

സോഷ്യൽ മീഡിയയിലെ ഒരുപിടി കോൺഗ്രസ് സൈബർ ഹാൻഡിലുകൾ രസതന്ത്ര പാഠപുസ്തകത്തിലെ പീരിയോഡിക് ടേബിളിനെ അനുസ്മരിപ്പിക്കുന്ന നിലയിൽ പുതിയ മുഖ്യമന്ത്രിയുടെ രാസത്വരകത്തിന് അനുകൂലമായ ആവർത്തന പട്ടിക രൂപപ്പെടുത്തുന്ന തിരക്കിലാണ്. K C, V D, R C എന്നിങ്ങനെ മൂന്ന് നേതാക്കളുടെ പൊതുപ്രവർത്തനത്തിൻ്റെ രാസ സ്വഭാവവും സംഘടനാ ഇലക്ട്രോണുകളുടെ വിന്യാസവുമെല്ലാം അനുസരിച്ച് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള അർഹതയെ ക്രമീകരിക്കുന്ന പീരിയോഡിക് ടേബിളാണ് സോഷ്യൽ മീഡിയിൽ രൂപപ്പെടുന്നത്. കെ സിയുടെയും വി ഡിയുടെയും ആർ സിയുടെയും ചരിത്രവും പാരമ്പര്യവും ഓർമ്മിപ്പിക്കുന്ന പ്രകീർത്തനങ്ങൾ ഭക്തജന ഗ്രൂപ്പുകളിൽ ഹല്ലേലൂയകളായും പാറിപറക്കുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ അധികാരം ഉറപ്പിച്ച് മുന്നോട്ട് പോകുന്ന കേരളത്തിലെ കോൺഗ്രസിൽ ഇത്തവണ യുദ്ധം അടിച്ചിട്ട ഗ്രൂപ്പ് മുറികളിൽ നിന്ന് സോഷ്യൽ മീഡിയയുടെ അനാദിയായ സാധ്യതകളിലേയ്ക്ക് വളർന്നിരിക്കുകയാണ്
നേതാക്കളുടെ മുഖപുസ്തകത്തിൻ്റെ താളുകളിൽ അക്ഷരങ്ങളുടെയും വായനയുടെയും സർഗ്ഗാത്മകത നിറയുന്നത് കണ്ട് അണികൾ ഇതിനിടയിൽ ആനന്ദനിർവൃതി അടയുന്നുമുണ്ട്. നവമാധ്യമങ്ങളുടെ പരീക്ഷണ സാധ്യതകളിൽ പിന്നോട്ടില്ലെന്ന പോഡ്കാസ്റ്റ് പ്രഖ്യാപനം മറ്റൊരു കൂട്ടരുടെ പോരാട്ടവീര്യത്തെയും ഉറപ്പിക്കുന്നു. പ്രതിച്ഛായ നിർമ്മിതി മുതൽ പാരമ്പര്യത്തിൻ്റെ തഴമ്പ്, വികസന കാഴ്ചപ്പാടുകളുടെ ആഴവും പരപ്പും, ഭരണനൈപുണ്യത്തിൻ്റെ പരിചയ സമ്പന്നത തുടങ്ങി വ്യത്യസ്ത കോറസ്സുകളുടെ ഗാനങ്ങൾക്കാണ് തെരഞ്ഞെടുപ്പിലേയ്ക്കായി രാഹുൽ ഗാന്ധി കൊറിയോഗ്രാഫി ചെയ്ത സംഘനർത്തകർ ഇപ്പോൾ ഒറ്റയ്ക്ക് ചുവട് വെയ്ക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ അധികാരം ഉറപ്പിച്ച് മുന്നോട്ട് പോകുന്ന കേരളത്തിലെ കോൺഗ്രസിൽ ഇത്തവണ യുദ്ധം അടിച്ചിട്ട ഗ്രൂപ്പ് മുറികളിൽ നിന്ന് സോഷ്യൽ മീഡിയയുടെ അനാദിയായ സാധ്യതകളിലേയ്ക്ക് വളർന്നിരിക്കുകയാണ്. വിജയം ഉറപ്പിച്ച് മുഖ്യമന്ത്രിയെ തീരുമാനിച്ച് കോൺഗ്രസുകാർ ആടി തിമിർക്കുന്ന കോമഡി ഷോകളിൽ രസിച്ചിരിക്കുന്നതിനാൽ തന്നെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനുള്ള നീണ്ട ഇടവേളകൾ മലയാളികളെ സംബന്ധിച്ച് ഒട്ടും വിരസതയുണ്ടാക്കുന്നതായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം! ഇനിയെങ്ങാൻ ഭരണം കിട്ടിയാൽ വരാനിരിക്കുന്ന ബ്ലോക്ക് ബസ്റ്റർ ത്രില്ലറിൻ്റെ ട്രെയിലറും ടീസറുമായി വേണം ഇതിനെയെല്ലാം കാണാൻ.
ഭരണം കിട്ടിയാൽ ആരാകും മുഖ്യമന്ത്രി എന്ന നിലയിൽ സൈബർ ഇടങ്ങളിൽ ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾ യഥാർത്ഥത്തിൽ കോൺഗ്രസിൽ നടക്കാനിരിക്കുന്ന പ്രക്ഷുബ്ധമായ ചർച്ചകളുടെ നിലമൊരുക്കലാണ്. തെരഞ്ഞെടുപ്പ് ഫലം അനുകൂലമായാൽ പിന്നീട് നടക്കുന്ന മാരത്തൺ ചർച്ചകളിൽ ആധിപത്യം നേടാനുള്ള മനഃശാസ്ത്രപരമായ യുദ്ധ തന്ത്രമാണ് ഇപ്പോൾ കോൺഗ്രസിൻ്റെ സൈബർ ഇടങ്ങളിൽ സജീവമായിരിക്കുന്നത്. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്ന് പേരുകളിലേയ്ക്ക് മുഖ്യമന്ത്രി സാധ്യതയുടെ ഫോക്കസ് കേന്ദ്രീകരിക്കാൻ സാധിച്ചു എന്നതാണ് നിലവിലെ കോലാഹലങ്ങളുടെ അന്തിമഫലം. തിരുവഞ്ചൂർ രാധാകൃഷ്ണനെയും കെ മുരളീധരനെയും സണ്ണി ജോസഫിനെയുമെല്ലാം സോഷ്യൽ മീഡിയയുടെ അരിക്കൽ പ്രക്രിയ പുറത്താക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇതിൻ്റെ ഗുണഭോക്താവ് ആരായിരിക്കും എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. ഹൈക്കമാൻഡിൽ പിടിയുള്ള സംഘടനാ ശ്രേണിയിലെ അതികായൻ എന്ന നിലയിൽ കെ സി വേണുഗോപാൽ തന്നെയാവും ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി എന്ന നിലയിലാണ് നിലവിലെ വിശകലനങ്ങളുടെയെല്ലാം യുക്തിസഹമായ തീർപ്പ് എത്തി നിൽക്കുന്നത്. നേർരേഖയിൽ ചിന്തിച്ചാൽ ഭാവിയുടെ ദിശാസൂചിക കെ സി വേണുഗോപാലിലേയ്ക്ക് തന്നെയാണ് നീളുന്നത്. എന്നാൽ കാര്യങ്ങൾ നേർരേഖയിൽ തന്നെ പോകണമെന്നില്ല എന്നതാണ് വി ഡി സതീശൻ്റെയും രമേശ് ചെന്നിത്തലയുടെയും സാധ്യതകളെ സജീവമാക്കുന്നത്. 2021ലെ അനുഭവം ഈ അനുമാനത്തെ അടിവരയിടുന്നുണ്ട്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഫലം വരുന്നതിന് മുമ്പായി തന്നെ കോൺഗ്രസിൽ മുഖ്യമന്ത്രി സാധ്യതകളുടെ അഭ്യൂഹങ്ങളും അണിയറ ചർച്ചകളും ഉയർന്നിരുന്നു. 2016മുതൽ 2021വരെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകട്ടെ എന്ന ചർച്ചകൾ ആ ഘട്ടത്തിൽ അന്തരീക്ഷത്തിൽ ഉണ്ടായിരുന്നു. രമേശിനായി പ്രതിപക്ഷ പദവി ഒഴിഞ്ഞ് കൊടുത്ത ഉമ്മൻ ചാണ്ടിയെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കണം എന്നതായിരുന്നു മറ്റൊരു വിഭാഗത്തിൻ്റെ ആവശ്യം. ആദ്യ ടേം ഉമ്മൻ ചാണ്ടിയും രണ്ടാം ടേം രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ആകട്ടെ എന്നൊരു സമവായ സാധ്യതയും ആ ഘട്ടത്തിൽ ഉയർന്ന് കേട്ടിരുന്നു. എന്തായാലും 2021ൽ O C, R C എന്നീ രണ്ട് പേരുകൾ മാത്രമായിരുന്നു ചർച്ചകളിൽ ഉണ്ടായിരുന്നത്.
എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കോൺഗ്രസ് പ്രതിപക്ഷത്തായി. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചു. രമേശിൻ്റെ വിശാല ഐ ഗ്രൂപ്പും ഉമ്മൻ ചാണ്ടിയുടെ എ ഗ്രൂപ്പും ഒരുമിച്ചാൽ മറ്റൊരു ആലോചനയ്ക്ക് പോലും സാധ്യതയുണ്ടായിരുന്നില്ല. രമേശിനെ പ്രതിപക്ഷ നേതാവാക്കി ഐ ഗ്രൂപ്പിൻ്റെ പിന്തുണയോടെ കെ സി ജോസഫിനെ കെപിസിസി പ്രസിഡൻ്റാക്കുക എന്നതായിരുന്നു ഉമ്മൻ ചാണ്ടിയുടെ താൽപ്പര്യം. എന്തായാലും ഈ നീക്കത്തിൽ എ ഗ്രൂപ്പിൽ അഭിപ്രായ ഐക്യം ഉണ്ടായിരുന്നില്ല. തിരുവഞ്ചൂരും പി ടി തോമസും ഹൈക്കമാൻഡിന് മുന്നിൽ സ്വന്തം പേരുകൾ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചു. ഷാഫി പറമ്പിൽ അടക്കമുള്ള യുവതുർക്കികളും ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശം പരിഗണിച്ചില്ല. എ ഗ്രൂപ്പിൽ നിന്നുള്ള നാല് എംഎൽഎമാർ മാത്രമാണ് ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശത്തെ പിന്തുണച്ച് രമേശിന് അനുകൂലമായി നിന്നത്. വിശാല ഐ ഗ്രൂപ്പിലും വി ഡി സതീശനെ പിന്തുണയ്ക്കാൻ എംഎൽഎമാർ ഉണ്ടായി. അങ്ങനെയാണ് ഹൈക്കമാൻഡിൻ്റെ കൂടി പിന്തുണയോടെ വി ഡി സതീശൻ ചിത്രത്തിൽ വരുന്നത്. തലമുറമാറ്റം വരട്ടെ എന്ന കോൺഗ്രസിലെ യുവ എംഎൽഎമാരുടെ കൂടി നിലപാടാണ് 2021ൽ അപ്രതീക്ഷിതമായി വി ഡി സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് എത്തിച്ചത്. ഈ അനുഭവം പരിഗണിക്കുമ്പോൾ കോൺഗ്രസിനെ സംബന്ധിച്ച് കാര്യങ്ങളെല്ലാം നേർരേഖയിലൂടെ തന്നെ ചലിക്കണമെന്നില്ല.
ഭരണം ലഭിച്ചാൽ മുഖ്യമന്ത്രിയാകാനുള്ള സ്വഭാവിക നീതിക്ക് അർഹൻ വി ഡി സതീശനാണെന്ന വികാരം കോൺഗ്രസ് അണികളിലും അനുഭാവികളിലും ഉണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി ഡി സതീശൻ്റെ ഇടപെടലാണ് പ്രധാനമായും ഭരണമാറ്റത്തിനുള്ള സാഹചര്യം ഉണ്ടാക്കിയതെന്ന വാദം തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ ഒരുവിഭാഗം ഉയർത്തിയിരുന്നു. 2021ൽ അപ്രതീക്ഷിതമായാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും പി ടി തോമസും കെ ബാബുവും അടക്കമുള്ള പാർലമെൻ്ററി പാർട്ടിയുടെ നേതാവായി വി ഡി സതീശൻ വരുന്നത്. നിലവിലെ സാഹചര്യത്തിൽ വി ഡി സതീശന് മുഖ്യമന്ത്രിയാകാൻ അതിലും വലിയ അത്ഭുതെമാന്നും സംഭവിക്കേണ്ടെന്നാണ് വി ഡി അനുകൂലികൾ അടക്കം പറയുന്നത്.
2021ന് ശേഷം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമെല്ലാം കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് നേടിയ തിളക്കമുള്ള വിജയങ്ങൾ എന്തായാലും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി ഡി സതീശൻ്റെ നേട്ടമാണെന്ന് വിലയിരുത്തലുകളുണ്ട്
2021ന് ശേഷം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമെല്ലാം കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് നേടിയ തിളക്കമുള്ള വിജയങ്ങൾ എന്തായാലും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി ഡി സതീശൻ്റെ നേട്ടമാണെന്ന് വിലയിരുത്തലുകളുണ്ട്. തെരഞ്ഞെടുപ്പുകൾ വിജയിക്കാൻ കോൺഗ്രസ് സവിശേഷമായ ഒരു തന്ത്രം രൂപപ്പെടുത്തിയതാണ് ഈ വിജയങ്ങളുടെ അടിസ്ഥാനമെന്നും അതിൻ്റെ ആസൂത്രകനും പ്രയോക്താവും വി ഡി സതീശനാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്.
യുഡിഎഫ് 100 സീറ്റിലധികം നേടി അധികാരത്തിൽ മടങ്ങിയെത്തുമെന്ന ആത്മവിശ്വാസം അണികളിൽ സൃഷ്ടിച്ചത് വി ഡി സതീശൻ ഈ നിലപാട് ആവർത്തിച്ച് പറയാൻ തുടങ്ങിയതോടെയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതോടൊപ്പം വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മ എന്നതിൽ ഉപരിയായി സാമുദായിക വിഭാഗങ്ങളെയെല്ലാം അണിനിരത്തുന്ന ഒരു പൊളിറ്റിക്കൽ പ്ലാറ്റ്ഫോമാണ് യുഡിഎഫ് എന്ന വി ഡി സതീശൻ്റെ ആവർത്തിച്ചുള്ള നിലപാട് കോൺഗ്രസിൽ നിന്ന് അകന്ന് പോയ വിഭാഗങ്ങളെ യുഡിഎഫിന് പിന്നിൽ അണിനിരത്താൻ സഹായിച്ചുവെന്നും വിലയിരുത്തലുകളുണ്ട്. ടീം യുഡിഎഫ് എന്ന വികാരം പ്രതിപക്ഷ സഖ്യത്തിന് സമ്മാനിച്ചത് വി ഡി സതീശനാണെന്ന ശക്തമായ വികാരം താഴെതട്ടിലുള്ള പ്രവർത്തകർക്കുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിൻ്റെയെല്ലാം പ്രതിഫലനമായിരുന്നു വി ഡി സതീശൻ മുഖ്യമന്ത്രിയാകട്ടെ എന്ന മുഹമ്മദ് ഷിയാസിൻ്റെ പരോക്ഷ പ്രതികരണം.
100 സീറ്റ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് തുടക്കമിടണമെന്ന് ചൂണ്ടിക്കാണിച്ച് മണ്ഡലങ്ങളുടെ പട്ടിക അടക്കം ഉൾപ്പെടുന്ന ഒരു രൂപരേഖ ഏതാണ്ട് ഒരു വർഷം മുമ്പ് വി ഡി സതീശൻ രാഷ്ട്രീയകാര്യ സമിതിയിൽ അവതരിപ്പിച്ചത് പാർട്ടിക്കുള്ളിൽ വിവാദമായിരുന്നു. എന്നാൽ കോൺഗ്രസിന് 100 സീറ്റ് നേടാൻ സാധ്യതകൾ ഉണ്ടെന്ന ചർച്ച പുറത്ത് മാധ്യമങ്ങളിൽ അടക്കം സജീവമായി ഉയർന്ന് വന്നത് അതിന് ശേഷമായിരുന്നു. രാഷ്ട്രീയകാര്യ സമിതിയിൽ മിഷൻ 63 എന്ന സാധ്യത വി ഡി സതീശൻ മുന്നോട്ട് വെച്ചു. 2001ൽ കോൺഗ്രസ് വിജയിച്ച 63 സീറ്റിലും വിജയിക്കാൻ കഴിയുമെന്നതായിരുന്നു ഇതിൻ്റെ അന്തഃസത്ത. ഈ 63 സീറ്റിൽ അടക്കം വിജയ സാധ്യത പരിഗണിച്ച് സ്വന്തം നിലയിൽ നടത്തിയ സർവേയിലെ നിരീക്ഷണങ്ങളും വി ഡി സതീശൻ രാഷ്ട്രീയകാര്യ സമിതിയിൽ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ സതീശന് മുഖ്യമന്ത്രി ആകാനുള്ള നീക്കം എന്ന നിലയിലുള്ള ആരോപണവുമായി ചില നേതാക്കൾ ഇത്തരം നീക്കങ്ങളെ മുളയിലെ നുള്ളി. കെ സി വേണുഗോപാലിനൊപ്പം നിൽക്കുന്ന എ പി അനിൽ കുമാറായിരുന്നു അന്ന് സതീശനെതിരായ വിമർശനങ്ങളുടെ കുന്തമുനയായത്. ഏതാണ്ട് ആ ഘട്ടംമുതൽ കെ സി വേണുഗോപാൽ വിഭാഗം സതീശൻ്റെ എല്ലാ നീക്കങ്ങളെയും അങ്ങനെ തന്നെയാണ് നോക്കി കണ്ടിരുന്നത്. എന്നാൽ ഷാഫി പറമ്പിൽ അടക്കമുള്ള യുവ നേതാക്കളുടെ പിന്തുണ വി ഡി സതീശന് ആ ഘട്ടത്തിലെല്ലാം കരുത്തായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കർശന നിലപാട് എടുത്തതാണ് വി ഡി സതീശന് തിരിച്ചടിയായത്. ഷാഫി പറമ്പിൽ അടക്കമുള്ള എ ഗ്രൂപ്പിൻ്റെ എതിർപ്പ് ക്ഷണിച്ച് വരുത്തുന്നതായിരുന്നു രാഹുൽ വിഷയത്തിൽ വി ഡി സതീശൻ സ്വീകരിച്ച നിലപാട്. അന്ന് വി ഡി സതീശൻ സ്വീകരിച്ച ശക്തമായ നിലപാടാണ് രാഹുൽ വിഷയത്തിൽ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിരോധത്തിലാകുമായിരുന്ന സാഹചര്യത്തെ പ്രതിരോധിച്ചത് എന്ന് നിസംശയം പറയാം. എന്നാൽ അതിന് വേണ്ടി വി ഡി സതീശന് ബലി കഴിക്കേണ്ടി വന്നത് കേരളത്തിൻ്റെ മുഖ്യമന്ത്രി കസേരയായിരുന്നോ എന്നത് കാലമാണ് അടയാളപ്പെടുത്തേണ്ടത്. എന്തായാലും ഷാഫി അടക്കമുള്ള നേതാക്കൾ പഴയത് പോലെ വി ഡി സതീശന് പിന്നിൽ പാറപോലെ ഉറച്ച് നിന്നേക്കുമെന്ന് കരുതേണ്ടതില്ല. കെ സി വേണുഗോപാൽ വിഭാഗത്തിൻ്റെ ശക്തമായ എതിർപ്പും വി ഡി സതീശന് തിരിച്ചടിയാണ്. സീറ്റ് നിർണ്ണയത്തിൽ അടക്കം വി ഡി സതീശൻ്റെ തീരുമാനങ്ങളെ കെ സി വേണുഗോപാൽ പരസ്യമായി വെല്ലുവിളിച്ചത് വരാനിരിക്കുന്ന നേർക്ക് നേർ പേരാട്ടത്തിൻ്റെ സൂചന തന്നെയാണ്. ആർക്കെങ്കിലും തന്നോടുള്ള വ്യക്തിപരമായ അടുപ്പമല്ല, കഴിവ് തന്നെയാകും യോഗ്യത എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന പിടിവള്ളിയാകുമെന്നാണ് വി ഡി സതീശൻ അനുകൂലികൾ കാണുന്നത്. 2021ൽ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ പ്രവർത്തിച്ച ഹൈക്കമാൻഡ് താൽപ്പര്യം ഇത്തവണ അനുകൂലമാകുമോ എന്നതും സതീശന് നിർണ്ണായകമാണ്. ഭരണം ലഭിച്ചാൽ കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചാൽ മന്ത്രിസഭയിൽ പോലും ചേരാതെ വി ഡി സതീശൻ മാറി നിൽക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എന്തുതന്നെയായാലും സ്വഭാവിക നീതിയും അർഹതയും ഉയർത്തിയാവും വി ഡി സതീശനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ ഹൈക്കമാൻഡിന് മുന്നിൽ അവകാശവാദം ഉന്നയിക്കുക എന്നത് തീർച്ചയാണ്.
ഇത്തവണ ഭരണം കിട്ടിയാൽ കെ സി വേണുഗോപാൽ ആകും മുഖ്യമന്ത്രി എന്ന നിലയിലാണ് സംസ്ഥാന കോൺഗ്രസിനുള്ളിലെ ട്രെൻഡ് സെറ്റ് ചെയ്യപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഒരു നേതാവിൻ്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർന്ന് വരുന്നത് കോൺഗ്രസിൽ ഏതെങ്കിലും നിലയിൽ നേതൃദാരിദ്രമുള്ളതിനാലല്ലെന്ന് തീർച്ച. ഉറപ്പിച്ച് ഉറച്ച ഒരു തീരുമാനത്തിൻ്റെ ഭാഗമാണ് ആ നീക്കം എന്നാണ് തെരഞ്ഞെടുപ്പിന് ശേഷം ഉയരുന്ന മുഖ്യമന്ത്രിയെ മുൻനിർത്തിയുള്ള വ്യാപക പ്രചാരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. യഥാർത്ഥത്തിൽ 2021ൽ കേരളത്തിലെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ നീണ്ട് കിടക്കുന്ന ഒരു പ്ലോട്ട് നിലവിൽ കെ സി വേണുഗോപാലിൻ്റെ മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയ്ക്ക് തുടർച്ച നിഷേധിച്ച് വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത് കെ സി വേണുഗോപാലിൻ്റെ താൽപ്പര്യപ്രകാരമാണ് എന്ന അഭ്യൂഹം അന്നേ ഉണ്ടായിരുന്നു. എന്തായാലും 2021ൽ പ്രതിപക്ഷ നേതാവായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ ഇത്തവണ ഭരണം ലഭിച്ചാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള സ്വഭാവിക പരിഗണനയ്ക്ക് അർഹനായോനെ
2021ൽ കെ സി വേണുഗോപാലും താരിഖ് അൻവറുമായിരുന്നു പുതിയ പ്രതിപക്ഷ നേതാവിനെ കണ്ടെത്താനുള്ള കേരള ദൗത്യത്തിൻ്റെ ചുക്കാൻ വഹിച്ചത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയ്ക്ക് തുടർച്ച നിഷേധിച്ച് വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത് കെ സി വേണുഗോപാലിൻ്റെ താൽപ്പര്യപ്രകാരമാണ് എന്ന അഭ്യൂഹം അന്നേ ഉണ്ടായിരുന്നു. എന്തായാലും 2021ൽ പ്രതിപക്ഷ നേതാവായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ ഇത്തവണ ഭരണം ലഭിച്ചാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള സ്വഭാവിക പരിഗണനയ്ക്ക് അർഹനായോനെ. അതിനാൽ തന്നെ രമേശ് ചെന്നിത്തല വീണ്ടും പ്രതിപക്ഷ നേതാവാകണ്ട എന്ന 2021ലെ തീരുമാനം തികച്ചും യാദൃശ്ചികമായിരുന്നില്ല എന്നാണ് കോൺഗ്രസിലെ പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.
രാഹുൽ ഗാന്ധിയുടെ പിന്തുണ ഉണ്ടാകും എന്നതിൽ ഉപരി പാർലമെൻ്ററി പാർട്ടിയിൽ സ്വന്തം അനുയായികൾക്ക് മുൻതൂക്കം ഉണ്ടാകും എന്നതാണ് കെ സി വേണുഗോപാലിന് അനുകൂല ഘടകമായി വരാനുള്ള സാധ്യതയായി പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. വിജയിച്ച് വരുന്നവരിൽ ഭൂരിപക്ഷവും തന്നെ പിന്തുണയ്ക്കുന്നവരായിരിക്കണം എന്ന നിലയിൽ കെ സി വേണുഗോപാൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ ഇടപെടൽ നടത്തി എന്ന അടക്കം പറച്ചിലുകൾ ഉണ്ടായിരുന്നു. കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി പട്ടിക വൈകിയതിന് പിന്നിൽ പോലും ഇത്തരം പിടിവാശികൾ ഘടകമായിരുന്നുവെന്നാണ് അണിയറക്കഥകൾ വെളിവാക്കുന്നത്.
ഹൈക്കമാൻഡ് പിന്തുണ അടക്കം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും കെ സി വേണുഗോപാലിന് പ്രതികൂലമായ നിരവധി ഘടകങ്ങൾ നിലവിലുണ്ട്. ഭരണം കിട്ടി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി നിയോഗിച്ചാൽ രണ്ട് ഉപതെരഞ്ഞെടുപ്പുകൾക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വരും. വി ഡി സതീശനെയും രമേശ് ചെന്നിത്തലയെയും മറികടന്ന് കെ സി വേണുഗോപാൽ മുഖ്യമന്ത്രിയായി വരുന്ന സാഹചര്യം കോൺഗ്രസിലെ സംഘടനാപരമായ പ്രശ്നങ്ങൾ രൂക്ഷമാക്കിയേക്കാം എന്നതാണ് ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം കാണുന്ന അപകടകരമായ സാഹചര്യം. ഈയൊരു സാഹചര്യത്തിൽ കേരളത്തിൽ നിയമസഭയിലേയ്ക്കും ലോക്സഭയിലേയ്ക്കും ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നത് എത്രമാത്രം ഗുണകരമാകും എന്ന് ഹൈക്കമാൻഡ് ഗൗരവത്തിൽ തന്നെ പരിഗണിക്കുമെന്ന് തീർച്ചയാണ്. രാജ്യസഭയിലെ കാലാവധി പൂർത്തിയാക്കാതെ രാജിവെച്ചാണ് കെ സി വേണുഗോപാൽ നിലവിൽ ലോക്സഭാ അംഗമായിരിക്കുന്നത്. രാജസ്ഥാനിൽ നിന്ന് കെ സി വേണുഗോപാൽ രാജിവെച്ച ഒഴിവിൽ ബിജെപി നേതാവ് രവ്നീത് സിങ് ബിട്ടു രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് രാഷ്ട്രീയമായ വിമർശനത്തിന് വഴിതെളിച്ചിരുന്നു. ഈയൊരു സാഹചര്യത്തിൽ വീണ്ടും ലോക്സഭാ അംഗത്വം രാജിവെച്ച് കെ സി വേണുഗോപാൽ നിയമസഭയിലേയ്ക്ക് മത്സരിക്കുന്ന സാഹചര്യം ഗുണപരമാണോയെന്ന് കേന്ദ്ര നേതൃത്വത്തിന് ഗൗരവത്തിൽ പരിശോധിച്ചേക്കും.

കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകണോ എന്ന തീരുമാനത്തിൽ കേരളത്തിൽ പ്രചാരണത്തിന് എത്തിയ സച്ചിൻ പൈലറ്റിൻ്റെയും ഡി കെ ശിവകുമാറിൻ്റെയും രേവന്ത് റെഡ്ഡിയുടെയുമെല്ലാം നിലപാട് നിർണ്ണായകമായേക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കർണാടകയിലെയും രാജസ്ഥാനിലെയും നേതൃമാറ്റ വിഷയുമായി ബന്ധപ്പെട്ട കെ സി വേണുഗോപാലിൻ്റെ സംഘടനാപരമായ മുൻനിലപാടുകൾ ചൂണ്ടിക്കാണിച്ച് കേരളത്തിൽ തെരഞ്ഞെടുപ്പ് നയിച്ച നേതാക്കളെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാട് ഇവർ സ്വീകരിച്ചേക്കാമെന്നും കോൺഗ്രസിൽ സംസാരമുണ്ട്. കെ സി വേണുഗോപാൽ അഖിലേന്ത്യാ നേതൃത്വത്തിൽ തുടരണമെന്ന നിലപാടും ഇവർ സ്വീകരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ കെ സി വേണുഗോപാലിനെ അഖിലേന്ത്യാ നേതൃത്വത്തിൽ നിന്നും അകറ്റി നിർത്തണമെന്ന് നിലപാടുള്ള ഒരുവിഭാഗം നേതാക്കൾ കെ സിയെ കേരളത്തിലേയ്ക്ക് അയക്കാനുള്ള നീക്കത്തെ പിന്തുണച്ചേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേരളം പോലെ ഭരണം ലഭിക്കാൻ സുഗമമായ ഒരിടത്തല്ല, മറിച്ച് കോൺഗ്രസിന് ഭരണം ലഭിക്കാൻ വലിയ പോരാട്ടം നടത്തേണ്ടിടത്ത് നേട്ടമുണ്ടാക്കി വേണം സംഘടനാകാര്യ ജനറൽ സെക്രട്ടറി എന്ന നിലയിൽ വിജയത്തിൻ്റെ ക്രെഡിറ്റ് എടുക്കാനെന്ന നിലയിലുള്ള വിമർശനം കെ സി വേണുഗോപാലിനെതിരെ ചില കോൺഗ്രസ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ പങ്കുവെയ്ക്കുന്നുണ്ട്. കേരളത്തിലെ വിജയത്തിൻ്റെ ക്രെഡിറ്റ് കെ സി വേണുഗോപാലിന് കൊടുക്കാനുള്ള ഒരു വിഭാഗത്തിൻ്റെ നീക്കത്തോടുള്ള എതിർപ്പിൻ്റെ ഭാഗമായാണ് ഇത്തരം വിമർശനങ്ങൾ ഉയരുന്നത്.
എന്നാൽ വി ഡി സതീശനുമായി അകന്ന ഷാഫി പറമ്പിൽ നേതൃത്വം നൽകുന്ന വിഭാത്തിൻ്റെ പിന്തുണ ആർജ്ജിക്കാനുള്ള നീക്കങ്ങൾ സമീപകാലങ്ങളിൽ കെ സി വേണുഗോപാൽ നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ സോഷ്യൽ മീഡിയ പ്രചാരണങ്ങളെ വലിയ നിലയിൽ തള്ളിപ്പറയാതെ കെ സി വേണുഗോപാൽ മൃദുസമീപനം സ്വീകരിച്ചത് ഇതിൻ്റെ ഭാഗമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ നിലയിൽ കോൺഗ്രസിലെ ഷാഫി-രാഹുൽ അനുകൂല സൈബർ പോരാളികളുടെ പിന്തുണയും സമീപകാലത്ത് കെ സി വേണുഗോപാലിന് ലഭിച്ചിരുന്നു. ഷാഫിയെ പിന്തുണയ്ക്കുന്ന എംഎൽഎമാർ കെ സിക്കൊപ്പം നിൽക്കുന്ന സാഹചര്യം ഭരണം ലഭിച്ചാൽ പാർലമെൻ്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ നിർണ്ണായകമായേക്കും. ഭരണം ലഭിച്ചാൽ ആരാകണം മുഖ്യമന്ത്രി എന്നതിൽ മുസ്ലിം ലീഗിൻ്റെ നിലപാടും നിർണ്ണായകമാണ്. എ പി അനിൽ കുമാർ നടത്തിയ കെ സി മിഷനെ പക്ഷെ ആ നിലയിൽ ലീഗ് നേതൃത്വം ഗൗരവമായി പരിഗണിച്ചിട്ടില്ലെന്നതും കെ സി ക്യാമ്പിന് ക്ഷീണമാണ്. താനുമായുള്ള അടുപ്പമല്ല മറിച്ച് കഴിവും അർഹതയുമാണ് മാനദണ്ഡം എന്ന തൻ്റെ നിലപാട് കെ സിക്ക് അനുകൂലമായ മാനദണ്ഡമായി രാഹുൽ ഗാന്ധി അവസാന നിമിഷം അവതരിപ്പിക്കുമോ എന്നതും കെ സി വേണുഗോപാലിനെ സംബന്ധിച്ച് പ്രധാനമാണ്.
നിലവിൽ വി ഡി സതീശനെക്കാളും കെ സി വേണുഗോപാലിനെക്കാളും പരിചയ സമ്പന്നനും സീനിയറുമായ നേതാവാണ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡൻ്റ്, ആഭ്യന്തര മന്ത്രി എന്നീ നിലകളിൽ ഭരണപരമായും സംഘടനാപരമായും മികവ് തെളിയിച്ച നേതാവാണ് രമേശ് ചെന്നിത്തല. കെ കരുണാകരനോടും എ കെ ആൻ്റണിയോടും ഉമ്മൻ ചാണ്ടിയോടും ഒപ്പം ചേർന്ന് പ്രവർത്തിച്ച ചരിത്രം രമേശ് ചെന്നിത്തലയ്ക്കുണ്ട്. 28-ാമത്തെ വയസ്സിൽ കരുണാകരൻ്റെ മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയായി ഇടം നേടിയ നേതാവ് കൂടിയാണ് രമേശ് ചെന്നിത്തല. നിലവിൽ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങളുടെ അടിസ്ഥാനവും ഭരണപരമായും സംഘടനാപരമായും രമേശ് ചെന്നിത്തലയ്ക്ക് അവകാശപ്പെടാവുന്ന പാരമ്പര്യവും പരിചയസമ്പന്നതയുമാണ്. മുതിർന്ന നേതാവ് എന്ന നിലയിലുള്ള തൻ്റെ പ്രാധാന്യം രമേശ് ചെന്നിത്തലയും അടയാളപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശൻ-കെ സി വേണുഗോപാൽ തർക്കം മുറുകി പൊട്ടിത്തെറിയിലേയ്ക്ക് പോയാൽ ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായി രമേശ് ചെന്നിത്തലയുടെ പേര് ഒരുപക്ഷെ ഉയർന്ന് വന്നേക്കാം. ഹൈക്കമാൻഡ് തന്നെ നിർണ്ണായകമായൊരു ഘട്ടം വന്നാൽ അത്തരമൊരു സാധ്യത പരിഗണിച്ചേക്കാം.
പാർലമെൻ്ററി പാർട്ടിയിൽ വേണ്ടത്ര പിന്തുണയുണ്ടാവില്ല എന്നതാണ് രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടിയായേക്കാവുന്ന പ്രധാനഘടകം. രമേശ് ചെന്നിത്തലയെ ശക്തമായി പിന്തുണയ്ക്കുന്ന നേതൃനിരയുടെ അഭാവം കോൺഗ്രസിലുണ്ട്. മുസ്ലിം ലീഗും ആ അർത്ഥത്തിൽ രമേശ് ചെന്നിത്തലയെ പരിഗണിച്ചേക്കാൻ സാധ്യതയില്ല. ഹൈക്കമാൻഡിലും രമേശിന് വേണ്ടി വാദിക്കാൻ പ്രമുഖരാരും ഇല്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശൻ-കെ സി വേണുഗോപാൽ തർക്കം മുറുകി പൊട്ടിത്തെറിയിലേയ്ക്ക് പോയാൽ ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായി രമേശ് ചെന്നിത്തലയുടെ പേര് ഒരുപക്ഷെ ഉയർന്ന് വന്നേക്കാം. ഹൈക്കമാൻഡ് തന്നെ നിർണ്ണായകമായൊരു ഘട്ടം വന്നാൽ അത്തരമൊരു സാധ്യത പരിഗണിച്ചേക്കാം.

2021ൽ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിൽ രമേശ് ചെന്നിത്തലയ്ക്ക് പരിഭവം ഉണ്ടായിരുന്നു. അത്തരത്തിലൊരു നീതിനിഷേധം ചൂണ്ടിക്കാണിച്ച് അത് വീണ്ടും ആവർത്തിക്കരുതെന്ന് രമേശ് ചെന്നിത്തല കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടേക്കാം. ഗ്രൂപ്പുകൾക്ക് അതീതനായി നിന്ന് സ്വീകാര്യതയുണ്ടാക്കാനുള്ള രമേശ് ചെന്നിത്തലയുടെ നീക്കത്തെ വിജയിച്ച് വരുന്ന കോൺഗ്രസ് എംഎൽഎമാർ എങ്ങനെ പരിഗണിക്കുന്നു എന്നതും പ്രധാനമാണ്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഒരു സാധ്യതയുമില്ലെന്ന ഘട്ടം വന്നാൽ കെ സി വേണുഗോപാലിനെ വെട്ടാൻ രമേശ് ചെന്നിത്തല വി ഡി സതീശനുമായി കൈകോർത്തേക്കാവുന്ന സാഹചര്യം ഉണ്ടായാലും അത്ഭുതപ്പെടാനില്ലെന്നാണ് കോൺഗ്രസിലെ ഇത്തരം പോരാട്ടങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ വിലയിരുത്താൻ കഴിയുക.
Content Highlights: Congress cyber handles in Kerala are creating a satirical 'Periodic Table' for the Chief Ministerial candidate with K C Venugopal, V D Satheesan and Ramesh Chennithala as key contenders. Inside story of the ongoing factional cyber battle ahead of 2026 Assembly elections