65 കോടി വരിക്കാര്‍; ലോകത്തെ രണ്ടാമത്തെ വലിയ ടെലികോം സേവനദാതാവായി എയര്‍ടെല്‍

ആഫ്രിക്കന്‍ വിപണിയിലെ ശക്തമായ സ്വാധീനം എയര്‍ടെല്ലിന് വലിയ ബിസിനസ് മുന്‍തൂക്കം നല്‍കുന്നു

65 കോടി വരിക്കാര്‍; ലോകത്തെ രണ്ടാമത്തെ വലിയ ടെലികോം സേവനദാതാവായി എയര്‍ടെല്‍
dot image

ടെലികോം വിപണിയില്‍ 65 കോടി വരിക്കാരെന്ന നാഴികക്കല്ല് പിന്നിട്ട ഭാരതി എയര്‍ടെല്‍, ലോകത്തെ രണ്ടാമത്തെ വലിയ മൊബൈല്‍ സേവനദാതാക്കളായി. ഇന്ത്യയിലും ആഫ്രിക്കയിലുമുള്ള ശക്തമായ സാന്നിധ്യമാണ് എയര്‍ടെല്ലിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്. ജിഎസ്എംഎ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചാണ് ഭാരതി എയര്‍ടെല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

airtel

ഇന്ത്യയില്‍ 36.8 കോടിയിലധികം മൊബൈല്‍ ഉപഭോക്താക്കളാണ് എയര്‍ടെലിനുള്ളത്. ഇതിനുപുറമെ 1.3 കോടി ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും 1.5 കോടി ഡിജിറ്റല്‍ ടിവി ഉപയോക്താക്കളും എയര്‍ടെല്ലിനുണ്ട്. 14 ആഫ്രിക്കന്‍ രാജ്യങ്ങളിലായി 17.9 കോടി വരിക്കാരും എയര്‍ടെലിനുണ്ട്. 100 കോടിയിലധികം വരിക്കാരുള്ള ചൈന മൊബൈലിന് പിന്നിലായി ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ എയര്‍ടെല്‍. ഇന്ത്യന്‍ വിപണിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജിയോയെ (49-52 കോടി വരിക്കാര്‍) അപേക്ഷിച്ച്, ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ള ശക്തമായ സാന്നിധ്യമാണ് എയര്‍ടെല്ലിനെ ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ സഹായിച്ചത്.

കോട്ടക് ഇക്വിറ്റീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, 2021 മുതല്‍ 26 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ എയര്‍ടെല്‍ 2.9 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഡേറ്റാ ഉപയോക്താക്കളുടെ എണ്ണത്തില്‍ 9.7 ശതമാനം വളര്‍ച്ചയുണ്ട്. കൂടുതല്‍ വരുമാനം നല്‍കുന്ന ഹൈ-വാല്യൂ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ കമ്പനി വിജയിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ എയര്‍ടെല്ലിന്റെ വിപണി വിഹിതം 37.59 ശതമാനമായി വര്‍ധിച്ചു. ഫെബ്രുവരിയില്‍ മാത്രം 48.6 ലക്ഷം പുതിയ വരിക്കാരെ ചേര്‍ക്കാന്‍ എയര്‍ടെല്ലിന് സാധിച്ചു. ഇത് അവരുടെ പ്രധാന എതിരാളിയായ റിലയന്‍സ് ജിയോയേക്കാള്‍ (16.2 ലക്ഷം) വളരെ ഉയര്‍ന്ന നിരക്കാണ്. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, സര്‍വീസസ് എന്നിവയില്‍ വലിയ നിക്ഷേപം നടത്തിയാണ് പ്രമുഖ വ്യവസായിയായ സുനില്‍ മിത്തല്‍ നേതൃത്വം നല്‍കുന്ന എയര്‍ടെല്‍ വളര്‍ച്ച നേടുന്നത്.

എയര്‍ടെലിന്റെ പ്രതികരണം

65 കോടി ഉപയോക്താക്കള്‍ എന്ന നേട്ടം വലിയ ഉത്തരവാദിത്തമാണെന്ന് ഭാരതി എയര്‍ടെല്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ഗോപാല്‍ വിറ്റല്‍ പറഞ്ഞു. 5ജി സേവനങ്ങള്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച കമ്പനിയെന്ന നിലയില്‍ നൂതന സാങ്കേതിക വിദ്യകളില്‍ എയര്‍ടെല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡിജിറ്റല്‍ വിടവ് നികത്തുന്നതിനായി ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങളിലേക്കും കമ്പനി ചുവടുവെക്കുന്നുണ്ട്. ഇതിനായി യുട്ടെല്‍സാറ്റ് വണ്‍വെബ്, സ്‌പേസ് എക്‌സ് എന്നിവയുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹങ്ങള്‍ വഴി ഗ്രാമപ്രദേശങ്ങളിലും സമുദ്ര, ആകാശ യാത്രകളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുകയാണ് ലക്ഷ്യം.

വിപണിയിലെ സ്വാധീനം

ഇന്ത്യന്‍ വിപണിയില്‍ ഇപ്പോഴും റിലയന്‍സ് ജിയോയാണ് വരിക്കാരുടെ എണ്ണത്തില്‍ ഒന്നാമതെങ്കിലും, ജിയോയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ആഗോളതലത്തില്‍ ആഫ്രിക്കന്‍ വിപണിയിലെ ശക്തമായ സ്വാധീനം എയര്‍ടെല്ലിന് വലിയ ബിസിനസ് മുന്‍തൂക്കം നല്‍കുന്നുണ്ട്. എയര്‍ടെല്ലിന്റെ ഡേറ്റാ സെന്റര്‍ ബിസിനസ്സായ 'നെക്‌സ്ട്രാ' അടുത്തിടെ കാര്‍ലൈല്‍, ആല്‍ഫ വേവ് എന്നിവരില്‍നിന്ന് ബില്യണ്‍ ഡോളര്‍ നിക്ഷേപം സ്വീകരിച്ചതും കമ്പനിയുടെ മൂല്യം വര്‍ധിപ്പിക്കുന്നു.

Content Highlights: Airtel hits 650 million users, becomes world’s No. 2 telecom operator

dot image
To advertise here,contact us
dot image