

ന്യൂസിലാന്‍ഡിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന സഞ്ജു സാംസണ്‍ ടീമില്‍ നിന്ന് പുറത്താകുമോ എന്നാണ് ആരാധകരുടെ ആശങ്ക. കിവീസിനെതിരായ ആദ്യ മത്സരത്തിൽ 10 റൺസായിരുന്നു സഞ്ജുവിന്റെ സംഭാവന, തൊട്ടടുത്ത മത്സരത്തിൽ ആറ്. ഗുവാഹത്തിയിൽ നടന്ന മൂന്നാം ടി20യിൽ ഗോൾഡൻ ഡക്കായി കളംവിട്ടതോടെ താരത്തിന് മേൽ സമ്മർദ്ദം വർധിച്ചിരിക്കുകയാണ്.
എന്നാൽ സഞ്ജുവിന്റെ കാര്യത്തിൽ ടീം മാനേജ്‌മെന്റിന് ആശങ്കയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബോളിംഗ് കോച്ച് മോർണി മോർണിക്കൽ. ന്യൂസിലാൻഡിനെതിരായ നാലാം ടി20 മത്സരത്തിന് മുന്നോടിയായാണ് സഞ്ജുവിന്റെ ഫോമിനെ കുറിച്ച് നിർണായക പ്രതികരണവുമായി ഇന്ത്യൻ കോച്ച് രംഗത്തെത്തിയത്. ലോകകപ്പ് അടുത്തിരിക്കെ ആരാധകർക്ക് വലിയ ആശ്വാസം നൽകുന്ന വാക്കുകളാണ് കോച്ച് സമ്മാനിച്ചത്.
'സഞ്ജു തന്റെ ഫോമിലേക്ക് തിരിച്ചെത്താൻ ഒരു മികച്ച ഇന്നിങ്‌സിന്റെ മാത്രം ദൂരമേയുള്ളൂ. ഫോം താൽക്കാലികമാണെന്ന ക്ലീഷേ ഡയലോഗ് നമുക്കെല്ലാവർക്കും അറിയാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ലോകകപ്പിന് വേണ്ടി തയ്യാറെടുക്കുമ്പോൾ, ശരിയായ സമയത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടത് പ്രധാനമാണ്. സഞ്ജു സാംസൺ നെറ്റ്‌സിൽ മികച്ച രീതിയിൽ പന്ത് നേരിടുന്നുണ്ട്. അദ്ദേഹം ഉടൻ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്', ചൊവ്വാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ മോർക്കൽ പറഞ്ഞു.
ഏറെക്കാലത്തിന് ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ ഇഷാൻ കിഷൻ മികച്ച ഫോമിലാണ് കിവീസ് സീരീസിൽ ബാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. രണ്ടാം ടി20 യിൽ ഓപ്പണർമാർ വീണതിന് ശേഷം തകർപ്പൻ അർധ സെഞ്ച്വറിയുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച കിഷൻ മൂന്നാം ടി20 യിലും തകർത്തടിച്ചിരുന്നു.
Content Highlights: IND vs NZ: India bowling coach backs Sanju Samson ahead of T20 World Cup