

ന്യൂ ഡൽഹി: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു.
മകൻ സിദ്ധാർത്ഥ ഗാഡ്‌ഗിലാണ് പിതാവ് അന്തരിച്ച വാർത്ത അറിയിച്ചത്. ദുഃഖകരമായ വാർത്ത പങ്കിടുന്നതിൽ തനിക്ക് വളരെ ഖേദമുണ്ടെന്നും തന്റെ പിതാവ് മാധവ് ഗാഡ്ഗിൽ കഴിഞ്ഞ ദിവസം രാത്രി പൂനെയിൽ വെച്ച് ഒരു ചെറിയ അസുഖത്തെത്തുടർന്ന് അന്തരിച്ചുവെന്നുമായിരുന്നു സിദ്ധാർത്ഥ ഗാഡ്ഗിൽ അറിയിച്ചത്.
1942 മെയ് 24 നായിരുന്നു മാധവ് ഗാഡ്ഗിലിന്റെ ജനനം. പൂനെ, മുംബൈ യൂണിവേഴ്‌സിറ്റികളില്‍ നിന്നായി ജീവശാസ്ത്രം, ഗണിതപരിസ്ഥിതിശാസ്ത്രത്തിൽ ഹാർവാഡ് യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറേറ്റ്, ഹാർവാഡിൽ ഐബിഎം ഫെലോ എന്നിങ്ങനെയാണ് യോഗ്യതകൾ. അപ്ലൈഡ് മാത്തമാറ്റിക്‌സിൽ റിസേർച്ച് ഫെലോയും ജീവശാസ്ത്ര അദ്ധ്യാപകനുമായിരുന്നു. 1973 മുതൽ 2004 വരെ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അധ്യാപകനായി പ്രവർത്തിച്ചു. സ്റ്റാൻഫോഡിലും ബെർക്‌ലിയിലെ കാലിഫോണിയ സർവകലാശാലയിലും വിസിറ്റിങ് പ്രൊഫസറായും പ്രവർത്തിച്ചു.
ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയിൽ അദ്ദേഹത്തിന്റേതായി 215 ഗവേഷണപ്രബന്ധങ്ങളും 6 പുസ്തകങ്ങളുമുണ്ട്. സ്ഥിരമായി ആനുകാലികങ്ങളിൽ ഇംഗ്ലീഷിലും പ്രാദേശികഭാഷകളിലും എഴുതാറുള്ള വ്യക്തി കൂടിയായിരുന്നു മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ടം ഒരു പ്രണയകഥ എന്ന പേരില്‍ ആത്മകഥയും എഴുതിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതിപുരസ്‌കാരം, പത്മശ്രീ, പദ്മഭൂഷൺ എന്നിവയും അദ്ദേഹത്തിന് ലഭിച്ചു.
കേരളത്തെ സംബന്ധിച്ചും മാധവ് ഗാഡ്ഗിൽ എന്ന പേര് വളരെ പ്രധാനമാണ്. 2010ലാണ് കേന്ദ്രസർക്കാർ പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാനായി ഗാഡ്ഗിൽ സമിതിയെ നിയമിച്ചത്. പശ്ചിമഘട്ടത്തിലെ നിർമാണപ്രവർത്തനങ്ങൾക്കും മറ്റും മാധവ് ഗാഡ്ഗിൽ നിർദേശിച്ച കർശന നിയന്ത്രണങ്ങൾ കേരളത്തിൽ വലിയ വിവാദമാണ് ഉണ്ടാക്കിയത്. നിർമാണ, ടൂറിസം പ്രവർത്തനങ്ങൾക്കടക്കം കടുത്ത നിയന്ത്രണമേർപ്പെടുത്തുന്ന റിപ്പോർട്ടിൽ വലിയ വാദപ്രതിവാദങ്ങൾ ഉണ്ടായി. രാഷ്ട്രീയ, മത - സാമുദായിക സംഘടനകൾ അടക്കം ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ രംഗത്തുവരുന്ന സ്ഥിതിയുണ്ടായി. പിന്നാലെ മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിലെ നിർദേശങ്ങൾ പഠിക്കാൻ കേന്ദ്രസർക്കാർ കസ്തൂരിരംഗൻ സമിതിയെ നിയമിച്ചു.
Content Highlights: Environmental Scientist Madhav Gadgil passed away