

കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിൽ 200ലധികം സീറ്റുകൾ നേടി വിജയിക്കുമെന്ന് വീണ്ടും ആത്മവിശ്വാസം പ്രകടിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വീഡിയോ കോൺഫറൻസിലൂടെ കൗണ്ടിങ് ഏജന്റുമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. എക്‌സിറ്റ് പോൾ ഫലങ്ങളെ പൂർണമായും തള്ളിക്കളഞ്ഞ മമത അതെല്ലാം ഓഹരി വിപണയെ സ്വാധീനിക്കാനുള്ള അടവുകളാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.
'നമ്മൾ വീണ്ടും വിജയിക്കും വിജയിക്കുന്നത് 200ലധികം സീറ്റുകൾ നേടിയാകും. എക്‌സിറ്റ് പോളുകളെല്ലാം ഓഹരി വിപണിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ മാത്രമാണ്. അവർ 2021ലും 2024ലും ഇപ്പോഴും ഇത് തന്നെയാണ് ചെയ്തത്.'- മമത പറഞ്ഞു. തൃണമൂൽ പ്രവർത്തകർക്കെതിരെ സെൻട്രൽ ആർമ്ഡ് പൊലീസ് ഫോഴ്‌സുകൾ ക്രൂരമായാണ് പെരുമാറിയതെന്ന് ആരോപിച്ച മമത, ഇതിന് ഇരയായവർക്ക് പാർട്ടി സഹായം നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെണ്ണൽ ദിനത്തിൽ കനത്ത ജാഗ്രത വേണം എന്നാണ് പ്രവർത്തകർക്ക് മമതയുടെ മുന്നറിയിപ്പ്.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ റീപോളിങ് നടക്കുന്നതിനിടെയാണ് മമതയുടെ പരാമർശം. സംസ്ഥാനത്ത് രണ്ടാംഘട്ട പോളിങ് നടക്കുന്നതിനിടെ ഡയമണ്ട് ഹാർബർ മണ്ഡലത്തിന് കീഴിലുള്ള ഫാൾട്ടയിലെ പോളിങ് ബൂത്തുകളിൽ വോട്ടർമാർക്ക് ബിജെപി സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യാൻ തടസമുണ്ടായെന്ന് ബിജെപി വക്താവ് അമിത് മാളവ്യ ആരോപിച്ചിരുന്നു.
കനത്ത സുരക്ഷയിലാണ് ബംഗാളിൽ റീപോളിങ് നടന്നത്. കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. മഗ്രാഹട്ട് പശ്ചിം അസംബ്ലിയിലെ പതിനൊന്ന് ബൂത്തുകളിൽ പോളിങ് 72.5% രേഖപ്പെടുത്തിയപ്പോൾ ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിൽ 72.36ശതമാനവും രേഖപ്പെടുത്തി.
Content Highlights: Mamata Banerjee stated that exit polls are used to influence the stock market and expressed confidence that her party will win more than 200 seats