

കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽ നടന്ന ‘അതിരടി’ പ്രമോഷനൽ ഇവന്റിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ടൊവിനോ തോമസും േബസിൽ ജോസഫുമടക്കമുളള താരങ്ങളെ കാണാൻ ആയിരങ്ങളാണ് ബീച്ചിൽ തടിച്ചു കൂടിയത്. വൻ ജനാവലി വന്നതോടെ തിക്കിലും തിരക്കിലും കുറച്ച് കുട്ടികളെ കാണാനില്ലെന്ന പരാതി ഉയർന്നിരുന്നു. ഈ പരാതി മൈക്കിലൂടെ രഞ്ജിനി വിളിച്ച പറയുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ പരിഹസിച്ചു. ഇതിന് രഞ്ജിനി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'നിന്റെ അമ്മയാണെങ്കിൽ നീ പറയുവോടാ, അങ്ങനെ? എന്തുവാഡേ, എന്ത് ബോറാണ്. ഒരാളെ കാണുന്നില്ലെന്ന് പറയുമ്പോൾ തമാശ. ഇതാണ് മനുഷ്യരുടെ പ്രശ്നം. പത്ത് പേർ ചാവുമ്പോൾ കിടന്ന് ചിരിക്കും. നിങ്ങൾ ഇത്രയും മനോഹരമായി നിൽക്കുമ്പോൾ ഇടയ്ക്ക് ഒരെണ്ണം. അവന്റെ മുഖം ഞാൻ മറക്കില്ല,' രഞ്ജിനിയുടെ വാക്കുകൾ. രഞ്ജിനി മൈക്കിലൂടെ കുട്ടികളുടെ പേരുകൾ അടക്കം വിളിച്ചു പറഞ്ഞു. അതിനുശേഷം ടൊവിനോയാണ് കാര്യങ്ങൾ ഏറ്റെടുത്തത്.
‘‘ഇത് തമാശ പറയേണ്ട വിഷയമല്ല സുഹൃത്തേ മനസ്സിലാക്കൂ, കുട്ടികളെ കിട്ടുന്നതുവരെ അവരുടെ വീട്ടുകാർക്ക് സമാധാനം ഉണ്ടാകില്ല, നമുക്കും ആ സമാധാനം ഉണ്ടാകരുത്. ദയവായി എല്ലാവരും സഹകരിച്ച് ആ കുട്ടികളെ കണ്ടുപിടിക്കൂ.’’–ടൊവിനോയുടെ വാക്കുകൾ. ഈ വിഡിയോ വൈറലായതോടെ ടൊവിനോ തോമസിനെയും രഞ്ജിനി ഹരിദാസിനെയും പ്രശംസിച്ച് നിരവധിപ്പേരാണ് എത്തുന്നത്.
അതേസമയം മെയ് 14 നാണ് അതിരടി തിയേറ്ററുകളിൽ എത്തുന്നത്. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സാം കുട്ടി എന്ന കഥാപാത്രമായി ബേസിൽ എത്തുമ്പോൾ ശ്രീക്കുട്ടൻ വെള്ളായണി എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്.
Content Highlights: Ranjini Haridas has issued a sharp response to individuals who mocked children going missing in a crowded setting. Highlighting the seriousness of such incidents, she criticized the lack of empathy shown on social media and emphasized the importance of child safety and responsible public behavior.