $126 per barrel has intensified pressure on the government to raise fuel prices, as OMCs face mounting losses amid global supply disruptions and the ongoing Gulf crisis