'നിശ്ശബ്ദനാക്കി, പക്ഷെ ഞാൻ പരാജയപ്പെട്ടിട്ടില്ല'; ആം ആദ്മി പാർട്ടിക്ക് മറുപടിയുമായി രാഘവ് ചദ്ദ

സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുന്നത് ഒരു കുറ്റകൃത്യമാണോ എന്നാണ് രാഘവ് ചദ്ദ ചോദിച്ചത്

'നിശ്ശബ്ദനാക്കി, പക്ഷെ ഞാൻ പരാജയപ്പെട്ടിട്ടില്ല'; ആം ആദ്മി പാർട്ടിക്ക് മറുപടിയുമായി രാഘവ് ചദ്ദ
dot image

ന്യൂ ഡൽഹി: രാജ്യസഭാ ഉപനേതാവ് പദവിയിൽ നിന്ന് നീക്കിയതിന് പിന്നാലെ ആം ആദ്മി പാർട്ടിക്കെതിരെ വിമർശനവുമായി രാഘവ് ചദ്ദ. തന്നെ നിശ്ശബ്ദനാക്കിയിരിക്കാം, പക്ഷെ പരാജയപ്പെട്ടിട്ടില്ല എന്ന് രാഘവ് ചദ്ദ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സാധാരണ ജനങ്ങളുടെ വിഷയങ്ങളാണ് താൻ പാർലമെന്റിൽ ഉയർത്തിയത്. എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കാൻ ശ്രമിക്കുന്നത് എന്നറിയില്ല. ജനങ്ങൾക്കൊപ്പം താൻ എപ്പോഴും ഉണ്ടാകുമെന്നും രാഘവ് ചദ്ദ പറഞ്ഞു.

എക്സിലാണ് രാഘവ് ചദ്ദ വീഡിയോ സന്ദേശം പങ്കുവെച്ചത്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുന്നത് ഒരു കുറ്റകൃത്യമാണോ എന്നാണ് രാഘവ് ചദ്ദ ചോദിച്ചത്. ' പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കുമ്പോഴെല്ലാം പൊതു വിഷയങ്ങളാണ് ഞാൻ ഉയർത്താറ്. അതൊരു കുറ്റമാണോ? എന്ത് തെറ്റാണ് ഞാൻ ചെയ്‌തത്‌? എന്നെ സംസാരിക്കാൻ അനുവദിക്കേണ്ട എന്ന് പാർട്ടി രാജ്യസഭാ സെകട്ടറിയേറ്റിനെ അറിയിച്ചത് കൊണ്ടാണ് ഞാൻ ചോദിക്കുന്നത്'.

എന്തുകൊണ്ടാണ് ചിലർക്ക് ഇനി നിശ്ശബ്ദനാക്കേണ്ടത്? ഞാൻ എപ്പോഴും സാധാരണക്കാർക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. എയർപോർട്ടുകളിലെ ഉയർന്ന ഭക്ഷണവില, ഗിഗ്‌ വർക്കർമാരുടെ പ്രശ്നം, ഭക്ഷണം, ടോൾ പ്ലാസ വിഷയങ്ങൾ, മൊബൈൽ റീചാർജ് കൊള്ള എന്നിങ്ങനെയുള്ള വിഷയങ്ങളാണ് ഞാൻ സംസാരിച്ചത്. ഇതെല്ലാം സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുണ്ട്. എന്നാൽ പാർട്ടിക്ക് എങ്ങനെയാണ് ദ്രോഹമായി മാറിയത്' എന്നും രാഘവ് ചദ്ദ ചോദിച്ചു.

Also Read:

കഴിഞ്ഞ ദിവസമാണ് രാഘവ് ചദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി രാജ്യസഭാ സെക്രട്ടറിയേറ്റിന് കത്തുനല്‍കിയത്. രാഘവിന് പകരം പഞ്ചാബില്‍ നിന്നുളള രാജ്യസഭാ എംപി അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്നാണ് കത്തിലെ ആവശ്യം. രാഘവിന് എഎപിയുടെ ക്വാട്ടയില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ സമയം അനുവദിക്കേണ്ടതില്ലെന്നും രാജ്യസഭാ സെക്രട്ടറിയേറ്റിന് അയച്ച കത്തില്‍ എഎപി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2022-ല്‍ രാജ്യസഭയിലെ പ്രായംകുറഞ്ഞ എംപിയായ രാഘവ് ചദ്ദ 2023-ലാണ് എഎപിയുടെ ഡെപ്യൂട്ടി ലീഡറായത്. എഎപിയുടെ പഞ്ചാബില്‍ നിന്നുളള എംപിയാണ് രാഘവ് ചദ്ദ. നിലവില്‍ രാജ്യസഭയില്‍ പത്ത് എംപിമാരാണ് എഎപിയ്ക്ക് ഉളളത്. അതില്‍ ഏഴുപേര്‍ പഞ്ചാബില്‍ നിന്നും മൂന്നുപേര്‍ ഡല്‍ഹിയില്‍ നിന്നുമുളളവരാണ്. ഇത്തരമൊരു കത്തയക്കുന്നതിന് പിന്നിലെ കാരണം എഎപി വെളിപ്പെടുത്തിയിട്ടില്ല. രാഘവ് അച്ചടക്ക ലംഘനം നടത്തുന്നതായും പാര്‍ട്ടി നിലപാട് പാലിക്കുന്നില്ലെന്നും ഒരുകോണില്‍ നിന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്.

Also Read:

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തരായ സമയത്ത് രാഘവ് ചദ്ദയുടെ ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. കെജ്‌രിവാള്‍ തുടര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തിയപ്പോഴും രാഘവിന്റെ അസാന്നിദ്ധ്യം ചര്‍ച്ചയായിരുന്നു. പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്‍പ് രാഘവ് ചദ്ദ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. അതിനിടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ താരപ്രചാരകരുടെ പട്ടികയില്‍ നിന്നും കഴിഞ്ഞ ദിവസം രാഘവിനെ എഎപി നീക്കംചെയ്തിരുന്നു.

എഎപിയുടെ തുടക്കകാലം മുതല്‍ കെജ്രിവാളിനൊപ്പം അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന നേതാവായിരുന്നു രാഘവ് ചദ്ദ. ചാര്‍ട്ടേർഡ് അക്കൗണ്ടന്റായിരുന്ന രാഘവ് പാര്‍ട്ടിയുടെ നാഷണല്‍ ട്രഷററും രാഷ്ട്രീയകാര്യ സമിതി അംഗവുമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി നേതൃത്വവുമായി അദ്ദേഹം അകല്‍ച്ചയിലാണ് എന്നാണ് വിവരം. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ മുംബൈ വിമാനത്താവളത്തിലെ കുറഞ്ഞ നിരക്കിലുളള ഉഡാന്‍ യാത്രി കഫേയെ പുകഴ്ത്തി രാഘവ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ബിജെപി സര്‍ക്കാരിന്റെ പദ്ധതിയെ പരസ്യമായി അഭിനന്ദിച്ചത് പാര്‍ട്ടിക്കുളളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ രാഘവ് ചദ്ദയെ ഉടന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ എഎപിയ്ക്ക് പദ്ധതിയില്ലെന്നാണ് സൂചന. പുറത്താക്കുന്നത് ചദ്ദയ്ക്ക് രക്തസാക്ഷി പരിവേഷം നല്‍കുമെന്നതിനാല്‍ പദവികളില്‍ നിന്ന് പതിയെ നീക്കി ഒതുക്കിനിര്‍ത്താനാണ് നേതൃത്വത്തിന്റെ തീരുമാനം.

Content Highlights: After being removed from the Rajya Sabha deputy leader post, Raghav Chadha criticized the Aam Aadmi Party. In a video message, he stated that while he may have been silenced, he has not been defeated, signaling internal tensions within the party.

dot image
To advertise here,contact us
dot image