

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ യുവാവിന് ഐഎസ് ബന്ധമെന്ന് സ്ഥിരീകരണം. മൂവാറ്റുപുഴ സ്വദേശി ആദിലിനാണ് ഐഎസ് ബന്ധമെന്ന് സ്ഥിരീകരിച്ചത്. ആദിൽ ഐഎസ് ഘടകം രൂപികരിക്കാൻ ശ്രമിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. സമൂഹ മാധ്യമത്തിലൂടെ ഐഎസ് ആശയം പ്രചരിപ്പിക്കാൻ ആദിൽ ശ്രമിച്ചെന്നും കണ്ടെത്തി. മലയാളി യുവാക്കളെ ലക്ഷ്യംവെച്ചായിരുന്നു ആശയം പ്രചരിപ്പിച്ചത്. സൗദിയിൽ നിന്നാണ് സമൂഹ മാധ്യമത്തിലൂടെ ആദിൽ ഐഎസ് ആശയം പ്രചരിപ്പിച്ചത്.
എടിഎസിന് പുറമേ എൻഐഎ ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും ആദിലിനെ ചോദ്യം ചെയ്യുന്നുണ്ട്. ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സിൻ്റെ ആശയം സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് ശേഷം അതിൽ താൽപര്യമുള്ള യുവാക്കാളെ ചേർത്ത് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് തുറന്നെന്നും അവരെ ഒരുമിച്ച് ചേർത്ത് സംസ്ഥാനത്ത് ഒരു യോഗം നടത്താനുള്ള നീക്കമാണ് ആദിൽ നടത്തിയതെന്നും അതിന് വേണ്ടി ആദിൽ കേരളത്തിലെത്തിയപ്പോളാണ് കസ്റ്റഡിൽ എടുത്തത്.
അഫ്ഗാനിസ്ഥാനിലെ ഐഎസ് സ്വാധീന മേഖലയിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് ആദിലിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും എടിഎസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നും കൂടുതൽ യുവാക്കളെ കൊണ്ടുപോകാനുള്ള നീക്കം ഉണ്ടായിരുന്നോ എന്നും എടിഎസ് പരിശോധിക്കും.ആദിലിൻ്റെ സുഹൃത്തുകളെയും എടിഎസ് ചോദ്യം ചെയ്തു. ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎസ് പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് ആദിലിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
Content Highlight : It has been confirmed that the young man arrested by the ATS at Thiruvananthapuram airport has IS links.Adil a native of Muvattupuzha was arrested.