

പശ്ചിമഘട്ടത്തിന്റെ കാവലാളെന്ന് മാധവ് ഗാഡ്ഗിലിനെ നിസംശയം വിളിക്കാം. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് മാധവ് ഗാഡ്ഗിലെന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ നല്‍കിയ സംഭാവനകള്‍ ചെറുതല്ല. ഇന്ത്യയുടെ പ്രകൃതിവൈവിധ്യത്തെ ഇത്രമേൽ അടുത്തറിഞ്ഞ മറ്റൊരാളുണ്ടാകില്ല.
അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പശ്ചിമഘട്ടത്തിൽ വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് കൃത്യമായി മുന്നറിയിപ്പ് നല്‍കിയതിലൂടെ അദ്ദേഹം ശ്രദ്ധേയനായി. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിരവധി വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.
പശ്ചിമഘട്ടത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനും സംരക്ഷിക്കുന്നതിനുമായാണ് കേന്ദ്ര പരിസ്ഥിതി വന മന്ത്രാലയം 2010-ല്‍ മാധവ് ഗാഡ്ഗിലിന്റെ അധ്യക്ഷതയില്‍ ഗാഡ്ഗില്‍ കമ്മീഷന്‍ രൂപീകരിച്ചത്. കമ്മീഷന്‍ 2011 ഓഗസ്റ്റ് 31-ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പശ്ചിമഘട്ട മലനിരകള്‍ക്കുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ദീര്‍ഘവീക്ഷണം കൂടിയായിരുന്നു ഈ റിപ്പോർട്ട്.
അരികുവല്‍ക്കരിക്കപ്പെട്ട ജനങ്ങളെ സംരക്ഷിക്കുന്നതിനും, വനങ്ങള്‍ മുതല്‍ തണ്ണീര്‍ത്തടങ്ങള്‍ വരെയുള്ള ആവാസവ്യവസ്ഥയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ പല ഗവേഷണങ്ങളും സഹായിച്ചിട്ടുണ്ട്.
പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുടെ 75%വും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തത് അതിലെ ഇടതൂര്‍ന്ന വനങ്ങളും ജീവജാലങ്ങളുടെ സാന്നിധ്യവും സംരക്ഷിക്കപ്പെടാന്‍ കൂടിയാണ്. എന്നാല്‍ റിപ്പോര്‍ട്ട് വലിയ വിവാദമായിരുന്നു. പല സംസ്ഥാനങ്ങളും ഇതിനെ എതിര്‍ത്തിരുന്നു. പശ്ചിമഘട്ടത്തിലെ നിർമാണപ്രവർത്തനങ്ങൾക്കും മറ്റും മാധവ് ഗാഡ്ഗിൽ നിർദേശിച്ച കർശന നിയന്ത്രണങ്ങൾ കേരളത്തിലും വലിയ വിവാദമാണ് ഉണ്ടാക്കിയത്.
നിർമാണ, ടൂറിസം പ്രവർത്തനങ്ങൾക്കടക്കം കടുത്ത നിയന്ത്രണമേർപ്പെടുത്തുന്ന റിപ്പോർട്ടിൽ വലിയ വാദപ്രതിവാദങ്ങൾ ഉണ്ടായി. രാഷ്ട്രീയ, മത - സാമുദായിക സംഘടനകൾ അടക്കം ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ രംഗത്തുവരുന്ന സ്ഥിതിയുണ്ടായി. പിന്നാലെ മൂന്ന് വര്‍ഷത്തിന് ശേഷം മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിലെ നിർദേശങ്ങൾ പഠിക്കാൻ കേന്ദ്രസർക്കാർ ശാസ്ത്രജ്ഞന്‍ കെ കസ്തൂരിരംഗൻ സമിതിയെ നിയമിച്ചു. ഈ പാനല്‍ വിസ്തീര്‍ണ്ണം 50% ആയി കുറച്ചു.
2024-ല്‍ വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അവഗണിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഇന്നും സജീവ ചര്‍ച്ചാവിഷയമാണ്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ ഗാഡ്ഗിൽ റിപ്പോർട്ട് സമർപ്പിച്ച് 15 വർഷം കഴിഞ്ഞിട്ടും ഇതുവരെ കേന്ദ്രം വിജ്ഞാപനം ചെയ്തിട്ടില്ല. പാനൽ ശുപാർശ ചെയ്ത പ്രദേശങ്ങളിൽ വയനാടും ഉൾപ്പെടുന്നുണ്ട്.
1942 മെയ് 24 നായിരുന്നു മാധവ് ഗാഡ്ഗിലിന്റെ ജനനം. പൂനെ, മുംബൈ യൂണിവേഴ്‌സിറ്റികളില്‍ നിന്നായി ജീവശാസ്ത്രം, ഗണിതപരിസ്ഥിതിശാസ്ത്രത്തിൽ ഹാർവാഡ് യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറേറ്റ്, ഹാർവാഡിൽ ഐബിഎം ഫെലോ എന്നിങ്ങനെയാണ് യോഗ്യതകൾ. അപ്ലൈഡ് മാത്തമാറ്റിക്‌സിൽ റിസേർച്ച് ഫെലോയും ജീവശാസ്ത്ര അദ്ധ്യാപകനുമായിരുന്നു. 1973 മുതൽ 2004 വരെ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അധ്യാപകനായി പ്രവർത്തിച്ചു. സ്റ്റാൻഫോഡിലും ബെർക്‌ലിയിലെ കാലിഫോണിയ സർവകലാശാലയിലും വിസിറ്റിംഗ് പ്രൊഫസറായും പ്രവർത്തിച്ചു.
ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയിൽ അദ്ദേഹത്തിന്റേതായി 215 ഗവേഷണപ്രബന്ധങ്ങളും 6 പുസ്തകങ്ങളുമുണ്ട്. സ്ഥിരമായി ആനുകാലികങ്ങളിൽ ഇംഗ്ലീഷിലും പ്രാദേശികഭാഷകളിലും എഴുതാറുള്ള വ്യക്തി കൂടിയായിരുന്നു മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ടം ഒരു പ്രണയകഥ എന്ന പേരില്‍ ആത്മകഥയും എഴുതിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതിപുരസ്‌കാരം, പത്മശ്രീ, പദ്മഭൂഷൺ എന്നിവയും അദ്ദേഹത്തിന് ലഭിച്ചു.
Content Highlights: Veteran ecologist Madhav Gadgil passes away