സ്ത്രീധനമായി സ്വർണമാല നൽകിയില്ല; ബിഹാറിൽ ഗർഭിണിയായ യുവതിയെ ഭർതൃമാതാപിതാക്കൾ തീകൊളുത്തി കൊന്നു

മരണസമയത്ത് സ്തുതി രണ്ടുമാസം ഗര്‍ഭിണിയായിരുന്നു

സ്ത്രീധനമായി സ്വർണമാല നൽകിയില്ല; ബിഹാറിൽ ഗർഭിണിയായ യുവതിയെ ഭർതൃമാതാപിതാക്കൾ തീകൊളുത്തി കൊന്നു
dot image

പട്‌ന : സ്ത്രീധനമായി സ്വര്‍ണമാല ലഭിക്കാത്തതിന് ഗര്‍ഭിണിയെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ തീകൊളുത്തി കൊന്നു. സ്തുതി കുമാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ നളന്ദ ജില്ലയിലെ മെഹ്‌തെര്‍മ ഗ്രാമത്തിലാണ് സംഭവം. മരണസമയത്ത് സ്തുതി രണ്ടുമാസം ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവ് ചിന്തുകുമാറിന്റെ മാതാപിതാക്കളാണ് സ്തുതിയെ തീകൊളുത്തി കൊന്നത്. പ്രതികള്‍ ഒളിവിലാണ്.

ഒൻപതുമാസം മുൻപാണ് സ്തുതിയും ചിന്തുവും വിവാഹിതരായത്. സ്ത്രീധനമായി സ്വർണമാല നൽകാമെന്ന് വിവാഹവേളയിൽ സ്തുതിയുടെ കുടുംബം പറഞ്ഞിരുന്നു. എന്നാൽ ഇത് കൊടുക്കാൻ അവർക്ക് കഴിഞ്ഞില്ല. അതോടെ തുടർച്ചയായ പീഡനങ്ങളാണ് സ്തുതിക്ക് ഭർതൃവീട്ടിൽ നേരിടേണ്ടി വന്നതെന്നാണ് സ്തുതിയുടെ കുടുംബം ആരോപിക്കുന്നത്. കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുൻപ് സ്തുതിക്ക് ക്രൂരമർദനമേറ്റിരുന്നെന്നും കുടുംബം ആരോപിച്ചു.

കൊലപാതകം നടന്ന ദിവസം, സ്തുതിയെ മർദിക്കുകയും ദേഹത്ത് എണ്ണയൊഴിച്ച് തീകൊളുത്തുകയുമായിരുന്നെന്ന് കുടുംബം ആരോപിച്ചു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു. സ്തുതിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight : Pregnant woman set on fire by husband's parents for not getting gold necklace as dowry. The incident took place in Mehterma village in Nalanda district of Bihar.

dot image
To advertise here,contact us
dot image