ഒറ്റ​ഗോളിൽ ഒഡീഷയെ വീഴ്ത്തി; സന്തോഷ് ട്രോഫിയിൽ വിജയവഴിയിൽ തിരിച്ചെത്തി കേരളം

വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി കേരളം ഗ്രൂപ്പിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു

ഒറ്റ​ഗോളിൽ ഒഡീഷയെ വീഴ്ത്തി; സന്തോഷ് ട്രോഫിയിൽ വിജയവഴിയിൽ തിരിച്ചെത്തി കേരളം
dot image

സന്തോഷ് ട്രോഫിയിൽ വിജയവഴിയിൽ തിരിച്ചെത്തി കേരളം. ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഒഡീഷയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. സോളോ ഗോളിലൂടെ വിസ്മയിപ്പിച്ച ഷിജിൻ ടി ആണ് കേരളത്തിന്റെ വിജയശിൽപ്പി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി കേരളം ഗ്രൂപ്പിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.

അസമിലെ ധക്കുവഖാന ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 22-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ വിജയഗോൾ പിറന്നത്. മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി കുതിച്ച ഷിജിൻ രണ്ട് ഒഡീഷ പ്രതിരോധ താരങ്ങളെ അതിമനോഹരമായി വെട്ടിച്ച് ബോക്സിനുള്ളിലേക്ക് കടന്ന് പന്ത് വലയിലാക്കുകയായിരുന്നു. ഷിജിന്റെ വ്യക്തിഗത മികവ് തെളിഞ്ഞ ഈ ഗോൾ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി.

ആദ്യ പകുതിയിൽ ലഭിച്ച ലീഡ് നിലനിർത്താൻ രണ്ടാം പകുതിയിൽ കേരളം ശക്തമായ പ്രതിരോധമാണ് കാഴ്ചവെച്ചത്. സമനിലയ്ക്കായി ഒഡീഷ കിണഞ്ഞു പരിശ്രമിച്ചെങ്കിലും കേരളത്തിന്റെ ഗോൾകീപ്പർ ഹജ്‌മലും പ്രതിരോധ നിരയും ഉറച്ചുനിന്നതോടെ അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു. ഇടയ്ക്ക് ലഭിച്ച പ്രത്യാക്രമണങ്ങളിലൂടെ ലീഡ് ഉയർത്താൻ കേരളത്തിന് അവസരങ്ങൾ ലഭിച്ചെങ്കിലും കൂടുതൽ ഗോളുകൾ പിറന്നില്ല.

ആദ്യ മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിക്കുകയും രണ്ടാം മത്സരത്തിൽ റെയിൽവേസിനോട് സമനില വഴങ്ങുകയും ചെയ്ത കേരളത്തിന് സെമി ഫൈനൽ സാധ്യതകൾ സജീവമാക്കാൻ ഈ വിജയം അത്യന്താപേക്ഷിതമായിരുന്നു. മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോൾ തോൽവി അറിയാതെ കുതിക്കുന്ന കേരളത്തിന്റെ അടുത്ത പോരാട്ടം മേഘാലയയ്ക്കെതിരെയാണ്.

Content Highlights: Santosh Trophy: Kerala beats Odisha

dot image
To advertise here,contact us
dot image