

സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷൻ പരിപാടികൾ തകൃതിയായി നടക്കുകയാണ്. കേരളത്തിലും സിനിമയുടെ അണിയറപ്രവർത്തകർ എത്തിയിട്ടുണ്ട്.
പ്രമോഷനിടെ ശിവകാർത്തികേയൻ മോഹൻലാലിന്റെ ഡയലോഗ് പറഞ്ഞു കയ്യടി വാങ്ങുകയാണ്. തുടരും സിനിമയിലെ മോഹൻലാലിന്റെ ഡയലോഗാണ് ശിവകാർത്തികേയൻ പറഞ്ഞത്. 'നിന്റെയൊക്കെ കൂട്ടത്തോട് പോയി പറഞ്ഞേക്ക് ഒറ്റയാൻ വീണ്ടും കാട് കയറിട്ടുണ്ടെന്ന്' എന്ന ഡയലോഗാണ് ശിവകാർത്തികേയൻ പറഞ്ഞത്. താൻ അടുത്തിടെ കണ്ട മലയാളം സിനിമ അതാണെന്നും തനിക്ക് വളരെ ഇഷ്ടമായെന്നും നടൻ പറഞ്ഞു. ആദ്യം സിനിമ കണ്ടപ്പോൾ ഡയലോഗിന്റെ അർത്ഥം മനസിൽ ആയില്ലെങ്കിലും കയ്യടിച്ചുവെന്നും പിന്നെയാണ് മനസിലാക്കിയെന്നും നടൻ കൂട്ടിച്ചേർത്തു.
നിന്റെയൊക്കെ കൂട്ടത്തോട് പറഞ്ഞേക്ക് ഒറ്റയാൻ വീണ്ടും കാട് കയറിയെന്നു 🔥#Sivakarthikeyan during #Parasakthi Promotions..
— Unni Rajendran (@unnirajendran_) January 7, 2026
Nobody asked or explained, here comes @Siva_Kartikeyan 😎🔥#Parasakthi promotions.. pic.twitter.com/PPQtDyWzgI
ജനുവരി 10 നാണ് പരാശക്തി പുറത്തിറങ്ങുന്നത്. സൂരറൈ പോട്രുവിന് ശേഷം സുധ കൊങ്കരയുടെ ഗംഭീര സിനിമയാകും പരാശക്തി എന്നാണ് മറ്റു കമന്റുകൾ. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 52 കോടി രൂപ കൊടുത്താണ് സീ 5 റൈറ്റ് നേടിയിരിക്കുന്നത്. സിനിമയുടെ ഓഡിയോ, സാറ്റ്ലൈറ്റ് അവകാശങ്ങൾ നേരത്തെ തന്നെ വിട്ടു പോയിരുന്നു. 50 കോടിയ്ക്കാണ് വിറ്റതെന്നായിരുന്നു റിപ്പോർട്ടുകൾ.
സുധ കൊങ്കര നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോള്‍ പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. വിജയ് ചിത്രം ജനനായകന് ഒപ്പമാണ് പരാശക്തി റിലീസ് ചെയ്യുന്നത്. ഇരു സിനിമകളുടെയും ക്ലാഷ് റിലീസിനെ സംബന്ധിച്ച് നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
Content Highlights: Sivakarthikeyan received loud applause after delivering an iconic dialogue of Mohanlal, creating a memorable moment for fans.