കാർ വിളിച്ചു, മണിക്കൂറുകളോളം ഓടി: ഒടുവില്‍ വാടക ചോദിച്ചപ്പോള്‍ പീഡനക്കേസില്‍പ്പെടുത്തുമെന്ന് യുവതിയുടെ ഭീഷണി

നുഹ് ജില്ലയിലെ ധനാ ഗ്രാമത്തിലെ താമസക്കാരനായ കാർ ഡ്രൈവർ സിയാഉദ്ദീൻ നൽകിയ പരാതിയിലാണ് നടപടി

കാർ വിളിച്ചു, മണിക്കൂറുകളോളം ഓടി: ഒടുവില്‍ വാടക ചോദിച്ചപ്പോള്‍ പീഡനക്കേസില്‍പ്പെടുത്തുമെന്ന് യുവതിയുടെ ഭീഷണി
dot image

ഗുരുഗ്രാം: കാർ യാത്രയുടെ വാടക ആവശ്യപ്പെട്ട ഡ്രൈവറെ പീഡനക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച യുവതിക്കെതിരെ കേസ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. മണിക്കൂറുകൾ നീണ്ട കാർ യാത്രയ്ക്ക് ശേഷം യാത്രക്കൂലി നൽകാൻ വിസമ്മതിച്ച യുവതി ഡ്രൈവറെ പീഡനക്കേസിലോ അല്ലെങ്കിൽ മോഷണ കേസിലോ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കാർ ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജ്യോതി ദലാൽ എന്ന യുവതിക്കെതിരെയാണ് സെക്ടർ 29 പോലീസ് സ്റ്റേഷനിൽ തട്ടിപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നുഹ് ജില്ലയിലെ ധനാ ഗ്രാമത്തിലെ താമസക്കാരനായ കാർ ഡ്രൈവർ സിയാഉദ്ദീൻ നൽകിയ പരാതിയിലാണ് നടപടി. ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ജ്യോതി ദലാൽ കാർ ബുക്ക് ചെയ്തു. സെക്ടർ 31, ബസ് സ്റ്റാൻഡ്, സൈബർ സിറ്റി എന്നിവിടങ്ങളിലേക്ക് പോകാൻ ആവശ്യപ്പെട്ടു. യാത്രയ്ക്കിടെ പണം ചോദിച്ചപ്പോൾ 700 രൂപ നൽകി. വിവിധ സ്ഥലങ്ങളിൽ വെച്ച് യുവതി ഭക്ഷണവും വാങ്ങി കഴിച്ചിരുന്നു. ഇതിന്‍റെയെല്ലാം പണം നല്‍കിയത് ഡ്രൈവറായിരുന്നു.

ഉച്ചയോടെ യാത്ര അവസാനിപ്പിച്ച് കാർ വാടക ആവശ്യപ്പെട്ടപ്പോൾ യുവതി കുപിതയായി. പണം നല്‍കാന്‍ വിസമ്മതിച്ചതിന് പുറമെ മോഷണമോ പീഡനമോ ആരോപിച്ച് ഡ്രൈവർക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് സെക്ടർ 29 പോലീസ് സ്റ്റേഷനിലെത്തി യുവതി ബഹളം വെക്കുകയും ചെയ്തു. യുവതി മടങ്ങിയ ശേഷം ഡ്രൈവർ പോലീസിനോട് കാര്യങ്ങൾ വിശദീകരിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുൻപും സമാന തട്ടിപ്പുകൾ നടത്തിയ വ്യക്തിയാണ് ഇവരെന്ന് പോലീസ് മനസ്സിലാക്കുന്നത്. മുൻപ് ഒരു സലൂണിനെ 20000 രൂപയും മറ്റൊരു കാർ ഡ്രൈവറുടെ 2000 രൂപയും ഇവർ തട്ടിയെടുത്തതായി പോലീസ് പറയുന്നു. 2024 ഫെബ്രുവരിയിൽ ജ്യോതി ദലാൽ കാർ ഡ്രൈവറുമായി കൂലി സംബന്ധിച്ച് ഡ്രൈവറുമായി വാക്കേറ്റം നടത്തുന്ന വീഡിയോ വൈറലായിരുന്നു. "ജ്യോതി ദലാലിനെതിരെ ബിഎൻഎസിലെ തട്ടിപ്പ് വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്, ഉടൻ അറസ്റ്റ് ചെയ്യും," സെക്ടർ 29 പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ രവി കുമാർ പറഞ്ഞു.

content Highlights: A cab-related dispute was reported in Gurugram after a woman allegedly refused to pay the fare and threatened the driver with a molestation case

dot image
To advertise here,contact us
dot image