

കുവൈത്തിലേക്ക് മരുന്നുകള്‍കൊണ്ടു വരുന്നതിന് പ്രവാസികള്‍ക്ക് പുതിയ നിബന്ധനകള്‍ പുറത്തിറക്കി കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ്. നാര്‍ക്കോട്ടിക്, സൈക്കോട്രോപിക് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ക്കാണ് കടുത്ത നിയന്ത്രണം. മറ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് എത്തുന്നവര്‍ അനുവദനീയമായ മരുന്നുകളുടെ പട്ടികയും കൊണ്ടുവരാവുന്ന മരുന്നകളുടെ അളവും പരിശോധിക്കണമെന്ന് കസ്റ്റംസ് വ്യക്തമാക്കി.
രാജ്യത്തേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കുവൈത്ത് കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട മാരകമായ വേദനസംഹാരികള്‍ കൊണ്ടു വരുന്നതിനാണ് കൂടുതല്‍ നിയന്ത്രണങ്ങളുള്ളത്. ഇത്തരം മരുന്നുകള്‍ പരമാവധി 15 ദിവസത്തെ ഉപയോഗത്തിന് ആവശ്യമായവ മാത്രമെ കൊണ്ടുവരാന്‍ പാടുള്ളൂവെന്ന് കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ സൈക്കോട്രോപിക് മരുന്നുകള്‍ ഒരു മാസത്തെക്ക് ആവശ്യമുള്ളവ കൊണ്ടുവരാനാകും.
മരുന്നുകള്‍ക്കൊപ്പം അംഗീകൃത ഡോക്ടര്‍ നല്‍കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടോ പ്രിസ്‌ക്രിപ്ഷനോ പരിശോധനക്കായി കസ്റ്റംസില്‍ സമര്‍പ്പിക്കുകയും വേണം. ഈ രേഖകള്‍ വിദേശത്തുള്ള കുവൈത്ത് എംബസിയോ കോണ്‍സുലേറ്റോ വഴി ഓണ്‍ലൈനായി സാക്ഷ്യപ്പെടുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. മരുന്നുകള്‍ക്കൊപ്പമുളള രേഖകള്‍ കൃത്യമല്ലെങ്കില്‍ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവ തടഞ്ഞുവെക്കും. എന്നാല്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ മരുന്നുകള്‍ വീണ്ടെടുക്കാനും അവസരമുണ്ട്.
വിദേശത്ത് നിന്ന് മരുന്ന് കൊണ്ടുവരുമ്പോള്‍ കുവൈത്തിലെ നിയമങ്ങള്‍ എല്ലാവരും കൃത്യമായി മനസിലാക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. രാജ്യത്തേക്ക് കൊണ്ട് വരാവുന്ന മരുന്നുകളുടെ പട്ടികയും അളവും കസ്റ്റംസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ അപരിചിതര്‍ മരുന്നുകള്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടാല്‍ അതിന് തയ്യാറാകരുതെന്നും കസ്റ്റംസ് വ്യക്തമാക്കി. രാജ്യത്ത് ലഹരിവസ്തുക്കളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് മരുന്നുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.
Content Highlights: Kuwait has implemented regulations specifying conditions for expatriates bringing medicines into the country. The rules aim to ensure legal compliance, public health safety, and proper documentation. Authorities have advised expatriates to adhere strictly to these requirements to avoid penalties or legal issues related to unauthorized import of drugs or medicines.