വിട്ടുകൊടുക്കാതെ സെൻസർ ബോർഡ്, ജനനായകന്റെ പ്രദർശനാനുമതിക്ക് എതിരെ അപ്പീൽ നൽകി; വാദം ഇന്ന് ഉച്ചയ്ക്ക് 2.15 ന്

ജസ്റ്റിസ് പിടി ആശയുടെ വിധിക്ക് എതിരെയാണ് സെൻസർ ബോർഡ് അപ്പീൽ നൽകിയിരിക്കുന്നത്

വിട്ടുകൊടുക്കാതെ സെൻസർ ബോർഡ്, ജനനായകന്റെ പ്രദർശനാനുമതിക്ക് എതിരെ അപ്പീൽ നൽകി; വാദം ഇന്ന് ഉച്ചയ്ക്ക് 2.15 ന്
dot image

വിജയ് ചിത്രം ജനനായകന് മദ്രാസ് ഹൈക്കോടതി പ്രദർശനാനുമതി നൽകിയതിന് പിന്നാലെ അപ്പീലുമായി സെൻസർ ബോർഡ്. ജസ്റ്റിസ് പിടി ആശയുടെ വിധിക്ക് എതിരെയാണ് സെൻസർ ബോർഡ് അപ്പീൽ നൽകിയിരിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. അപ്പീല്‍ നല്‍കാന്‍ സിബിഎഫ്സിക്ക് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനുമതി നല്‍കുകയായിരുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും CBFC ഉന്നയിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2.15 ന് ഈ ഹർജിയിൽ വാദം കേൾക്കുമെന്നാണ് വിവരം.

നിബന്ധനകളോടെയാണ് ഹൈക്കോടതി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നൽകിയത്. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് വിവരം. കോടതി നടപടികൾ കേൾക്കാനായി നടൻ വിജയ്‌യും ഓൺലൈനിൽ ഹാജരായിരുന്നു. സിനിമയ്‌ക്കെതിരായി സെൻസർ ബോർഡ് എടുത്ത തീരുമാനത്തെ ഹൈക്കോടതി വിമർശിച്ചിട്ടുണ്ട്. ഇത്തരം പരാതികൾ ചട്ടവിരുദ്ധമാണെന്നും ഇതൊന്നും എന്റർടെയ്ൻ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. സെൻസർ ബോർഡ് ചെയർമാൻ ആണ് ചിത്രത്തിനെ റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത്. എന്നാൽ സെൻസർ ബോർഡ് ചെയർമാന് അതിന് അധികാരമില്ലെന്നും ഇല്ലാത്ത അധികാരമാണ് ചെയർമാൻ ഉപയോഗിച്ചതെന്ന വിമർശനവും ഹൈക്കോടതി ഉയർത്തിയിട്ടുണ്ട്.

സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ച തീയതിയിൽ നിന്നും സിനിമ മാറ്റിവെച്ചത്. ജനുവരി 9 നായിരുന്നു സിനിമയുടെ ആദ്യത്തെ റിലീസ് ഡേറ്റ്. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉൾപ്പടെ ആരംഭിച്ചിരുന്നു. തുടർന്ന് ഈ ടിക്കറ്റുകൾ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകൾക്ക് അനുമതി നൽകുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സർട്ടിഫിക്കേഷൻ ആവശ്യമാണ്. ഈ കാലതാമസം ആണ് ജനനായകൻന്റെ റിലീസ് പ്രതിസന്ധിയിലാക്കിയത്.

Content Highlights: CBFC filed writ appeal against Justice PT Asha's order in jananayagan case

dot image
To advertise here,contact us
dot image