

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിള്‍ റീപോളിങിനിടെ സംഘര്‍ഷം. 24 പര്‍ഗാനസ് ജില്ലയിലെ ഫല്‍ത്തയില്‍ ബിജെപി-തൃണമൂൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പിനിടെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പതിനഞ്ച് ബൂത്തുകളിൽ റീ പോളിങ് നടത്തിയത്. മഗ്രഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാര്‍ബറിലെ 4 ബൂത്തുകളിലുമാണ് റീ പോളിങ് നടന്നത്. ഏപ്രില്‍ 29-ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ഈ ബൂത്തുകളില്‍ ക്രമക്കേടുകള്‍ നടന്നതായി പരാതികളുയരുകയും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് റീ പോളിങ് നടത്തിയത്. വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി റിട്ടേണിങ് ഓഫീസര്‍മാരും ഒബ്സര്‍വര്‍മാരും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആ ദിവസം നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 58(2) പ്രകാരമാണ് ഏപ്രില്‍ 29ലെ വോട്ടെുപ്പ് അസാധുവായി പ്രഖ്യാപിച്ചത്. ഡയമണ്ട് ഹാര്‍ബറിലെ ഫല്‍ത്ത നിയോജക മണ്ഡലത്തിലെ ബൂത്തില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ബിജെപി, സിപിഐഎം സ്ഥാനാര്‍ത്ഥികളുടെ ബട്ടണുകള്‍ ടേപ്പ് ഉപയോഗിച്ച് മറച്ചെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് നടത്തിയത്.
Content Highlights: Clashes continue in West Bengal even during repolling