

മൈസൂരു: ഒട്ടേറെ കേസുകളിൽ പ്രതിയായ 'മാരി വീരപ്പൻ' എന്ന ശിക്കാരി ഗോവിന്ദ (32) വനം വകുപ്പുദ്യോഗസ്ഥരുടെ പിടിയിൽ. ഒട്ടേറെ വന്യജീവി അതിക്രമ കേസുകളിൽ പ്രതിയാണ് ശിക്കാരി ഗോവിന്ദ.
കഴിഞ്ഞ 5 വർഷത്തിനിടെ നാല് കടുവകളെ കൊന്നു, മൈസൂരിലെ ബൊഗാദിക്ക് സമീപം ഒരു കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ആക്രമിച്ച് 2.5 കോടി രൂപ കൊള്ളയടിച്ചു, ബെംഗളൂരുവിൽ രണ്ട് കൊലപാതകക്കേസ് തുടങ്ങി ഒട്ടേറെ കേസുകൾ ശിക്കാരി ഗോവിന്ദക്കെതിരെ റെജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 6 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കഴിഞ്ഞ ബുധനാഴ്ചയാണ് വനം വകുപ്പ് പിടികൂടിയത്.
ബുധനാഴ്ച ബൊഗാദി കവർച്ച കേസിന്റെ വിചാരണയ്ക്ക് മൈസൂരു കൃഷ്ണരാജ ബൊളിവാർഡിലെ കോടതിയിൽ ശിക്കാരി ഗോവിന്ദ എത്തിയിരുന്നു. ഈ വിവരമറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്യാൻ കോടതി പരിസരത്ത് എത്തി.
അപകടം മണത്ത ശിക്കാരി ഗോവിന്ദ ഇവരെ വെട്ടിച്ച് കടന്നുകളഞ്ഞു.
തുടർന്ന് രാത്രി എട്ടിന് മൈസൂരു-ചാമരാജനഗർ പാസഞ്ചർ ട്രെയിനിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസും വനം വകുപ്പുദ്യോഗസ്ഥരും ഓടികൊണ്ടിരിക്കുന്ന ട്രെയിനിലെത്തി പരിശോധന തുടങ്ങി. ഉടനെ ശിക്കാരി ഗോവിന്ദ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും എടുത്തുചാടി റെയിൽവേ ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചു.
ലോക്കോ പൈലറ്റിനോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഉദ്യോഗസ്ഥരും ട്രെയിനിൽനിന്ന് ചാടി കുറ്റിക്കാട്ടിൽ ഒളിച്ച ഗോവിന്ദയെ തിരച്ചിലിലൂടെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ഭാസ്കർ അസി. കൺസർവേറ്റർമാരായ രുദ്രേഷ്, വിരാജ് ഹൊസൂരു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
നിലവിലെ കേസുകൾക്ക് പുറമെ 2003-ൽ അനധികൃതമായി തോക്ക് കൈവശം വച്ചതിന് ചാമരാജനഗർ ജില്ലയിലെ ഹനൂർ പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസും നിലവിലുണ്ട്. മുൻപും പലതവണ ശിക്കാരി ഗോവിന്ദയെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെങ്കിലും ജാമ്യം നേടി ഒളിവിൽ പോകുകയാണ് പതിവ്.
Content Highlight: Shikari Govinda, often known as 'Maari Veerappan' caught by forest department. Within the span of five years Govinda had killed 4 tigers, involved in 2 murder cases, and robbed 2 crore rupees.