'കടിക്കാതിരിക്കാൻ തെരുവുനായ്ക്കൾക്ക് കൗൺസിലിങ് നല്‍കണം, അതേ ബാക്കിയുള്ളു'; മൃഗസ്നേഹികൾക്ക് പരിഹാസം

നായകള്‍ രാവിലെ ഏത് മാനസിക അവസ്ഥയിലാണ് എന്ന് എങ്ങനെ അറിയാനാകുമെന്നും നിങ്ങള്‍ക്ക് ഇക്കാര്യം തിരിച്ചറിയാനാകുമോയെന്നും സുപ്രീംകോടതി ചോദിച്ചു

'കടിക്കാതിരിക്കാൻ തെരുവുനായ്ക്കൾക്ക് കൗൺസിലിങ് നല്‍കണം, അതേ ബാക്കിയുള്ളു'; മൃഗസ്നേഹികൾക്ക് പരിഹാസം
dot image

ന്യൂഡല്‍ഹി: മൃഗസ്‌നേഹികൾക്ക് നേരെ പരിഹാസവുമായി സുപ്രീംകോടതി. രാജ്യത്തെ തെരുവുനായ പ്രശ്നത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരിഹാസം. കടിക്കാതിരിക്കാന്‍ തെരുവുനായ്ക്കൾക്ക് കൗണ്‍സിലിംഗ് നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ഇനി അത് മാത്രമേ ബാക്കിയുള്ളുവെന്നും സുപ്രീംകോടതി പരിഹസിച്ചു.

നായകള്‍ രാവിലെ ഏത് മാനസിക അവസ്ഥയിലാണ് എന്ന് എങ്ങനെ അറിയാനാകുമെന്നും നിങ്ങള്‍ക്ക് ഇക്കാര്യം തിരിച്ചറിയാനാകുമോയെന്നും സുപ്രീംകോടതി ചോദിച്ചു. തെരുവുനായ്ക്കള്‍ കടുത്ത ഭീഷണി ഉയര്‍ത്തുന്നുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 'കഴിഞ്ഞ 20 ദിവസത്തിനകം രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ തെരുവുനായ ആക്രമണത്തിനിരയായി. രാജസ്ഥാന്‍ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാരാണ് തെരുവുനായ ആക്രമണത്തിനിരയായത്. ഇതില്‍ ഒരു ജഡ്ജിയുടെ ആരോഗ്യാവസ്ഥ ഗുരുതരമാണ്', സുപ്രീംകോടതി പറഞ്ഞു.

ഇടക്കാല ഉത്തരവില്‍ മറുപടി നല്‍കാത്ത സംസ്ഥാനങ്ങള്‍ക്ക് നേരെ കടുത്ത നടപടിയുണ്ടാകുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെരുവുനായ്ക്കളെ പല രീതിയില്‍ ഉപയോഗിക്കാമെന്നും കൃഷിയിടങ്ങളില്‍ ഉപയോഗിക്കാമെന്നുമൊക്കെയുള്ള വാദമാണ് മൃഗസ്‌നേഹികള്‍ ഉയര്‍ത്തുന്നത്. 'എല്ലാ തെരുവുനായ്ക്കളെയും പിടികൂടുന്നതല്ല പരിഹാരം. എബിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് മൃഗസംരക്ഷണ ബോര്‍ഡ് തയ്യാറാക്കിയ നടപടിക്രമം.
എല്ലാ തെരുവുനായ്ക്കളെയും പിടികൂടി എബിസിക്ക് വിധേയമാക്കുന്നത് അശാസ്ത്രീയമാണ്', എന്നാണ് മൃഗസ്‌നേഹികളുടെ വാദം. മൃഗസ്‌നേഹികള്‍ക്ക് വേണ്ടി അഭിഭാഷകനായ കപില്‍ സിബലാണ് ഹാജരായത്.

ദേശീയപാത അതോറിറ്റിയും മൃഗക്ഷേമ ബോര്‍ഡും നടപടിക്രമങ്ങള്‍ രൂപീകരിച്ചെന്ന് അമിക്കസ് ക്യൂറിയും കോടതിയില്‍ വ്യക്തമാക്കി. തെരുവുനായ ശല്യമുള്ള സ്ഥലങ്ങളുടെ പട്ടിക സംസ്ഥാനങ്ങള്‍ക്ക് കൈമാറിയെന്നും തെരുവുനായ്ക്കളെ പാര്‍പ്പിക്കാനുള്ള ഇടവും പ്രജനന നിയന്ത്രണ കേന്ദ്രവും വ്യത്യസ്തമാണെന്നും അമിക്കസ് ക്യൂറി പറഞ്ഞു. അടിസ്ഥാന സൗകര്യം ഒരുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണെന്നും പാര്‍പ്പിക്കാന്‍ കേന്ദ്രങ്ങളില്ലെങ്കില്‍ തെരുവുനായ്ക്കളെ തെരുവില്‍ നിന്ന് മാറ്റാനാവില്ലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. ദേശീയപാതയില്‍ തെരുവുനായ ശല്യമുള്ള ഇടങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് എന്‍എച്ച്എഐയും അറിയിച്ചു.

Content Highlights: Supreme Court mocking Animal lovers on Stray dog issue

dot image
To advertise here,contact us
dot image