

തിരുവനന്തപുരം: ഇന്ത്യയിൽ ഇടതുപക്ഷം രാഷ്ട്രീയശക്തിയെന്ന നിലയിൽ അപ്രസക്തമാണെന്ന് പ്രമുഖ സാഹിത്യകാരൻ എൻ എസ് മാധവൻ. നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന 'മീറ്റ് ദി ഓതർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു എൻ എസ് മാധവൻ.
ഒരു ആശയമെന്ന നിലയിൽ മാത്രമാണ് കമ്യൂണിസം ലോകത്തെല്ലായിടത്തും അവശേഷിക്കുന്നതെന്നും എൻ എസ് മാധവൻ ചൂണ്ടിക്കാട്ടി. ബംഗാളിൽ ഇടതുപക്ഷം ഇല്ലാതായതോടെ അവർ ഒരു രാഷ്ട്രീയശക്തിയല്ലാതായി. തീവ്ര ഇടതുപക്ഷ നിലപാടുകൾ ശരിയല്ലെന്ന് തോന്നിയതിന് ശേഷമാണ് ഇടതുപക്ഷത്തിന് കുതിപ്പില്ലാതായതെന്നും എൻ എസ് മാധവൻ പറഞ്ഞു. കേന്ദ്രനേതൃത്വത്തിന്റെ തെറ്റായ സമീപനമാണ് ഇതിന് കാരണം.
ഇന്ത്യ എന്ന ആശയം മാറ്റിമറിക്കാനായി ഒരു പദ്ധതി രൂപപ്പെട്ടുവെന്നും അത് ഓരോ വർഷവും വ്യത്യസ്ത രീതിയിൽ മുന്നോട്ടുപോവുകയാണെന്നും എൻ.എസ്. മാധവൻ പറഞ്ഞു. ആദ്യം അതിന് മൃദുവായ മുഖമായിരുന്നു ആവശ്യം. അതിനാൽ വാജ്‌പേയിയെ അവതരിപ്പിച്ചു. പിന്നീട് രൂക്ഷമായ മുഖമാണ് ആവശ്യമെന്ന് തോന്നിയപ്പോൾ അതും അവതരിപ്പിക്കപ്പെട്ടു. എന്നാൽ എതിർക്കാൻ ശക്തമായ ഒരു മറുവശം ഇല്ലാത്തതിനാൽ ആ പദ്ധതിയുടെ തേരോട്ടം തുടരുന്നതായും എൻ എസ് മാധവൻ പറഞ്ഞു.
രാഷ്ട്രീയശക്തിയെന്ന നിലയിൽ ഇടതുപക്ഷം അപ്രസക്തമായതിനാൽ കോൺഗ്രസും സോഷ്യലിസ്റ്റുകളുമാണ് ഇതിനെ എതിർക്കേണ്ടത്. എന്നാൽ, അവരും കാലാകാലങ്ങളായി ഇവരെ അനുകൂലിക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. കേരളം പൊതുവേ ഇടതുപക്ഷ മനസ്സുള്ള സംസ്ഥാനമാണെന്നും എൻ എസ് മാധവൻ കൂട്ടിച്ചേർത്തു.
ഇന്ത്യയെക്കുറിച്ച് നോക്കുമ്പോൾ എല്ലാവിധ ആശയസമരത്തിനും നേതൃത്വം നൽകേണ്ട ഇടതുപക്ഷം നിശ്ശബ്ദമായിരിക്കുന്നുവെന്നും എൻ എസ് മാധവൻ ചൂണ്ടിക്കാണിച്ചു. ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ് ഈ സാമൂഹികമാധ്യമ കൃത്രിമത്വം. ആദർശശുദ്ധിയുണ്ടായിരുന്ന ഇടതുപക്ഷംപോലും ഇന്ന് പിആർ ഏജൻസികളെ വെച്ച് ആശയപ്രചാരണം നടത്തുകയാണെന്നും എൻ എസ് മാധവൻ നിരീക്ഷിച്ചു.
എന്നാൽ, 21-ാം നൂറ്റാണ്ടിൽ കാര്യങ്ങൾ മാറാൻ നിമിഷങ്ങൾ മതി. പലയിടത്തും ഭരണം മാറുന്നത് ജനങ്ങളുടെയും വിദ്യാർഥികളുടെയുമൊക്കെ പ്രക്ഷോഭങ്ങളിലൂടെയാണ്. ബംഗ്ലാദേശും ശ്രീലങ്കയും ഇതിന് ഉദാഹരണമാണ്. ഒരു സംഘടിത ശബ്ദം ഏതെങ്കിലും രൂപത്തിൽ വരുമെന്നും എൻ എസ് മാധവൻ പ്രതീക്ഷ പ്രകടിപ്പിച്ചു. എഴുത്തുകാരൻ എൻ ഇ സുധീറാണ് എൻ.എസ്. മാധവനുമായി സംസാരിച്ചത്.
Content Highlights: The Left has become irrelevant as a political force in India, says N.S. Madhavan. With the disappearance of the Left in Bengal, they lost significant influence in national politics.