

വയനാട്: പ്രസവശേഷം യുവതിയുടെ ശരീരത്തിൽ തുണി കുടുങ്ങിയ സംഭവത്തിൽ സംസ്ഥാന ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടിൽ എത്തും. ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദ്ദേശപ്രകാരമാണ് വിദഗ്ധസംഘം അന്വേഷണം നടത്താൻ എത്തുക.
ആരോഗ്യവകുപ്പ് അസി ഡയറക്ടർ ഡോ. വീണ സരോജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്താൻ എത്തുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ രേഖകൾ സംഘം പരിശോധിക്കും. ചികിത്സ പിഴവിന് ഇരയായ യുവതിയിൽ നിന്ന് വിശദമായി മൊഴിയും രേഖപ്പെടുത്തും.
ഡോ. വീണ സരോജിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ വിദഗ്ധരുടെ സംഘം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ആരോഗ്യ വകുപ്പ് തുടർനടപടികൾ സ്വീകരിക്കുക. യുവതിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച പരിശോധനയും ഇന്ന് തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ നടക്കും. ഇതിനായുള്ള ക്രമീകരണം ഒരുക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശം നൽകിയിട്ടുണ്ട്.
ഇന്നലെ ആരോഗ്യമന്ത്രി യുവതിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ആരോഗ്യ വിദഗ്ധരുടെ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രിയുടെ ഉറപ്പ് നല്കി. മന്ത്രി വിളിച്ചതിൽ പ്രതീക്ഷയും ആശ്വാസവും ഉണ്ടെന്ന് യുവതി പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് യുവതിയുടെ ശരീരത്തിൽ നിന്ന് കോട്ടൺ തുണി പുറത്തു വന്നത്. ഒക്ടോബര്‍ 20നാണ് മാനന്തവാടി പാണ്ടക്കടവ് സ്വദേശിയായ 21കാരിയുടെ പ്രസവം വയനാട് മെഡിക്കൽ കോളേജിൽ നടന്നത്. രക്തസ്രാവം തടയാന്‍ വച്ച തുണി പുറത്തെടുത്തിരുന്നില്ല എന്ന ആരോപണമാണ് കുടുംബം ഉയർത്തുന്നത്.
Content Highlight: A state health experts team will arrive at Wayanad medical college to investigate the postpartum complication that occurred due to a cotton cloth being left inside a woman's body after delivery.