'സമൂസയെക്കുറിച്ചല്ല, മോദിയെക്കുറിച്ചാണ് സംസാരിക്കേണ്ടത്'; രാഘവ് ഛദ്ദക്ക് തിരിച്ച് മറുപടി നൽകി ആം ആദ്മി

പേടിച്ചുള്ള രാഷ്ട്രീയപ്രവർത്തനംകൊണ്ട് ഒരിക്കലും മുന്നോട്ടുപോകാനാകില്ല എന്നും സൗരഭ് മുന്നറിയിപ്പ് നൽകി

'സമൂസയെക്കുറിച്ചല്ല, മോദിയെക്കുറിച്ചാണ് സംസാരിക്കേണ്ടത്'; രാഘവ് ഛദ്ദക്ക് തിരിച്ച് മറുപടി നൽകി ആം ആദ്മി
dot image

ന്യൂ ഡൽഹി: രാജ്യസഭാ ഉപനേതാവ് പദവിയിൽ നിന്നും രാഘവ് ഛദ്ദയെ നീക്കിയതിന് പിന്നാലെ ആം ആദ്മി പാർട്ടിയിൽ വാക്‌പോര് തുടരുന്നു. എന്തുകൊണ്ടാണ് തന്നെ പുറത്താക്കിയത് എന്ന രാഘവ് ഛദ്ദയുടെ ചോദ്യത്തിന് മറുപടിയുമായി ആം ആദ്മി പാർട്ടി ഡൽഹി കൺവീനർ സൗരഭ് ഭരദ്വാജ് രംഗത്തെത്തി. സഭയിൽ സമൂസയുടെ കാര്യങ്ങൾ അല്ല പറയേണ്ടത് എന്നും സർക്കാരിനെതിരെയാണ് പറയേണ്ടത് എന്നും സൗരഭ് ഭരദ്വാജ് ആഞ്ഞടിച്ചു.

ശക്തമായ ഭാഷയിലാണ് സൗരഭ്‌ ഭരദ്വാജ്‌ രാഘവ് ഛദ്ദയ്ക്കെതിരെ രംഗത്തുവന്നത്. കേന്ദ്രസർക്കാർ ഏകാധിപതിയെപ്പോലെ പെരുമാറുമ്പോൾ അവർക്കെതിരെ നിങ്ങൾ ഒന്നും പറയുന്നില്ല എന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു.സഭയിൽ സമൂസ വിഷയങ്ങൾ അല്ല ഉയർത്തേണ്ടത്. രാജ്യത്തിൻ്റെ പ്രശ്നങ്ങളാണ് ഉയർത്തേണ്ടത്. സർക്കാർ ഭരണഘടനയെ തകർത്ത് തെരഞ്ഞെടുപ്പ് വിജയിക്കുകയാണ്,
ജനങ്ങളുടെ വോട്ടുകൾ വെട്ടുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരായ പ്രമേയത്തിൽ നിങ്ങൾ ഒപ്പുവച്ചില്ല എന്നും പ്രതിപക്ഷം സഭ ബഹിഷ്കരിക്കുമ്പോൾ നിങ്ങൾ സഭയിൽ ഇരിക്കുകയായിരുന്നുവെന്നും സൗരഭ് ആഞ്ഞടിച്ചു.

പേടിച്ചുള്ള രാഷ്ട്രീയപ്രവർത്തനംകൊണ്ട് ഒരിക്കലും മുന്നോട്ടുപോകാനാകില്ല എന്നും സൗരഭ് മുന്നറിയിപ്പ് നൽകി. പേടിച്ചാൽ മരിച്ചു എന്നാണ് അർഥം. രാജ്യത്തിന്റെ വിഷയങ്ങൾ ഉയർത്താനാണ് നിങ്ങളെ രാജ്യസഭാ അംഗമാക്കിയിരിക്കുന്നത് എന്നും അരവിന്ദ് കെജ്‌രിവാൾ ജയിലിൽ പോയപ്പോൾ നിങ്ങൾ വിദേശത്ത് പോകുകയായിരുന്നു എന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു.

രാജ്യസഭാ ഉപനേതാവ് പദവിയിൽ നിന്ന് നീക്കിയതിന് പിന്നാലെ ആം ആദ്മി പാർട്ടിക്കെതിരെ വിമർശനവുമായി രാഘവ് ചദ്ദ രംഗത്തെത്തിയിരുന്നു. തന്നെ നിശ്ശബ്ദനാക്കിയിരിക്കാം, പക്ഷെ പരാജയപ്പെട്ടിട്ടില്ല എന്നാണ് രാഘവ് ചദ്ദ വീഡിയോ സന്ദേശത്തിൽ പറഞ്ഞത്. സാധാരണ ജനങ്ങളുടെ വിഷയങ്ങളാണ് താൻ പാർലമെന്റിൽ ഉയർത്തിയത്. എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കാൻ ശ്രമിക്കുന്നത് എന്നറിയില്ല. ജനങ്ങൾക്കൊപ്പം താൻ എപ്പോഴും ഉണ്ടാകുമെന്നും രാഘവ് ചദ്ദ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് രാഘവ് ചദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി രാജ്യസഭാ സെക്രട്ടറിയേറ്റിന് കത്തുനല്‍കിയത്. രാഘവിന് പകരം പഞ്ചാബില്‍ നിന്നുളള രാജ്യസഭാ എംപി അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്നാണ് കത്തിലെ ആവശ്യം. രാഘവിന് എഎപിയുടെ ക്വാട്ടയില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ സമയം അനുവദിക്കേണ്ടതില്ലെന്നും രാജ്യസഭാ സെക്രട്ടറിയേറ്റിന് അയച്ച കത്തില്‍ എഎപി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2022-ല്‍ രാജ്യസഭയിലെ പ്രായംകുറഞ്ഞ എംപിയായ രാഘവ് ചദ്ദ 2023-ലാണ് എഎപിയുടെ ഡെപ്യൂട്ടി ലീഡറായത്. എഎപിയുടെ പഞ്ചാബില്‍ നിന്നുളള എംപിയാണ് രാഘവ് ചദ്ദ. നിലവില്‍ രാജ്യസഭയില്‍ പത്ത് എംപിമാരാണ് എഎപിയ്ക്ക് ഉളളത്. അതില്‍ ഏഴുപേര്‍ പഞ്ചാബില്‍ നിന്നും മൂന്നുപേര്‍ ഡല്‍ഹിയില്‍ നിന്നുമുളളവരാണ്. ഇത്തരമൊരു കത്തയക്കുന്നതിന് പിന്നിലെ കാരണം എഎപി വെളിപ്പെടുത്തിയിട്ടില്ല. രാഘവ് അച്ചടക്ക ലംഘനം നടത്തുന്നതായും പാര്‍ട്ടി നിലപാട് പാലിക്കുന്നില്ലെന്നും ഒരുകോണില്‍ നിന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്.

Content Highlights: AAP Delhi Convenor Saurabh Bharadwaj responded to Raghav Chadha’s question on his removal, stating that Parliament is meant for raising issues against the government, not trivial matters. His remarks highlight internal tensions within the Aam Aadmi Party.

dot image
To advertise here,contact us
dot image