

ബെംഗളൂരു: വേദിയിലിരിക്കെ അണികൾ ഡി കെ ശിവകുമാറിന് ജയ് വിളിച്ചതിൽ അക്ഷമനായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആരാണ് ഡി കെയ്ക്ക് ജയ് വിളിക്കുന്നത് എന്ന് ചോദിച്ച സിദ്ധരാമയ്യ കോൺഗ്രസ് നേതാക്കളോട് ചൂടാകുകയും ചെയ്തു. പിന്നാലെ നേതാക്കൾ അണികളോട് നിശ്ശബ്ദരായിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റുന്നതിനെതിരെ കർണാടക കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, എംപിമാർ, എംഎൽഎമാർ തുടങ്ങി നേതാക്കൾ എല്ലാവരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു, സിദ്ധരാമയ്യയും ഡി കെ ശിവകുമാറും പ്രതിഷേധത്തിൻ്റെ മുൻപന്തിയിലുണ്ടായിരുന്നു.
സിദ്ധരാമയ്യ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴാണ് ഡി കെ, ഡി കെ എന്ന വിളികൾ ഉയർന്നത്. സിദ്ധരാമയ്യ മൈക്കിനടുത്തേക്ക് സംസാരിക്കാൻ വന്നപ്പോൾ ജയ്‌വിളികൾ ഉച്ചത്തിലായി. ഇതിൽ അക്ഷമനായി സിദ്ധരാമയ്യ ആരാണ് ഡി കെ, ഡി കെ എന്ന് മുദ്രാവാക്യം വിളിക്കുന്നത് എന്ന് ചോദിച്ച് പ്രവർത്തകരോട് ചൂടായി. എന്നാൽ ജയ്‌വിളികൾ നിന്നില്ല. കോൺഗ്രസ് നേതാക്കളോടും സിദ്ധരാമയ്യ ദേഷ്യപ്പെട്ടു. പിന്നാലെയാണ് രംഗം ശാന്തമാക്കാൻ നേതാക്കൾ രംഗത്തിറങ്ങിയത്
സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള അധികാരത്തർക്കം ഏറെക്കുറെ അടങ്ങിയിരിക്കെയാണ് ഡികെയ്ക്കായുള്ള അണികളുടെ ജയ്‌വിളി ഉണ്ടായിരിക്കുന്നത്. സിദ്ധരാമയ്യയെ വേദിയിൽ ഇരുത്തിയായിരുന്നു ജയ്‌വിളി എന്നതും കൂടിയാണ് ശ്രദ്ധേയം. നേരത്തെ 2023ലെ ധാരണപ്രകാരം രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് നൽകണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ താൻ അഞ്ച് വർഷവും തുടരുമെന്നായിരുന്നു സിദ്ധരാമയ്യയുടെ നിലപാട്. പിന്നാലെ ഹൈക്കമാൻഡ് തലത്തിൽ ചർച്ചകൾ നടന്നെങ്കിലും സിദ്ധരാമയ്യ തന്നെ തുടരും എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു.
Content Highlights: Siddaramaiah reacted angrily after DK Shivakumar was greeted with chants when he stood up to speak