

ചെന്നൈ: ജസ്റ്റിസ് ജി ആർ സ്വാമിനാഥനെ വിമർശിക്കുന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നീതിന്യായ വ്യവസ്ഥയുടെ അന്തസിനെ താഴ്ത്തിക്കെട്ടുന്നതാണ് പുസ്തകമെന്ന് വിമർശിച്ച കോടതി പുസ്തകത്തിന്റെ പ്രകാശനം തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. തിരുപരംകുണ്ട്രം കാർത്തിക ദീപം ഉത്തരവിൽ വിവാദത്തിലായ ജഡ്ജിയാണ് ജി ആർ സ്വാമിനാഥൻ.
പുസ്തകത്തിന്റെ കോപ്പികൾ പിടിച്ചെടുക്കാനും പുസ്തകത്തിൻ്റെ പ്രസിദ്ധീകരണം നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ചെന്നൈ പുസ്തക മേളയിലടക്കം ഇത് പ്രദർശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും കോടതി പൊലീസിന് നിർദേശം നൽകി. ഓൺലൈൻ വഴിപോലും പുസ്തകം പൊതുസമൂഹത്തിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പ്രസാധകനെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികളും ആരംഭിച്ചു.
പുസ്തകവുമായി ബന്ധപ്പെട്ട ലഘുലേഖ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. തമിഴ്‌നാട്ടിലെ വിവാദമായ തിരുപരംകുണ്ട്രം കാർത്തിക ദീപം കേസിൽ ജസ്റ്റിസ് സ്വാമിനാഥൻ പുറപ്പെടുവിച്ച വിധിന്യായത്തെത്തുടർന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്ന ലഘുലേഖയാണ് അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചത്. കാക്കി ഹാഫ്-ട്രൗസർ ധരിച്ച്, കാവി പതാകയും ആചാര വിളക്കും പിടിച്ചുകൊണ്ടുള്ള ജഡ്ജിയുടെ കാരിക്കേച്ചറാണ് ലഘുലേഖയിലുള്ളത്. ഇതിൽ പുസ്തകത്തിന്റെ വിൽപന സംബന്ധിച്ച പരസ്യവും ഉണ്ടായിരുന്നു. ചെന്നൈ പുസ്തകമേളയിലടക്കം മുപ്പത് രൂപയ്ക്ക് പുസ്തകം ലഭിക്കുമെന്ന് വ്യക്തമാക്കുന്ന പരസ്യത്തിൽ പ്രസാധകന്റെ പേരും ഫോൺ നമ്പറും ഉണ്ടായിരുന്നു.
ലഘുലേഖ പരിശോധിച്ച കോടതി ഇത് വ്യക്തികളെയും സിറ്റിങ് ജഡ്ജിയെയും അപകീർത്തിപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കി.പുസ്തകത്തിന്റെ ഉള്ളടക്കം അങ്ങേയറ്റം അപകീർത്തികരമാണെന്നും കോടതി നിരീക്ഷിച്ചു. വിധിയിൽ ആർക്കെങ്കിലും പ്രശ്‌നം തോന്നിയാൽ അവർക്ക് അപ്പീൽ നൽകാം. ജഡ്ജിമാർക്കെതിരെ ഉപയോഗിക്കുന്ന ഭാഷ ഇതാണെങ്കിൽ ആളുകൾ ജുഡീഷ്യറിയെ എങ്ങനെ കാണുമെന്ന് കോടതി ചോദിച്ചു.
അതേസമയം ചെന്നൈ പുസ്തകമേളയുമായി ഈ പുസ്തകത്തിന് ബന്ധമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വാർഷിക പരിപാടിയാണ് പുസ്തകമേള. അതുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും സർക്കാർ കോടതിയെ ധരിപ്പിച്ചു. ജനുവരി 22 ന് കേസ് വീണ്ടും പരിഗണിക്കും.
തമിഴ്‌നാട്ടിലെ വിവാദമായ തിരുപരംകുണ്ട്രം മലയുടെ മുകളിൽ ദർഗയോട് ചേർന്ന വിളക്കുകാലിൽ ദീപം തെളിയിക്കാൻ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. മദ്രാസ് ഹൈക്കോടതി ജഡ്ജിയായ ജി ആർ സ്വാമിനാഥന്റെ ഉത്തരവ് ശരിവെച്ചായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഉത്തരവ്. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ 2017ലെ ഉത്തരവിന് വിരുദ്ധമായി സിക്കന്ദർ ദർഗയുടെ സമീപം ദീപം തെളിയിക്കാൻ ജസ്റ്റിസ് സ്വാമിനാഥൻ ഉത്തരവിട്ടെന്നത് വലിയ രാഷ്ട്രീയ വിവാദമാണ് സൃഷ്ടിച്ചത്. പിന്നാലെ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാൻ ഡിഎംകെ സഖ്യത്തിലെ എംപിമാർ നീക്കം നടത്തുകയും ചെയ്തിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ലോക്‌സഭാ സ്പീക്കർക്ക് പ്രതിപക്ഷം എംപിമാർ നോട്ടീസ് നൽകിയിരുന്നു.
ബ്രാഹ്‌മണരായ അഭിഭാഷകര്‍ക്കും വലതുപക്ഷ ആശയങ്ങളെ പിന്തുണയ്ക്കുന്ന അഭിഭാഷകര്‍ക്കും മാത്രമാണ് സ്വാമിനാഥന്‍ തന്റെ മുന്നില്‍ വരുന്ന കേസുകള്‍ പരിഗണിക്കുന്ന പട്ടികയില്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് ഉയര്‍ന്നുവന്ന പ്രധാന ആരോപണം. പൊതുപരിപാടികളില്‍ പങ്കെടുത്ത് നിരന്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണ് ജി ആര്‍ സ്വാമിനാഥനെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
Content Highlights: madras high court stays release of book allegedly targeting justice GR Swaminathan