

മലയാള സിനിമയെ സംബന്ധിച്ച് ഓണം റിലീസുകൾക്ക് പ്രാധാന്യം കൂടുതലാണ്. ഒട്ടുമിക്ക താരങ്ങളുടെയും ബിഗ് ബജറ്റ് സിനിമകൾ ഓണത്തിനാണ് തിയേറ്ററുകളിൽ എത്താറുള്ളത്. ഇപ്പോഴിതാ ഇത്തവണ ഓണത്തിന് തിയേറ്ററുകളിൽ പൊടി പാറും മത്സരമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓണത്തിന് ഇനിയും മാസങ്ങൾ ഉണ്ടെങ്കിലും ഓണം റിലീസുകൾ ചർച്ചയാകുകയാണ്. ബേസിൽ ജോസഫിന്റെയും പൃഥ്വിരാജിന്റെയും നിവിൻ പോളി ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരങ്ങളുടെ ചിത്രങ്ങളാണ് ക്ലാഷിന് എത്തുന്നത്.
ബേസിൽ ജോസഫ് ചിത്രം അതിരടി ഓണം റീലീസ് ആയാണ് പ്ലാൻ ചെയ്യുന്നത്. ബേസിലിനൊപ്പം ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാം കുട്ടി അഥവാ സാംബോയ് എന്നാണ് കഥാപാത്രത്തിന്റെ പേര്. മിന്നൽ മുരളി, പടയോട്ടം തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തുവിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമ്മിക്കുന്നത്. ബേസിലിന്റെ നിർമാണ കമ്പനിയായ 'ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്‌സിന്റെ' ആദ്യ സിനിമ കൂടിയാണിത്. സമീർ താഹിറും ടൊവിനോ തോമസുമാണ് സിനിമയുടെ സഹനിർമാതാക്കൾ.

പൃഥ്വിരാജിന്റെ ഖലീഫയും ഓണത്തിനാണ് റീലീസ് പ്ലാൻ ചെയ്തിരിക്കുന്നത്. ആമിർ അലി എന്ന ഒരു ഗോൾഡ് സ്മഗ്‌ളറിന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും സ്റ്റൈലിഷ് ലുക്കിലുമാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ എത്തുന്നത്. പോക്കിരിരാജ എന്ന സിനിമയ്ക്ക് ശേഷം വൈശാഖും രാജുവും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഖലീഫയ്ക്ക് ഉണ്ട്. സിനിമയിൽ മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്‍റെ രചയിതാവ്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കാപ്പ എന്നീ സിനിമകൾക്ക് ശേഷം ജിനുവും പൃഥ്വിരാജും വീണ്ടും കൈകോർക്കുന്ന സിനിമയാണിത്.



സർവ്വം മായയുടെ റിലീസിന് പിന്നാലെ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന അടുത്ത നിവിൻ പോളി ചിത്രമാണ് ബത്‌ലഹേം കുടുംബ യൂണിറ്റ്. പ്രേമലുവിന് ശേഷം ഗിരീഷ് എ ഡി ഒരുക്കുന്ന സിനിമയാണിത്. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന സിനിമയിൽ മമിത ബൈജു ആണ് നായിക. 2026 ഓണം റിലീസായി ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രേമലുവിന് തിരക്കഥയൊരുക്കിയ ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെയും രചന നിര്‍വഹിക്കുന്നത്. നാട്ടിൻപുറത്തെ ഒരു റൊമാന്റിക് കോമഡി ചിത്രമാകും ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന് നിവിൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമ വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. സിനിമ ഓണം റിലീസായി തിയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷ. നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. 2023 ൽ പുറത്തിറങ്ങിയ 'കിംഗ് ഓഫ് കൊത്ത'യാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം.
Content Highlights: A strong lineup of Malayalam films starring Basil Joseph, Prithviraj, Nivin Pauly and Dulquer Salmaan is set to hit theatres during the Onam festival season. The releases are expected to be major festive attractions for cinema audiences across Kerala.