'മോഹൻലാലിന്റെ ‘ഛായാമുഖി’യിൽ ഹിഡുംബിയായ സ്നേഹ', വ്യക്തിയെ തേജോവധം ചെയ്യാനുള്ള ഉപാധിയല്ല കലയെന്ന് സാവിത്രി

നടി സ്നേഹ ശ്രീകുമാറിനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്ക് മറുപടിയുമായി കല സാവിത്രി

'മോഹൻലാലിന്റെ ‘ഛായാമുഖി’യിൽ ഹിഡുംബിയായ സ്നേഹ', വ്യക്തിയെ തേജോവധം ചെയ്യാനുള്ള ഉപാധിയല്ല കലയെന്ന് സാവിത്രി
dot image

നടി സ്നേഹ ശ്രീകുമാറിനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വ്യക്തിഹത്യയ്ക്കും അധിക്ഷേപ പരാമർശങ്ങൾക്കും മറുപടിയുമായി വിഖ്യാത നാടക സംവിധായകൻ പ്രശാന്ത് നാരായണന്റെ ഭാര്യയും കലാകാരിയുമായ കല സാവിത്രി. വ്യക്തിയെ തേജോവധം ചെയ്യാനുള്ള ഉപാധിയല്ല കലയെന്നും സ്നേഹ ഗംഭീര നടിയാണെന്നും സാവിത്രി പറഞ്ഞു. നമ്മുടെ മനോഭാവമാണ് നമ്മുടെ ഉയരത്തെയും വണ്ണത്തെയും നിർണ്ണയിക്കുന്നതെന്നും വ്യക്ത്യാധിക്ഷേപം നടത്തുന്നത് കലയുടെ ധർമ്മമല്ലെന്നും സാവിത്രി പറഞ്ഞു.സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടാണ് പ്രതികരണം.

സാവിത്രി പങ്കുവെച്ച പോസ്റ്റിന്റെ പൂർണരൂപം:

'കണ്ണാടിയേക്കാൾ നന്നാണ് ചങ്ങാതി എന്ന് നാട്ടിലുള്ളവർ പറയാറില്ലേ, ചങ്ങാതി ആരെന്നു എങ്ങനെ അറിയാൻ അല്ലേ ?'
ഛായാമുഖി യിലെ നായിക ഹിഡുംബിയാണെന്നു ഞാൻ പറയും. ഹിഡുംബി എന്ന ദളിത് സ്ത്രീ… കാലമെത്രയോ കഴിഞ്ഞിട്ടും രൂപ വേഷഭൂഷാദികൾ മാറ്റി അജ്ഞാതവാസകാലത്തിലെ വലലനായി മാറിയിട്ടും ഗന്ധം കൊണ്ട് തിരിച്ചറിഞ്ഞാണ് ഹിഡുംബി ഭീമസേനന് മുന്നിൽ എത്തുന്നത്. ഗന്ധം കൊണ്ടു തിരിച്ചറിയുന്ന പ്രണയം… അത് ഹിഡുംബി ഒരു കാട്ടുപെണ്ണായതുകൊണ്ട് മാത്രം സാദ്ധ്യമാകുന്നതല്ല, അവളൊരു തീവ്രപ്രണയിനിയായതു കൊണ്ടുകൂടിയാണ്.

ഛായാമുഖി 'അവളി'ൽ തുടങ്ങി 'അവളി'ൽ അവസാനിക്കുന്ന ഒരു സ്ത്രീപക്ഷ രചനയാണ്. 'അവൾ'ക്കൊപ്പമാണ് ആ കൃതി.
എന്തുകൊണ്ടിപ്പോൾ ഛായാമുഖിയിലെ ഹിഡുംബിയെക്കുറിച്ചു പറഞ്ഞു? അത് സ്നേഹയെ ഓർത്തതു കൊണ്ടാണ്. പ്രശാന്ത് നാരായണൻ്റെ, മോഹൻലാൽ അഭിനയിച്ച ഛായാമുഖിയിലെ ഹിഡുംബി സ്നേഹയായിരുന്നു. ക്ലാസ്സിക്കൽ ആർട്സിൽ ബിരുദാനന്തര ബിരുദവും എം.ഫിലും ഉണ്ട് സ്നേഹയ്ക്ക്. ഓട്ടൻതുള്ളൽ, ഏറെ ഊർജ്ജം ആവശ്യമുള്ള ഒരു ക്ലാസ്സിക്കൽ തീയേറ്റർ ആർട്ടാണ്. ചടുലമായ ആ കലാരൂപത്തിൽ നിന്നും നാടകം എന്ന തീയേറ്റർ ആർട്ടിലേക്ക് വരുമ്പോൾ ഉണ്ടാകുന്ന വ്യത്യാസത്തെ സ്നേഹ അതിൻ്റെ പരിപൂർണ്ണാർത്ഥത്തിൽ ആവാഹിച്ചിട്ടുണ്ട് ഹിഡുംബിയിൽ. ഹിഡുംബി ഒരു കാട്ടാളത്തിയാണ്. രാക്ഷസശരീരിയാണ്. മഹാബലവാനും ക്ഷാത്ര തേജസ്വിയും കുന്തീ സുതനുമായ ഭീമസേനൻ്റെ നായികയാണ്. ഭീമൻ്റെ പുത്രന് ജന്മം നൽകിയവളാണ്. ഇപ്പറഞ്ഞ കഥാപാത്രത്തിൻ്റെ ത്രിമാന സ്വഭാവങ്ങളിലേക്ക് എടുക്കേണ്ടവയെ ഒക്കെത്തന്നെയും ഹിഡുംബി എന്ന കഥാപാത്രത്തിൻ്റെ അരങ്ങുകാഴ്ചയിൽ അനുഭവിക്കാനാവണം.

സ്നേഹയുടെ ഹിഡുംബി ഇത്തരത്തിലൊക്കെ കാഴ്ചക്കാരെ ആനന്ദിപ്പിച്ചിട്ടുണ്ട്. ചലനങ്ങളിലെ ദ്രുതവേഗവും വഴക്കവും ഓട്ടൻതുള്ളൽ എന്ന കല നൽകുന്ന സംഭവനകളാണ്. യക്ഷഗാന കലാകാരൻമാർ നാടകത്തിലഭിനയിക്കുമ്പോൾ അവരുടെ ചലനങ്ങളിലെ വഴക്കവും വേഗതയും കാണാൻ എന്തു രസമാണല്ലേ. മൈസൂർ രംഗായണയിൽ കണ്ട ഒരു രാമായണം നാടകം ഓർമ്മ വരുന്നു. അതേപോലെ ധാർവാഡ് രംഗായണ അവതരിപ്പിച്ച പ്രശാന്ത് നാരായണൻ സംവിധാനം ചെയ്ത സ്വപ്നവാസവദത്തവും. ഒരു സംവിധായകൻ എപ്പോഴും ഇഷ്ടപ്പെടുന്നത് തൻ്റെ ആർട്ടിസ്റ്റുകളെയാണല്ലോ. അത്തരത്തിൽ പ്രശാന്തേട്ടൻ ഹൃദയത്തോടു ചേർത്തു പിടിച്ച ഒരു ആർട്ടിസ്റ്റായിരുന്നു സ്നേഹ.

എല്ലാത്തരം അഭിനയ സങ്കേതങ്ങളും അസാമാന്യമായി വഴങ്ങുന്ന നടിയാണ് സ്നേഹ. കളം തീയേറ്റർ ആൻ്റ് റപ്രട്ടറിക്കു വേണ്ടി പ്രശാന്ത് നാരായണൻ സംവിധാനം ചെയ്ത താജ്മഹൽ എന്ന നാടകത്തിലെ മുംതാസ് സ്നേഹ ആയിരുന്നു. ഒ.പി സുരേഷിൻ്റെ താജ് മഹൽ എന്ന കവിതയുടെ രംഗാവിഷ്കാരമാണ് അത്. മുംതാസിലേക്കുള്ള സ്നേഹയുടെ നാച്വുറലിസ്റ്റിക്കായ ആ പ്രവേശം, തുടക്കം മുതൽ കണ്ടു നിന്ന ഒരാളാണ് ഞാൻ. ശ്രീകുമാറായിരുന്നു ബാവൂട്ടിക്ക. ഇതേ സ്നേഹ തന്നെ മറിമായം എന്ന ആക്ഷേപഹാസ്യപരമ്പരയിലെ മണ്ഡോദരിയെന്ന കഥാപാത്രമായും തിളങ്ങുന്നു. തന്നെത്തന്നെ ആവർത്തിക്കാതെ താൻ ഏറ്റെടുത്ത കഥാപാത്രത്തെ കാണികൾക്കു മുന്നിൽ പ്രദർശിപ്പിക്കാനുള്ള ആ മിടുക്ക് അത്ര നിസ്സാരമല്ല. അതൊരുപക്ഷേ സ്നേഹ അനുശീലിച്ച പൗരസ്ത്യ അഭിനയ പദ്ധതിയുടെ വിജയം കൂടിയാണ്.

ക്ഷോഭിപ്പിക്കാൻ വേണ്ടിയല്ല കലകളെ ഉപയോഗിക്കേണ്ടതെന്നൊരു നിരീക്ഷണമുണ്ടല്ലോ. കലകൾ വിശ്രാന്തിയെ തൃപ്തിപ്പെടുത്തുന്ന പ്രക്രിയയാണ്. ലഭ്യമാകുന്ന ആനന്ദാതിരേകമാണ് കലയുടെ നിർവ്വഹണലക്ഷ്യം. വ്യക്തിയെ തേജോവധം ചെയ്യാനുള്ള ഉപാധിയല്ല കല. വരേണ്യമെന്നും അധ:സ്ഥിതമെന്നുമുള്ള വേർതിരിവുകളില്ലതിന്. നമ്മുടെ മനോഭാവമാണ് നമ്മുടെ ഉയരത്തെയും വണ്ണത്തെയും നിർണ്ണയിക്കുന്നത്. മനോഭാവമാണ് പ്രധാനം എന്നർത്ഥം. പ്രശാന്ത് നാരായണൻ എപ്പോഴും പറയാറുള്ളതുപോലെ ഒരു വരയെ ചെറുതാക്കാൻ, ആ വരയ്ക്കു മുകളിൽ വലിയൊരു വര വരയ്ക്കാൻ ശ്രമിക്കുകയാണ് വേണ്ടത് അല്ലാതെ അതിൽ നിന്നൽപ്പം മായ്ച്ചു കളയാൻ ശ്രമിക്കുകയല്ല. വ്യക്ത്യാധിക്ഷേപം നടത്തുന്നത് കലയുടെ ധർമ്മമല്ല. സ്നേഹ ശ്രീകുമാർ ഒരു ഗംഭീര നടിയാണ്. മികച്ച സംവിധായകരുടെ കയ്യിലെത്തിയാൽ അതിഗംഭീരമായി ഇനിയും ഇതിലുമേറെ അരങ്ങിലോ അഭ്രപാളിയിലോ തിളങ്ങാൻ കഴിവുള്ള നടി'.

Content Highlights: Kala Savitri has issued a response to the abusive remarks made by Kalamandalam Sathyabhama against actress Sneha Sreekumar.

dot image
To advertise here,contact us
dot image