

ബെംഗളൂരു: കർണാടക എക്സൈസ് വകുപ്പിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി കർണാടക വൈൻ മെർച്ചന്റ്സ് അസോസിയേഷൻ. ബാർ ലൈസൻസുകൾ അനുവദിച്ച വകയിൽ 6000 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്തയക്കുമെന്നും കർണാടക വൈൻ മെർച്ചന്റ്സ് അസോസിയേഷൻ പറഞ്ഞു.
ബാർ ലൈസൻസുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും മന്ത്രിയും പണം വാങ്ങിയെന്നാണ് ആരോപണം. അസോസിയേഷൻ പ്രസിഡന്റ് ഗുരുസ്വാമിയാണ് ആരോപണവുമായി രംഗത്തുവന്നത്. സിഎല്‍ 7 ലൈസൻസുകൾക്കടക്കം ഒന്ന് മുതൽ രണ്ട് കോടി രൂപ വരെ പണം വാങ്ങുന്നുവെന്നും, ഈ പണം മന്ത്രിയും ഉദ്യോഗസ്ഥരും പങ്കിട്ടെടുക്കുന്നുവെന്നുമാണ് ഗുരുസ്വാമി വെളിപ്പെടുത്തിയത്. ലൈസൻസ് അനുവദിക്കുന്ന പ്രദേശങ്ങൾ ഏതെന്ന് പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥർ തുക നിശ്ചയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഹോട്ടലുകൾ, ബോർഡിങ് ഹൗസുകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് മദ്യം വിളമ്പാനായി നൽകുന്ന ലൈസൻസാണ് CL 7 ലൈസൻസുകൾ.
എക്സൈസ് വകുപ്പിൽ ഇത്തരത്തിൽ അഴിമതി നടക്കുന്നത് മുഖ്യമന്ത്രി സിദ്ധരാമയ്യയെ നിരവധി തവണ അറിയിച്ചിരുന്നതായും ഗുരുസ്വാമി പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങളെയെല്ലാം നിഷേധിക്കുകയാണ് എക്സൈസ് വകുപ്പ് മന്ത്രി ആർ ബി തിമ്മാപ്പുർ ചെയ്തത്. അഴിമതിക്ക് എന്ത് തെളിവാണ് ഉള്ളതെന്നും, വിഷയത്തിൽ താൻ സഭയിൽ മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ഈ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കപ്പെടുന്നത് ഇതാദ്യമായല്ല. 2024ൽ സിദ്ധരാമയ്യക്കും ഗവർണർക്കും ലോകായുക്തയ്ക്കും അഴിമതി ചൂണ്ടിക്കാട്ടി ഇതേ സംഘടന കത്തയച്ചിരുന്നു. തിമ്മാപ്പുർ 700 കോടി രൂപയുടെ അഴിമതി നടത്തി എന്നായിരുന്നു കർണാടക വൈൻ മെർച്ചന്റ്സ് അസോസിയേഷൻ ആരോപിച്ചത്. 45 ഉദ്യോഗസ്ഥരുടെ പേരുകൾ പരാമർശിച്ചുകൊണ്ടായിരുന്നു സംഘടന അന്ന് കത്ത് നൽകിയത്.
Content Highlights: Bar owners in Karnataka have levelled allegations of a Rs 6,000 crore corruption against the state Excise Department. The claims have sparked controversy