

നോയിഡ: തന്റെ ഭര്‍ത്താവ് വിഗ്ഗ് വെച്ച് കഷണ്ടി മറച്ചിരിക്കുകയായിരുന്നുവെന്ന് യുവതി തിരിച്ചറിഞ്ഞത് വിവാഹ ശേഷം. സംഭവം മറച്ചുവെച്ച് ഭര്‍ത്താവ് സന്യാം ജെയിനും ബന്ധുക്കളും തന്നെ വഞ്ചിച്ചുവെന്ന് നോയിഡ സ്വദേശിയായ ലവിക ഗുപ്ത ആരോപിച്ചു. ഗൗര്‍ സിറ്റി അവന്യൂ -1 ലെ താമസക്കാരിയായ ലവിക ഗുപ്ത, ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി.
കല്യാണത്തിന് മുമ്പ് കഷണ്ടി, വിഗ്ഗ് കൊണ്ട് മറച്ചിരുന്നുവെന്നും എന്നാല്‍ വിവാഹശേഷം അയാള്‍ കഷണ്ടിയുള്ളയാളാണെന്ന് കണ്ടെത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സന്യാം ജെയിനിന് മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുണ്ടെന്നും പൊലീസിനോട് ഇത് പറയാൻ ശ്രമിച്ചപ്പോള്‍, തന്റെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്നും അവര്‍ പറയുന്നു. തായ്‌ലന്‍ഡ് യാത്ര കഴിഞ്ഞ് വരവെ കഞ്ചാവ് കൊണ്ടുവരാന്‍ നിര്‍ബന്ധിച്ചുവെന്നും ലവിക ഗുപ്ത ആരോപിച്ചു.
2024 ജനുവരി 16 നാണ് ഇരുവരും വിവാഹിതരായത്. ജെയിനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ വിവാഹത്തിന് മുമ്പ് മനഃപൂര്‍വ്വം മറച്ചുവെച്ചതായി ബിസ്രാഖ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍, ഭര്‍ത്താവും നാല് കുടുംബാംഗങ്ങളും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം പൊലീസ് കേസെടുത്തു. സ്ത്രീധന നിരോധന നിയമത്തിലെ 3,4 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
Content Highlights: Noida woman files complaint because she discovers husband is bald