റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത് നിർമ്മാതാക്കളെ അറിയിക്കാത്തതെന്ത്?; ജനനായകൻ പ്രദർശനാനുമതി വിധി പറയാൻ മാറ്റി

ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ട തീരുമാനം നിര്‍മ്മാതാക്കളെ അറിയിക്കാത്തതെന്തെന്ന് സെന്‍സര്‍ ബോര്‍ഡിനോട് കോടതി

റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത് നിർമ്മാതാക്കളെ അറിയിക്കാത്തതെന്ത്?; ജനനായകൻ പ്രദർശനാനുമതി വിധി പറയാൻ മാറ്റി
dot image

ചെന്നൈ: വിജയ് നായകനായ ജനനായകന്‍ സിനിമയുടെ പ്രദര്‍ശനാനുമതി സംബന്ധിച്ച നിര്‍മ്മാതാക്കളുടെ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി പിന്നീട് വിധി പറയും. ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ട തീരുമാനം നിര്‍മ്മാതാക്കളെ അറിയിക്കാത്തതെന്തെന്ന് സെന്‍സര്‍ ബോര്‍ഡിനോട് കോടതി ചോദിച്ചു.

സിനിമയുടെ റിവ്യുവിനെക്കുറിച്ച് നിര്‍മ്മാതാക്കള്‍ക്ക് അറിവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ റിവൈസിംഗ് കമ്മിറ്റി പരിശോധിക്കുന്ന കാര്യം തിങ്കളാഴ്ച തന്നെ അറിയിച്ചുവെന്നായിരുന്നു സിബിഎഫ്സിയുടെ മറുപടി.
പ്രദര്‍ശനാനുമതിയില്‍ തീരുമാനമെടുക്കാന്‍ റിവൈസിംഗ് കമ്മിറ്റിക്ക് സമയമുണ്ട്. 20 ദിവസത്തിനകം നിര്‍മ്മാതാക്കളെ തീരുമാനം അറിയിച്ചാല്‍ മതിയെന്നും സിബിഎഫ്സി പറഞ്ഞു. ഡിസംബര്‍ 18നാണ് പ്രദര്‍ശനാനുമതി തേടി ചിത്രം നല്‍കിയത്. 2026ല്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്നത് കൊണ്ട് മാത്രം ഹര്‍ജി നല്‍കാനാവില്ല.

പ്രദര്‍ശം തടയണമെന്ന ദുരുദ്ദേശം സെന്‍സര്‍ ബോര്‍ഡിന് ഇല്ലെന്നും സിബിഎഫ്സി വ്യക്തമാക്കി. സിനിമയുടെ നിര്‍മ്മാതാക്കള്‍ സിബിഎഫ്സിക്ക് പരാതി നല്‍കിയിട്ടില്ലെന്നും സെന്‍സര്‍ ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സിനിമ കണ്ടതിന് ശേഷം ശുപാര്‍ശ നല്‍കാനാണ് സെന്‍സര്‍ ബോര്‍ഡ് അംഗത്തിന് അധികാരമുള്ളതെന്ന് നിര്‍മ്മാതാക്കള്‍ മറുപടി വാദമുന്നയിച്ചു. സിനിമയ്ക്കെതിരെ പരാതി നല്‍കാന്‍ ബോര്‍ഡ് അംഗത്തിന് കഴിയില്ലെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. ബോര്‍ഡ് അംഗം എങ്ങനെ പരാതിക്കാരനായി എന്നും നിര്‍മ്മാതാക്കള്‍ ചോദിച്ചു.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

Content Highlights: Madras High Court postponed the verdict on Vijay starrer Jananayagans plea for release

dot image
To advertise here,contact us
dot image