ഹസ്തദാനം ഉണ്ടായില്ല, മത്സരത്തിന് ശേഷം ഇന്ത്യയുടെ ഡ്രെസിങ് റൂമിനടുത്ത് പോയി; വെളിപ്പെടുത്തലുമായി പാക് താരം

ഏഷ്യാകപ്പ് മത്സരത്തെക്കുറിച്ചുള്ള കാര്യങ്ങളാണ് പാകിസ്താന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്

ഹസ്തദാനം ഉണ്ടായില്ല, മത്സരത്തിന് ശേഷം ഇന്ത്യയുടെ ഡ്രെസിങ് റൂമിനടുത്ത് പോയി; വെളിപ്പെടുത്തലുമായി പാക് താരം
dot image

ക്രിക്കറ്റില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം ആവേശകരമാണെങ്കിലും കളിക്കളത്തില്‍ ഏതാനും കാലമായി ഇരുടീമുകളും മുഖം കൊടുക്കാറില്ല. കളിക്കുമുമ്പുള്ള ഹസ്തദാനം ഉള്‍പ്പടെ ഒഴിവാക്കി ഇന്ത്യ പ്രതിഷേധമറിയിക്കുന്നതായിരുന്നു പതിവ്. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുടീമുകളും തമ്മിലുള്ള ബന്ധം തീര്‍ത്തും വഷളായത്. ഏഷ്യാകപ്പ് മത്സരത്തില്‍ ഹസ്തദാനം നല്‍കാത്തത് വലിയ വിവാദമായി. മത്സരം കഴിഞ്ഞിട്ട് ഏറെ നാളായെങ്കിലും ഇതേക്കുറിച്ചുള്ള പാക് ക്യാപ്റ്റന്റെ വെളിപ്പെടുത്തലാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച. ഏഷ്യാകപ്പ് മത്സരത്തിനു ശേഷം പാകിസ്താന്‍ താരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമിന് വെളിയില്‍ വരെ പോയതായി പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ വെളിപ്പെടുത്തി. ഇന്ത്യന്‍ താരങ്ങളെ അഭിവാദ്യം ചെയ്യാനാണു പോയതെന്നും എന്നാല്‍ മുറിയുടെ വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നെന്നും സല്‍മാന്‍ ആഗ ഒരു അഭിമുഖത്തില്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം നടന്ന മത്സരങ്ങളിലൊന്നും പാക് ക്രിക്കറ്റ് താരങ്ങളുമായി ഇന്ത്യന്‍ ടീം ഹസ്തദാനം ചെയ്തിരുന്നില്ല. ഏഷ്യാകപ്പില്‍ ടോസിന്റെ സമയത്താണ് ഇക്കാര്യം അറിഞ്ഞതെന്നും സല്‍മാന്‍ ആഗ അഭിമുഖത്തില്‍ പറഞ്ഞു. ഏഷ്യാകപ്പിലെ മൂന്നു മത്സരങ്ങളിലും മത്സരത്തിനു മുമ്പോ, ശേഷമോ ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങള്‍ക്കു കൈ കൊടുത്തിരുന്നില്ല. ഇത് പാകിസ്താനെ രോഷാകുലരാക്കിയിരുന്നു.

'ടോസിനു മുമ്പ് വാര്‍ത്താ സമ്മേളനമുണ്ടായിരുന്നു. അവിടെ ഹസ്തദാനം, ട്രോഫി ഷൂട്ട് എല്ലാമുണ്ടായിരുന്നു. ഞാന്‍ ടോസിനു വേണ്ടി പോയപ്പോഴും കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ഹസ്തദാനം ഉണ്ടാകില്ലെന്ന് എനിക്ക് അറിയില്ലായിരുന്നു. തുടര്‍ന്ന് മാച്ച് റഫറി എന്നെ വിളിച്ച്, ഹസ്തദാനം ഉണ്ടാകില്ലെന്നും അക്കാര്യം ശ്രദ്ധിക്കണമെന്നും പറയുകയായിരുന്നു. ഹസ്തദാനം ഇല്ലെങ്കില്‍ എനിക്കൊരു കുഴപ്പവുമില്ല. എനിക്കും അതു വേണമെന്നില്ല. അതാണ് അവിടെ സംഭവിച്ചത്'- സല്‍മാന്‍ ആഗ അഭിമുഖത്തില്‍ പരാമര്‍ശിച്ചു. 'ഞങ്ങള്‍ മത്സരം തോറ്റു. ശേഷം ഞങ്ങള്‍ ഇന്ത്യയുടെ ഡ്രസിങ് റൂം വരെ പോയി. എന്നാല്‍ വാതിലുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഇത്തരം നടപടികള്‍ ശരിയാണെന്ന് എനിക്കു തോന്നുന്നില്ലെന്നും' സല്‍മാന്‍ ആഗ പറയുന്നു.

ഏഷ്യാകപ്പ് ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ചെങ്കിലും ഇന്ത്യയ്ക്ക് അവകാശപ്പെട്ട കിരീടം ഇതുവരെ ലഭിച്ചിട്ടില്ല. പാകിസ്താനിലെ മന്ത്രി കൂടിയായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍ മൊഹ്‌സിന്‍ നഖ്‌വിയില്‍നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. ഇതോടെ നഖ്‌വി ഇടപെട്ട് ട്രോഫി സ്റ്റേഡിയത്തില്‍നിന്നു കടത്തുകയായിരുന്നു. ഇത് വലിയ വിവാദമായെങ്കിലും ട്രോഫി വിട്ടുകൊടുത്തില്ല.

content highlights: No handshake took place, went near India's dressing room after the match; Pakistani player makes a revelation

dot image
To advertise here,contact us
dot image